വിവാഹ വസ്ത്രത്തെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ സങ്കൽപ്പങ്ങളുണ്ടാകും. എത്രത്തോളം മോടികൂട്ടാമെന്നാകും ചിലർ ആലോചിക്കുക. മറ്റുചിലർ അതിലെന്തൊക്കെ പരീക്ഷണങ്ങൾ ആകാമെന്നും. ചില പരീക്ഷണങ്ങൾ അമ്പേ പരാജയപ്പെടാറുണ്ട്. അത്തരം ചില വിവാഹ വസ്ത്രങ്ങളാണിവിടെ.

ഇന്റർനെറ്റിലെ ഫോട്ടോഷെയറിങ് വെബ്‌സൈറ്റായ ഇംഗൂറിൽ ലോകത്തെ വിചിത്രങ്ങളായ വിവാഹ വസ്ത്രങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതുമുതൽ, അത് കാണാനും ഷെയർ ചെയ്യാനുമെത്തുന്നവരുടെ തിരക്കാണ്. ഇതിനകം 8000 പേരെങ്കിലും ഈ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു.

നഗ്നത പ്രദർശിപ്പിച്ചും ശരീരം മുഴുവൻ മൂടിയും വൈറ്റ് ഗൗണിൽ നടത്തിയ പരീക്ഷണങ്ങൾ ഈ ചിത്രങ്ങളിലുണ്ട്. ബലൂണിലും കേക്കിലും വരെ പരീക്ഷണം നടത്തിയവരെയും ഇക്കൂട്ടത്തിൽ കാണാം. ഒരു കേക്ക് സ്റ്റാൻഡ് പോലെ തന്റെ വിവാഹ വസ്ത്രം രൂപ കൽപന നടത്തിയ വധുവും ഇക്കൂട്ടത്തിലുണ്ട്.

വിവാഹത്തിനെത്തുന്ന എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുകയെന്നതാണ് ഇത്തരം വിചിത്രങ്ങളായ വിവാഹ വസ്ത്രങ്ങളുടെ ഒക്കെ ലക്ഷ്യം. ശരീരം എത്രത്തോളം പ്രദർഷിപ്പിച്ചാലും കാര്യം നടക്കണമെന്നേ ഇവർക്കുള്ളൂ എന്ന് ചിത്രങ്ങൾ കണ്ടവർ അഭിപ്രായപ്പെടുന്നു. അതിനുവേണ്ടി ബിക്കിനി രൂപത്തിൽ വിവാഹ വസ്ത്രം ധരിച്ച വധുവിനെയും കാണാം.

ഇഷ്ടപ്പെട്ട ബാസ്‌കറ്റ്‌ബോൾ ടീമിന്റെ പേര് വിവാഹ വസ്ത്രത്തിൽ പതിപ്പിച്ച് ആരാധന കാട്ടുന്നവരുമുണ്ട്. മറ്റുചിലർ ദേശീയത തെളിയിക്കാൻ അമേരിക്കൻ പതാക പതിച്ച വിവാഹ വ്‌സ്ത്രവും രൂപകൽപന ചെയ്തിട്ടുണ്ട്.