വാഷിങ്ടൺ: ഇറാഖ് ഭരിക്കാൻ സദ്ദാം ഹുസൈനെ അനുവദിക്കണമായിരുന്നുവെന്ന് മുൻ സി ഐ എ ഉദ്യോഗസ്ഥൻ ജോൺ നിക്സണിന്റെ കുമ്പസാരം. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകത്തിലാണ് അമേരിക്കയിലെ ഇറാഖ് അധിനിവേശവും സദ്ദാംഹുസൈനെ തൂക്കിലേറ്റിയ നടപടിയും അമേരിക്കയുടെ തെറ്റായ തീരുമാനമായിരുന്നെന്ന് നിക്സൺ പറയാതെ പറയുന്നത്. 2003ലെ ഇറാഖിലെ അമേരിക്കൻ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരിൽ ഒരാളാണ് ജോൺ നിക്സൺ. ഒളിത്താവളത്തിൽ നിന്ന് സദ്ദാം ഹുസൈനെ കണ്ടെത്തിയ സഖ്യ സേനയിൽ നിക്സണും ഉണ്ടായിരുന്നു.

ഇറാഖ് ഭരിക്കാൻ സദ്ദാം ഹുസൈനെ പോലെ ശക്തനായ ഭരണാധികാരി വേണമായിരുന്നെന്ന് ജോൺ നിക്‌സൺ പറയുന്നു. നിലവിലെ യു.എസ് ബറാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും 2003ലെ ഇറാഖ് ആക്രമണത്തെ അംഗീകരിക്കുന്നില്ല. 2003ലെ ഇറാഖ് യുദ്ധവും അതിന്റെ അനന്തര ഫലങ്ങളും ഇന്നത്തെ മധ്യേഷ്യയിലെ പ്രശ്‌നങ്ങളെ മുൻകൂട്ടി സൂചിപ്പിക്കുകയായിരുന്നു. യുദ്ധത്തെ തുടർന്നാണ് വർഗീയവാദികൾ വെളിച്ചത്തു വന്നത്. അതാണ് ഇന്ന് ഇറാഖിനേയും സിറിയയേയും വേട്ടയാടുന്നതെന്നും നിക്‌സൺ പറയുന്നു. സഖ്യസേന പിടികൂടിയ സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ജോൺ നിക്‌സൺ വിശദീകരിക്കുന്നു.

സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെയും ഭരിക്കാൻ സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി ആവശ്യമായിരുന്നെന്ന് ഇറാഖിന്റെ ഇന്നത്തെ അവസ്ഥയിൽ തോന്നുന്നതായി നിക്‌സൺ പറയുന്നു. ഏകാധിപതിയും ക്രൂരനമായിരുന്നു സദ്ദാം. പക്ഷേ, അദ്ദേഹം തുടർന്നിരുന്നെങ്കിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നു. സദ്ദാം തീർച്ചയായും വെറുക്കപ്പെട്ടവനായിരുന്നു. എന്നാൽ എങ്ങനെയാണ് ഇത്രയും കാലം ഇറാഖിനെ ഭരിച്ചതെന്ന് ചിന്തിക്കുമ്പോൾ സദ്ദാമിനോട് ബഹുമാനം തോന്നുന്നുവെന്നും നിക്‌സൺ പറയുന്നു. രാജ്യ സ്‌നേഹിയായ പുരുഷനെന്ന വിശേഷണമാണ് അദ്ദേഹം സദാമിന് നൽകുന്നത്.

ഇതോടെ പ്രതിരോധത്തിലാകുന്നത് സദാമിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും മുന്നണി പോരാളിയുമായി നിന്ന അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് ബുഷ് തന്നെയാണ്. ബുഷിനെതിരെ കൂടിയാണ് നികസ്ണിന്റെ വെളിപ്പെടുത്തലുകൾ. രാജ്യദ്രോഹ കുറ്റത്തിന് സദാമിനെ തൂക്കിലേറ്റി കൊന്നത് ബുഷിന്റെ കടുത്ത നിലപാട് മൂലമായിരുന്നു. നിക്‌സണിന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുത്താൽ അമേരിക്കയുടെ തെറ്റായിരുന്നു സദാമിന്റെ മരണത്തിലേക്ക് എത്തിച്ചത്. നിക്‌സൺ പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെ-

സദ്ദാം ഹുസൈനെ ചോദ്യം ചെയ്തപ്പോൾ അമേരിക്ക കരുതും പോലെ എളുപ്പമായിരിക്കില്ല ഇറാഖ് ഭരണമെന്ന് സദ്ദാം ഓർമിപ്പിച്ചിരുന്നു. 'നിങ്ങൾ പരാജയപ്പെടാൻ പോവുകയാണ്. ഇറാഖ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങൾ മനസിലാക്കാൻ പോകുന്നു.' എന്തു കൊണ്ടെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു 'നിങ്ങൾക്ക് ഭാഷയറിയില്ല, ചരിത്രമറിയില്ല, അറബ് മനസ് മനസിലാക്കാനും നിങ്ങൾക്ക് സാധിക്കില്ല.' ജനങ്ങളെ യോജിച്ചുപോകാൻ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നതായും നിക്‌സൺ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

'ഇറാഖ് എന്ന ബഹുവർഗ്ഗ സമൂഹത്തെ നിയന്ത്രിക്കാൻ സദ്ദാമിനെപ്പോലെ ശക്തനായ , അനുകമ്പയില്ലാത്ത ഒരു ഭരണാധികാരിയെയായിരുന്നു ആവശ്യം. സുന്നി തീവ്രവാദികളെയും ഷിയ തീവ്രവാദികളെയും ഒരു പോലെ ഒതുക്കാൻ കെൽപുള്ള സദ്ദാമിന്റെ ഭരണമായിരുന്നു ഇറാഖിന് വേണ്ടിയിരുന്നതെന്ന്' നിക്സൺ തന്റെ നിലപാട് വ്യക്തമാക്കുന്നു പുസ്തകത്തിൽ. 'എന്റെ ഭരണത്തിന് മുമ്പ് കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖിൽ നിന്ന് ഉയർന്നു കേട്ടത്. എല്ലാം ഞാൻ അവസാനിപ്പിച്ചു. ജനങ്ങളെ അനുസരിപ്പിക്കാനും പഠിപ്പിച്ചു' -ചോദ്യം ചെയ്യലിനിടെ നിക്സണോട് സദ്ദാം പറഞ്ഞ വാക്കുകളാണിവ. ഒരർത്ഥത്തിൽ സദ്ദാമായിരുന്നു ശരി എന്നാണ് മുൻ സി ഐ എ ഉദ്യോഗസ്ഥൻ പറയാതെ പറയുന്നത്.