ലണ്ടൻ: ഇന്ത്യയിൽ നിന്നും അമൂല്യ രത്നങ്ങൾ പതിച്ച വില പിടിപ്പുള്ള ആഭരണങ്ങളടക്കം നിരവധി വസ്തുക്കളാണ് ബ്രിട്ടീഷുകാർ വർഷങ്ങൾക്കു മുമ്പ് കടത്തിക്കൊണ്ടു പോയിട്ടുള്ളത്. ഇപ്പോഴിതാ, അവ ഓരോന്നായി ഇന്ത്യയിലേക്ക് തന്നെ തിരിച്ചേൽപ്പിക്കുകയാണ് ബ്രിട്ടൻ. ആ പട്ടികയിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് ഗ്ലാസ്ഗോയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 51 വസ്തുക്കളാണ്. ഇതിൽ മോഷ്ടിക്കപ്പെട്ട ഏഴ് പുരാവസ്തുക്കൾ ഉടനെ തന്നെ ഗ്ലാസ്‌ഗോയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും.

14-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു തരം വാൾ (ഇൻഡോ-പേർഷ്യൻ തുൾവാർ), കാൺപൂരിലെ പത്താം നൂറ്റാണ്ടിലെ ഒരു ക്ഷേത്രത്തിൽ നിന്ന് കൊത്തിയെടുത്ത മൂന്ന് കൽത്തൂണുകളുടെ ശകലങ്ങൾ, ഹിന്ദു ദേവതയായ ഉമ അല്ലെങ്കിൽ ദുർഗ്ഗയുടെ ഒരു മണൽക്കല്ല് കൊത്തുപണി, കാൺപൂരിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ നിന്ന് എടുത്ത 11-ാം നൂറ്റാണ്ടിലെ കൊത്തുപണികളുള്ള ഒരു കൽവാതിൽ എന്നിവയാണ് ആദ്യം തിരിച്ചയക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിലെ നൈസാമിന്റെ (ഭരണാധികാരിയുടെ) ശേഖരത്തിൽ നിന്ന് 1905-ൽ മോഷ്ടിക്കപ്പെട്ട തുൾവാൾ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി, ബ്രിട്ടീഷ് ജനറൽ ആയിരുന്ന സർ ആർക്കിബാൾഡ് ഹണ്ടറിന് വിൽക്കുകയായിരുന്നു.

നഗരത്തിലെ മ്യൂസിയം ശേഖരങ്ങൾ കൈകാര്യം ചെയ്യുന്ന ചാരിറ്റിയായ ഗ്ലാസ്‌ഗോ ലൈഫ്, 1,000 വർഷം പഴക്കമുള്ള വസ്തുക്കൾ തിരികെ നൽകുന്നതിനുള്ള ഉടമസ്ഥാവകാശ ചടങ്ങിനായി കെൽവിങ്‌റോവ് ആർട്ട് ഗാലറിയിലേക്കും മ്യൂസിയത്തിലേക്കും ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള വിശിഷ്ട വ്യക്തികളെ ഇന്നലെ സ്വാഗതം ചെയ്തിട്ടുണ്ട്. പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ നൽകാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ലണ്ടനിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സുജിത് ഘോഷ് പറഞ്ഞു.

'ഈ പുരാവസ്തുക്കൾ നമ്മുടെ നാഗരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്, അവ കിട്ടിയാൽ ഉടൻ തന്നെ നാട്ടിലേക്ക് അയയ്ക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 50ലധികം സാംസ്‌കാരിക പുരാവസ്തുക്കൾ അവയുടെ യഥാർത്ഥ ഉടമസ്ഥരുടെ പിൻഗാമികൾക്ക് തിരികെ നൽകാനുള്ള ഗ്ലാസ്‌ഗോ മ്യൂസിയങ്ങളുടെ വലിയ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന ഈ കൈമാറ്റം. മാത്രമല്ല, സ്‌കോട്ട്‌ലൻഡിലെ ഒരൊറ്റ ശേഖരത്തിൽ നിന്നുള്ള വസ്തുക്കളുടെ എക്കാലത്തെയും വലിയ കൈമാറ്റം കൂടിയാണിത്.

1897 ലെ ബെനിൻ പര്യവേഷണ വേളയിൽ പുണ്യസ്ഥലങ്ങളിൽ നിന്നും ആചാരപരമായ കെട്ടിടങ്ങളിൽ നിന്നും എടുത്ത 19 ബെനിൻ വെങ്കലങ്ങൾ നൈജീരിയയിലേക്ക് തിരിച്ചയക്കാനും ഗ്ലാസ്ഗോ പദ്ധതിയിടുന്നുണ്ട്. അതേസമയം, 25 തദ്ദേശീയ അമേരിക്കൻ സാംസ്‌കാരിക ഇനങ്ങളും സൗത്ത് ഡക്കോട്ടയിലെ ചെയെൻ നദി സിയോക്‌സ്, ഒഗ്ലാല ഗോത്രവർഗക്കാർക്ക് തിരികെ നൽകും. ഈ വസ്തുക്കളിൽ ചിലത് 1890 ഡിസംബറിലെ യുദ്ധത്തെത്തുടർന്ന് വൂണ്ടഡ് ക്നീ കൂട്ടക്കൊല സൈറ്റിൽ നിന്ന് എടുത്തതാണ്.