ലണ്ടൻ: മുഖലക്ഷണം നോക്കി ഭാവി പറയുന്ന ജ്യോതിഷികളുണ്ട്. എന്നാൽ മുഖത്തെ ഭാവവ്യത്യാസങ്ങൾ കണ്ട് ഒരാൾ നല്ലവനോ ചീത്തയോ എന്ന് പറയാൻ കഴിയുമോ? കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ചൈനയിലുണ്ടാക്കിയ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് 89.5 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ സാധിക്കുന്നു. 1900-ത്തോളം പേരുടെ മുഖഭാവങ്ങൾ അപഗ്രഥിച്ചാണ് ഈ സോഫ്റ്റ്‌വെയറിന്റെ കൃത്യത ഉറപ്പാക്കിയത്.

ക്രിമിനലുകളുടെ മേൽച്ചുണ്ട് 23 ശതമാനത്തോളം കൂടുതൽ വളഞ്ഞതായിരിക്കുമെന്നും അവരുടെ കണ്ണുകൾ കൂടുതൽ അടുത്തായിരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇറ്റാലിയൻ ക്രിമിനോളജിസ്റ്റ് സെസാർ ലോബ്രോസോയെപ്പോലുള്ളവർ ഇതിനെ എതിർക്കുന്നുണ്ട്. ക്രിമിനലുകളുടെ മുഖഭാവത്തിൽ പ്രകടമായ മാറ്റമുണ്ടാകുമെന്നതിന് യഥാർഥത്തിൽ കൂടുതൽ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും ഷാങ്ഗായിയിലെ ജിയാതോ തോങ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ അവരുണ്ടാക്കിയ സോഫ്റ്റ്‌വെയർ വിശ്വസ്തമാണെന്ന് വിശ്വാസത്തിലാണ്.

മുഖഭാവം നോക്കി കുറ്റവാളിയോ അല്ലയോ എന്ന് വിലയിരുത്തുന്നത് വളരെയേറെ കുഴപ്പം പിടിച്ച സംഗതിയാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ ഡോ. ലിയാൻഡ്രോ മിങ്കുവും പറയുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സോഫ്റ്റ്‌വെയറിലൂടെ വിലയിരുത്തുന്നതെന്നതിനാൽ കുഴപ്പമുണ്ടായെന്ന് വരില്ല. പക്ഷേ, എന്തുകൊണ്ടാണ് ക്രിമിനലുകളുടെ മുഖഭാവം വേറിട്ടുനിൽക്കുന്നതെന്ന് വിശദീകരിക്കാനാവാത്തത് ന്യൂനതയാണെന്നും അദ്ദേഹം പറയുന്നു.

പൊലീസ് എടുത്ത മുഖചിത്രങ്ങളല്ല ചൈനീസ് ഗവേഷകർ പരിശോധനയ്ക്കായി എടുത്തത്. 1856 പേരുടെ സാധാരണ ചിത്രങ്ങളാണ്. 18 മുതൽ 55വരെ പ്രായമുള്ളവരെയാണ് ഈ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. മുഖത്ത് രോമങ്ങളോ മറ്റ് പാടുകളോ ഇല്ലാത്തവരെ നോക്കി തിരഞ്ഞെടുക്കുകായയിരുന്നു. ഇങ്ങനെ അപഗ്രഥിച്ചവരിൽ പകുതിയോളം പേർ കുറ്റവാളികളോ മുമ്പ് കുറ്റം ചെയ്തിരുന്നവരോ ആണെന്ന് കണ്ടെത്തി. 89.5 ശതമാനം കൃത്യത ഇക്കാര്യത്തിലുണ്ടെന്നും ഗവേഷകർ അവകാശപ്പെടുന്നു.