- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദ്ദാമിന്റെ സ്‌കഡ് മിസൈലിനെ തടഞ്ഞപോലെ സമുദ്രത്തിൽ സിഗ്നൽ മതിൽ ഉയർത്തി; ചൈനീസ് ചാരക്കപ്പലിന്റെ ഒരു സിഗ്നൽ പോലും ഇന്ത്യൻ തീരത്ത് എത്തിയില്ല; ഇപ്പോൾ ആ കപ്പലിലെ രഹസ്യങ്ങൾ ഇന്ത്യ ചോർത്തുമെന്ന അവസ്ഥ; ലോകം ശ്രദ്ധിച്ച സാങ്കേതിക യുദ്ധത്തിൽ ജയം ഭാരതത്തിന്; ചാരപ്പണിക്ക് വന്ന ചൈനക്ക് ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി!
ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾ രഹസ്യമായി വീക്ഷിച്ചിരുന്ന, സാങ്കേതിക യുദ്ധത്തിൽ ചൈനയെ മലർത്തിയടിച്ച് ഇന്ത്യ. ചാരപ്പണിക്കായി ശ്രീലങ്കൻ തീരത്ത് എത്തിയ ചൈനീസ് കപ്പൽ, ഇന്ത്യ ഉയർത്തിയ സിഗ്നൽ മതിലിൽ കുടങ്ങി ഇപ്പോൾ അവിടെ കിടന്ന് വെള്ളം കുടിക്കയാണ്. ഇസ്രയേൽ ടെക്ക്നോളജി വഴി ഇന്ത്യയുണ്ടാക്കിയ പ്രതിരോധ മതിലിൽ തട്ടി ചൈനീസ് ചാരക്കപ്പൽ നിഷ്പ്രഭമായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇപ്പോൾ ചൈനീസ് ചാരക്കപ്പലിന്റെ വിവരങ്ങൾ ഇന്ത്യ ചോർത്തുമെന്ന അവസ്ഥയാണെന്നാണ് റിപ്പോർട്ട്.
ചൈനയുടെ യുദ്ധ ചാരക്കപ്പലായ യുവാൻ വാംഗ് 5, ഇന്ത്യൻ മഹാസമുദ്രത്തിലെ ശ്രീലങ്കൻ തുറമുഖമായ ഹമ്പൻ തോട്ടയിൽ ഓഗസ്റ്റ് 16 നെത്തി നങ്കൂരമിട്ടത്ത് ഏറെ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചാണ് കപ്പലിന്റെ വരവ്. ശ്രീലങ്കയെ സഹായിച്ച് സഹായിച്ച് കടക്കണിയിലാക്കി അവരിൽനിന്ന് ചൈന പിടിച്ചെടുത്തതാണ് ഹമ്പൻ തോട്ട തുറമുഖം. അന്നുതന്നെ ചൈന ഇവിടം ഭാവിയിൽ ചാര പ്രവർത്തിക്ക് ഉപയോഗിക്കും എന്ന ആശങ്ക ഇന്ത്യക്ക് ഉണ്ടായിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് ചൈനയുടെ എല്ലാവിധ സാങ്കേതിക സജ്ജീകരണവുമുള്ള ആധുനിക ചാരക്കപ്പലായ യുവാൻ വാംഗ് ഇവിടെ നങ്കൂരമിട്ടത്. 750 കിലോ മീറ്ററിനുള്ളിലെ സിഗ്നലുകൾ ചോർത്താൻ കഴിവുള്ള യുവാൻ വാംഗ് 5 ഉപയോഗിച്ച് കൂടംകുളം ആണവ നിലയം, ശ്രീഹരിക്കോട്ട, തുമ്പ, ഐഎസ്ആർഒ, കൊച്ചി കപ്പൽ നിർമ്മാണശാല തുടങ്ങി അമ്പതോളം സുപ്രധാന രഹസ്യ മേഖലകളിലെ സിഗ്നലുകൾ ചോർത്തുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യം എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് യുവാൻ വാംഗ് 5
ലോകത്തിലെ എറ്റവും ശക്തമായ ചാര സംവിധാനങ്ങൾ ഉള്ള കപ്പലാണ് ചൈനയുടെ യുവാൻ വാംഗ്. അത് ഒരു പ്രദേശത്ത് വന്നുനിന്നാൽ അതിന്റെ 750 കിലോമീറ്റർ ചുറ്റളവിലുള്ള സകല വസ്തുക്കളുടെയും വിവരങ്ങൾ എടുക്കാനുള്ള സംവിധാനമുണ്ട്. ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്താൻ കഴിയുന്ന ഇതിനെ ഹൈടെക്ക് 'ഗവേഷണ' കപ്പൽ എന്നാണ് ഇതിന് ചൈന വിശേഷിപ്പിക്കുന്നത്. പക്ഷേ ഗവേഷണമല്ല ചാരപ്പണിയാണ് ഇത് നടത്തുന്നതെന്ന് ഏവർക്കും അറിയാം.
ചൈനയുടെ മൂന്നാംതലമുറ ഗവേഷണ കപ്പലാണ് യുവാൻ വാങ് 5. 2007 സെപ്റ്റംബർ 29നാണു നീറ്റിലിറക്കിയത്. സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം ബാലിസ്റ്റിക് മിസൈലുകൾ നിരീക്ഷിക്കുന്നതുൾപ്പെടെ, സാറ്റലൈറ്റ് ട്രാക്കിങ്ങിനു പോലും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഈ കപ്പലിലുള്ളത്. മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനേയും സഹായിക്കുന്നതിനുള്ള മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളുമുള്ള അത്യാധുനിക മിസൈൽ റേഞ്ച് ഇൻസ്ട്രുമെന്റേഷൻ കപ്പലാണിത്. ചൈനയെ കൂടാതെ ഫ്രാൻസ്, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകളും സമാന സംവിധാനങ്ങളുള്ള കപ്പലുകൾ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
ഒരു മാസം മുമ്പാണു കപ്പലിന്റെ വിവാദ യാത്ര തുടങ്ങിയത്. ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ തീരത്ത് മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ലങ്കൻ തീരത്തേക്കുള്ള യാത്ര തുടങ്ങിയതു മുതൽ ഇന്ത്യ, യു.എസ്, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലായിരുന്നു യുവാൻ വാംഗ്. മൂന്ന് ദിവസത്തിനകം മൂന്ന് തവണയാണു കപ്പലിന്റെ ദിശമാറ്റിയതെന്നു നോർവേ ആസ്ഥാനമാക്കിയുള്ള മാർടൈം ഒപ്റ്റിമ അറിയിച്ചിരുന്നു. അങ്ങനെ ഒടുവിൽ അത് ഇന്ധനം നിറക്കാൻ എന്നപേരിൽ ഹമ്പൻ തോട്ടയിൽ കയറുകയായിരുന്നു.
യുവാൻ വാംഗിനെ പ്രവേശിപ്പിക്കാൻ ശ്രീലങ്ക അനുവാദം നൽകരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കടക്കെണിയിൽ കുടുങ്ങി ആകെ പ്രതിസന്ധിയിലായിരുന്നു ലങ്കക്ക് ചൈനയോട് വാദിക്കാനുള്ള കരുത്ത് ഇല്ലായിരുന്നു. മാത്രമല്ല ഹമ്പൻ തോട്ട തുറമുഖം ഇപ്പോൾ ചൈന പാട്ടത്തിന് എടുത്തിരിക്കയുമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കക്ക് അതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്നിട്ടും കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക, കൊളംബോയിലെ ചൈനീസ് എംബസിയെ അറിയിച്ചിരുന്നു. പക്ഷേ ' തങ്ങളുടെ സമുദ്ര ശാസ്ത്ര പര്യവേക്ഷണ പ്രവർത്തനങ്ങൾ യുക്തിസഹജമായ വെളിച്ചത്തിൽ കാണുക, ചൈനയും ശ്രീലങ്കയും തമ്മിലെ സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോട് അഭ്യർത്ഥിക്കുന്നു' എന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ പറഞ്ഞാണ് ചൈന കപ്പലിന്റെ വരവിനെ ന്യായീകരിച്ചത്. ചില രാജ്യങ്ങൾ 'സുരക്ഷാ ആശങ്കകൾ ' എന്ന് പറഞ്ഞ് ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കാൻ ന്യായീകരിക്കാനാകില്ലെന്നും ചൈന വിമർശിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് - പടിഞ്ഞാറൻ ഭാഗങ്ങളിൽ ഗവേഷണാർത്ഥം ഉപഗ്രഹ നിയന്ത്രണവും ഗവേഷണ ട്രാക്കിംഗും നടത്താനാണ് കപ്പലിന് പദ്ധതിയെന്നാണ് ചൈന പറയുന്നത്. ഇതോടെ ഇന്ത്യയുടെ മിസൈൽ, ബഹിരാകാശ, ആണവ നിലയ കേന്ദ്രങ്ങളിലെ നിർണായക സിഗ്നലുകൾ ചാരക്കകപ്പൽ ചോർത്തുമോ എന്നാണ് ആശങ്ക ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 16ന് ഹബൻതോട്ടയിൽ എത്തിയ ചൈനീസ് ചാരക്കപ്പൽ 22വരെ അവിടെ ഉണ്ടാവും എന്നാണ് കരുതുന്നത്. ഇതോടെ തമിഴ്‌നാട്ടിലും അതീവജാഗ്രത പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപെടും. കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങിയ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയും ഉയർന്നിരുന്നു.
സിഗനൽ മതിലിലൂടെ ഇന്ത്യ തടയുന്നു
എന്നാൽ ഇന്ത്യയും ഒട്ടും വിട്ടുകൊടുത്തില്ല. ഏതുതരത്തിലുള്ള വെല്ലുവിളികൾ ഉയർന്നാലും ഫലപ്രദമായി നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞിരുന്നു. അത് അനുസരിച്ച് ഇന്ത്യ ഇസ്രയേൽ സാങ്കേതികവിദ്യപ്രകാരമുള്ള മിസൈൽ മതിൽ പണിതാണ് രാജ്യത്തെ കാത്തത്. ഇറാഖ് യുദ്ധകാലത്ത് സദ്ദാം അയച്ച സ്‌കഡ് മിസൈലിൽനിന്ന് കുവൈത്തിന് പ്രതിരോധ കവചം ഒരുക്കിയതുപോലുള്ള ഒരു 'ടെക്ക്നോജിക്കൽ വാർ' ആയാണ് സിഎൻഎൻ ഇതിനെ വിലയിരുത്തിയത്. ഈ മാസം 16ന് ഹമ്പൻതോട്ടയിൽ തമ്പടിച്ച ചൈനീസ് ചാരക്കപ്പലിന് പക്ഷേ ഈ പ്രതിരോധ മതിലിൽ തട്ടി ഒരു സിഗ്നലും കിട്ടിയിട്ടില്ല എന്നാണ് സൈനിക സ്പെഷ്യലിസ്റ്റുകളായ വിദഗ്ദ്ധർ പറയുന്നത്.
ചൈനീസ് കപ്പലിനെതിരെ സാറ്റലൈറ്റ് സിഗ്നൽ ഷീൽഡിനായി ഇന്ത്യ വലിയ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇന്ത്യ നാല് ഉപഗ്രഹങ്ങളും ഒരു യുദ്ധക്കപ്പലുമാണ് ഇതിനായി വിന്യസിച്ചത്. ജിസാറ്റ് 7 സാറ്റലൈറ്റുകളും, ആർഐ സാറ്റ്, എമിസാറ്റ് എന്ന സ്പൈ സാറ്റലൈറ്റും ഒപ്പം നാവികസേനയുടെ ആശയവിനിമയ യുദ്ധക്കപ്പലും ഇന്ത്യ വിന്യസിച്ചു. എമിസാറ്റ് ഉപഗ്രഹത്തിലെ കൗടില്യ ഇലക്ട്രോണിക് ഇന്റലിജൻസ് പാക്കേജ് ഉപയോഗിച്ചാണ് സിഗ്നൽ ഷീൽഡിങ് നടത്തിയത്. ഇത് ഇസ്രയേൽ ടെക്ക്നോളജിയാണ്.
ചൈനീസ് ചാരക്കപ്പലുകളിൽ നിന്നുള്ള നിരീക്ഷണ സിഗ്നലുകൾ തടയാനും വ്യതിചലിപ്പിക്കാനും ഈ ഷീൽഡിന് കഴിഞ്ഞു. ഇതോടെ വെറുതെ ഹമ്പൻതോട്ടയിൽ കിടക്കുന്നു എന്നല്ലാതെ, ഒരു ചാരപ്പണിയും നടത്താൻ ചൈനക്ക് ആയില്ല. ഇന്ത്യൻ തീരത്തേക്ക് ഒരു സിഗ്നൽ പോലും എത്തിയില്ല. ഈ സാങ്കേതിക യുദ്ധത്തിൽ ഇന്ത്യ ചൈനയെ അടിച്ചിട്ടു എന്ന് വ്യക്തം. 22ന് ചൈനീസ് കപ്പൽ ഹബൻ തോട്ട വിടുമെന്നാണ് അറിയുന്നത്. അതുവരെ ഇന്ത്യയുടെ പ്രതിരോധം തുടരും.
ഈ ദിവസങ്ങളിൽ സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കണമെന്നും രാജ്യത്തെ പ്രതിരോധ, ഗവേഷണ, സൈനിക കേന്ദ്രങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡിഫൻസ് ഇന്റലിജൻസ് നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ യുവാൻ വാംഗിൽ നിന്ന് ഒരു സിഗ്നലും പുറത്തേയ്ക്കോ, ഇന്ത്യയുടെ ഒരു സിഗ്നലും യുവാൻ വാംഗിനോ കിട്ടാത്ത വിധം സിഗ്നൽ തടസ മതിൽ ശക്തമായിരുന്നു. ഇപ്പോൾ യുവാൻ വാംഗും, ചൈനയും ആകെ പരിഭ്രാന്തിയിലാണ്. ഈ കപ്പലിന്റെ വിവരങ്ങൾ ഇന്ത്യൻ നേവി ചോർത്തി കൊണ്ട് പോകും എന്ന ആശങ്ക അവർക്കുണ്ടെന്ന് സൈനിക വിശകലന വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഇന്ത്യ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൈനീസ് കപ്പൽ മടങ്ങിയശേഷം ഇക്കാര്യം ഇന്ത്യ അപ്ഡേറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. സൈനിക സാങ്കേതിക വിദഗധനായ രാകേഷ് മേത്ത ട്വിറ്റിലുടെ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
ഇന്ത്യ- ഇസ്രയേൽ സൗഹൃദം ശക്തമാവും
കാർഗിലിലെ പാക്കിസ്ഥാന്റെ നൂഴഞ്ഞുകയറ്റം കണ്ടെത്തി ഇന്ത്യയെ അറിയിച്ച് നമ്മുടെ രാജ്യത്തെ വലിയൊരു വിപത്തിൽ രക്ഷിച്ചത് സാക്ഷാൽ ഇസ്രയേൽ ആയിരുന്നു. അവരുടെ സാറ്റലൈറ്റ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ ഇസ്രയേൽ തത്സമയം നമുക്ക് നൽകി കൊണ്ടിരുന്നതും കാർഗിൽ യുദ്ധത്തിൽ ഭാരതത്തിന് നിർണ്ണായകമായി. യാതൊരു പ്രതിഫലവും ഇല്ലാതെ, ഒരു സൗഹൃദ രാഷ്ട്രം എന്ന നിലയിലാണ് അവർ ഇന്ത്യയെ സഹായിച്ചത്. ഇപ്പോഴിതാ നിർണ്ണായകമായ ബഹിരാകാശ- സൈനിക - ആണവ രഹസ്യങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് ഇറങ്ങിയ ചൈനക്കും, ഇസ്രയേൽ ടെക്ക്നോളജിയിലൂടെ എട്ടിന്റെ പണി കൊടുത്തിരിക്കയാണ് ഇന്ത്യ
ഇസ്രയേലുമായി വളരെ ഊഷ്മളമായ ബന്ധമാണ് ഇന്ത്യക്ക് ഉള്ളത്. നേരന്ദ്രമോദി അധികാരത്തിൽ ഏറിയിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടതൽ ശക്തമാണ്. ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രത്തിന്റെ സാങ്കേതിക കരുത്ത് തന്നെയാണ് ഇപ്പോൾ ഇന്ത്യക്ക് തുണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊഷ്മളം ആവുമെന്നാണ് കുരുതുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ