- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒപ്പം യാത്ര ചെയ്ത യുവതി തെറിച്ച് മുകളിലേക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ കാർ ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരൂർ റോഡിലെ മഞ്ചാടിയിൽ ശനിയാഴ്ച വൈകുന്നേരം 4.30-നായിരുന്നു അപകടം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുൾഖാദർ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെവന്ന ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറിൽ ഇടിക്കുന്നത്. സ്‌കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ചുതകർന്നു. മതിലിൽനിന്ന് തകർന്നുവീണ ചെങ്കല്ലുകൾക്കിടയിൽനിന്ന് അബ്ദുൾ ഖാദറിനെ നാട്ടുകാർ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
അപകടമുണ്ടാക്കിയ കാർ സ്‌കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിനുശേഷമാണ് നിന്നത്. കാർ യാത്രക്കാരായ ദമ്പതിമാർക്ക് നിസ്സാരപരിക്കുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാർ എതിർഭാഗത്തുനിന്ന് തെറ്റായ ദിശയിൽ വന്ന് സ്‌കൂട്ടറിൽ ഇടിക്കുന്നതും സ്‌കൂട്ടർ യാത്രക്കാർ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സ്‌കൂട്ടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകൾഭാഗത്തേക്കാണ് ഉയർന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
അബ്ദുൾഖാദറിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അൽ ഐനിൽ ജോലിചെയ്തിരുന്ന അബ്ദുൾഖാദർ ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്. മക്കൾ: ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാൻ.
ഇന്നലെ, തലസ്ഥാനത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചു. സംഭവത്തിൽ തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പ്രതികൾ രണ്ട് പേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഡംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ