മൊസൂൾ: ഇറാഖിലെ മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ് ഭീകരരിൽനിന്ന് തിരിച്ച് പിടിക്കാനുള്ള ഇറാഖി സൈന്യത്തിന്റെയും സഖ്യസേനയുടെയും ശ്രമം പുതിയ വഴിത്തിരിവിലേക്ക്. വ്യോമാക്രമണത്തിലൂടെ ശത്രുവിനെ തുരത്തി സഖ്യസേന ഒരുക്കുന്ന പാതയിലൂടെ കരമാർഗം മുന്നേറുന്ന ഇറാഖി സൈന്യം ഐസിസിന്റെ താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ഓരോന്നായി പിടിച്ചടക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തി അവരുടെ മറവിൽനിന്ന് അന്തിമ പോരാട്ടത്തിനൊരുങ്ങുകയാണ് ഐസിസ്.

അമേരിക്കയുടെ നേതൃത്വത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള സേനയാണ് ഇറാഖിന്റെയും കുർദിലെയും സൈന്യത്തിന് പിന്തുണയായി നിൽക്കുകന്നത്. വൻതോതിലുള്ള ബോംബാക്രമണവും കരയാക്രമണവും നടത്തി സഖ്യസേനയും ഇറാഖ് സൈന്യവും മുന്നേറ്റം നടത്തിക്കഴിഞ്ഞു. എന്നാൽ, മനുഷ്യമതിൽ തീർത്ത് അതിന് പിന്നിലിരുന്ന് പ്രത്യാക്രമണം നടത്തുന്ന ഐസിസിനെ നേരിടുന്നതിൽ സഖ്യസേന ഇപ്പോൾ വെല്ലുവിളി നേരിടുകയാണ്. നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളിടെയും നേർക്ക് ആക്രമണം അഴിച്ചുവിടാനുള്ള മടിയാണ് അതിന് പിന്നിൽ.

മൊസൂൾ നഗരത്തിലുടനീളം ഐസിസ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന ആശങ്കയുമുണ്ട്. ജനക്കൂട്ടം വൻതോതിൽ അഭയാർഥി കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ടെങ്കിലും ശേഷിക്കുന്നവരോട് നഗരത്തിന്റെ ഉൾ കേന്ദ്രങ്ങളിലേക്ക് പോകാൻ ഐസിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ പോരാട്ടത്തിൽ ഇവരെ മനുഷ്യകവചമാക്കി മാറ്റാനാണ് ഭീകരർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. 15 ലക്ഷത്തോളം പേരെങ്കിലും മൊസൂളിൽ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. അന്തിമ പോരാട്ടത്തിൽ ഇവരുടെ സ്ഥിതിയെന്താകുമെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിനുണ്ട്.

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐസിസ് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം ആക്രമണം സഖ്യസേനയും ഇറാഖും നടത്തുമെന്നാണ് സൂചന. എണ്ണ നിറച്ച കിടങ്ങുകൾ തീർത്ത് ഐസിസ് സംരക്ഷണകവചം തീർത്തിട്ടുണ്ടെങ്കിലും വ്യോമാക്രമണത്തിലൂടെ അതിനെ മറികടക്കാനാവുമെന്നാണ് സഖ്യസേന പ്രതീക്ഷിക്കുന്നത്. ടൈഗ്രിസ് നദിയുടെ ഇരുകരകളെ സംയോജിപ്പിക്കുന്ന പാലം തകർത്തതായും റിപ്പോർട്ടുണ്ട്.

വ്യോമാക്രണം തടയുന്നതിന് നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകളിൽ സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചിരിക്കുന്നതായും റിപ്പോർട്ടുണ്ട്. നിരപരാധികളായ ജനങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണിത്. ഐസിസ് ഭീകരരന്മാരോട് കീഴടങ്ങാൻ ഇറാഖി സേന ആവശ്യപ്പെട്ടിരുന്നു. ഇന്ന് ശക്തമായ ആക്രമണം സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് കീഴടങ്ങാൻ ആവശ്യപ്പെട്ടത്.

അതിനിടെ, മൊസൂളിലെ ഐസിസിന്റെ തലവന്മാരെല്ലാവരും ഭാര്യമാരുമായി രക്ഷപ്പെട്ടുവെന്ന സൂചനയുമുണ്ട്. അമേരിക്കൻ-സഖ്യസേനയുടെ നീക്കങ്ങൾ നിയന്ത്രിക്കുന്ന മേജർ ജനറൽ ഗാരി വോൾസ്‌കിയാണ് ഐസിസ് തലവന്മാരെല്ലാവരും മുങ്ങിയെന്ന വിവരം പുറത്തുവിട്ടത്. ഐസിസ് തലവൻ അബൂ ബക്കർ അൽ ബാഗ്ദാദിയുടെ നിർദേശപ്രകാരമാണ് നേതാക്കൾ ഇവിടെനിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.