റോം: ഇറ്റലിയിൽ ഇന്നലെ പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ 159 പേർ മരിച്ചതായ സ്ഥിരീകരിച്ചു. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഇന്നലെ വൈകിട്ടു മ്യാന്മറിലും ശക്തമായ ഭൂകമ്പമുണ്ടായി. ഇതും ഏറെ ദുരന്തമുണ്ടാക്കിയിട്ടുണ്ട്. പുരാതന ഗ്രാമങ്ങൾ പലതും അപ്പാടെ നശിച്ചു.

മധ്യ ഇറ്റലിയിലെ വിനോദസഞ്ചാരമേഖലയായ മലയോര ഗ്രാമങ്ങളിൽ ഇന്നലെ പുലർച്ചെയായിരുന്നു 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.റോമിൽനിന്നു 140 കിലോമീറ്റർ അകലെയാണിത്. ഏറെപ്പേരും ഉറക്കത്തിലായിരുന്നു. വത്തിക്കാനിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളില്ല. വത്തിക്കാൻ ദുരന്തരക്ഷാസേനയെ സംഭവസ്ഥലത്തേക്കു ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യക്കാർ സുരക്ഷിതരാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

മധ്യമ്യാന്മറിലെ ചൗക്ക് പട്ടണമായിരുന്നു പ്രഭവകേന്ദ്രം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചു. ബാഗനിലെ 60 പൗരാണിക ബുദ്ധവിഹാരങ്ങൾ തകർന്നു. ഇറ്റലിയിലെ ഏറ്റവും മനോഹരമായ ചരിത്രപട്ടണങ്ങളിലൊന്നായി ബഹുമതി നേടിയ അമാട്രീസ് പൂർണമായും തകർന്നടിഞ്ഞു. ഇവിടെ 2500 പേർക്കു വീടുകൾ നഷ്ടമായിട്ടുണ്ട്. അക്യുമോലി, അർക്വാത ഡിൽ ത്രോന്തോ എന്നീ ഗ്രാമങ്ങളിലും വ്യാപകനാശമുണ്ടായി.

മ്യാന്മാറിലെ പൗരാണികനഗരമായ ബാഗനിൽ 10-14 നൂറ്റാണ്ടിൽ നിർമ്മിച്ചിട്ടുള്ള ആയിരക്കണക്കിനു ബുദ്ധവിഹാരങ്ങളുണ്ട്. ഇവിടെയുള്ള 60 പഗോഡകളാണു തകർന്നത്. ഭൂചലനത്തിന്റെ ആഘാതത്തിൽ മ്യാന്മർ തലസ്ഥാനമായ യാങ്കൂണിലെയും തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെയും ബഹുനിലക്കെട്ടിടങ്ങൾക്ക് കേടുപാടുപട്ടി. ചൗക്കിൽ കെട്ടിടങ്ങൾ കുലുങ്ങിയതോടെ ഭയന്നോടിയ 20 പേർക്കു പരുക്കേറ്റു. ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറൻ മേഖലകളിൽ ചലനം അനുഭവപ്പെട്ടു.

ഇറ്റലിയിലെ നോർസിയ ടൗണിലാണ് പുലർച്ചെ 3.36ന് ആദ്യത്തെ ഭൂചലനം ഉണ്ടായത്. ഒരു മണിക്കൂറിന് ശേഷം 5.4 തീവ്രതയിൽ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. റീറ്റി പ്രൊവിൻസിലെ ചില പട്ടണങ്ങളിൽ ഏറെ കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് അമാട്രീസ് മേയർ വെളിപ്പെടുത്തി. പട്ടണത്തിന്റെ പകുതിയോളം നശിച്ചു. പുലർച്ചെയാണ് ഭൂകമ്പം ഉണ്ടായതിനാൽ വീടുകൾ തകർന്ന് അതിനുള്ളിൽ കുടുങ്ങിയവർ ഏറെയായിരുന്നു. 20 സെക്കൻഡ് നീണ്ടു നിന്ന ഭൂചലനത്തിന്റെ അലയൊലികൾ റോമിലും അനുഭവപ്പെട്ടു. നോർസിയ പട്ടണത്തിന്റെ തെക്ക് കിഴക്കു പത്തു കിലോമീറ്റർ മാറിയാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. പ്രഭവസ്ഥാനത്തു നിന്ന് 150 കിലോമീറ്റർ ദൂരെയും ഇതിന്റെ പ്രകമ്പനങ്ങൾ പ്രകടമായിരുന്നു. മുമ്പ് 2009 ഏപ്രിൽ ആറിന് ലാ അക്വില സിറ്റിക്കടുത്ത് 6.3 തീവ്രതയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൽ മുന്നൂറിലേറെ പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഭൂചലനത്തിന് കാരണം ഭൗമപാളിയിലുണ്ടായ പിളർപ്പ്

യുറേഷ്യൻ ഭൗമപാളിയിലുണ്ടായ പിളർപ്പായിരുന്നു ഇറ്റാലിയൻ ഭൂകമ്പത്തിനു കാരണം . യൂറോപ്പിനെ വിറപ്പിച്ച ഭൂകമ്പം ഭൗമോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ക്രയേഷ്യ മുതൽ സ്വിറ്റ്‌സർലൻഡ് വരെ പ്രകമ്പനം അനുഭവപ്പെട്ടു. നാലു ദിവസം തുടർചലനമുണ്ടാകുമെന്നു യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു.

മൈസിനു സമീപമാണു യൂറേഷ്യൻ ഭൗമപാളിയും ആഫ്രിക്കൻ ഭൗമപാളിയും ചേരുന്നത്. ഇരുപാളികളുമായുള്ള 'അകൽച്ച അടുപ്പ'ങ്ങളാണു മേഖലയിൽ ഭൂകമ്പ സാധ്യത ഉണ്ടാക്കുന്നത്. 1997 നു ശേഷം നിരവധി ഭൂചലനങ്ങളാണു മേഖലയിലുണ്ടായത്. ഈ മേഖലയിൽ ദിവസങ്ങളോളം തുടർചലനങ്ങൾക്കു സാധ്യതയുണ്ടെന്നു മെൽബൺ സർവകലാശാലയിലെ ഡോ. മാർക് ക്വുയ്‌ഗ്ലേ പറഞ്ഞു. മലയിടിച്ചിലുകൾക്കും സാധ്യതയുണ്ട്. ആയിരക്കണക്കിനു ചെറുചലനങ്ങളും പ്രതീക്ഷിക്കാം. കഴിഞ്ഞ ഏഴ് നൂറ്റാണ്ടുകളിലുണ്ടായ ഭൂചലനങ്ങളുടെ കണക്ക് മേഖലയിൽ ആശങ്ക മാറ്റുന്നില്ലെന്നാണ് വിലയിരുത്തൽ.