മനില: 23 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ സുസ്മിതാ സെൻ വിശ്വസുന്ദരിയായത് ഫിലിപ്പൈൻസിലാണ്. ഇത്തവണത്തെ മിസ് യൂണിവേഴ്‌സിന് വേദിയാകുന്നതും ഫിലിപൈൻസ് തന്നെ. റോഷ്മിത ഹരിമൂർത്തിയാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഏതായാലും ജനുവരി 30ന് നടക്കുന്ന ഫൈനൽ റൗണ്ടിന് മുന്നോടിയായുള്ള മത്സരം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സുന്ദരിമാർ അണിഞ്ഞൊരുങ്ങിയത് പാരമ്പര്യ വേഷത്തിലാണ്. വിവധ നിറച്ചാർത്തുകളിൽ സുന്ദരിമാർ റാംപിലെത്തി. എല്ലാം ഒന്നിനൊന്ന് മെച്ചം.

2017ലെ മിസ് യൂണിവേഴ്‌സ് മത്സരത്തിന് 86 പേരാണ് മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ തന്നെ വീറും വാശിയും വ്യക്തം. ഏഷ്യൻ സുന്ദരികൾ ദേഹം മറയ്ക്കുന്ന വസ്ത്രങ്ങളുമായി പരമ്പരാഗത റൗണ്ടിൽ മാറ്റുരച്ചപ്പോൾ സ്വിംവെയറിലെത്തിയവരുമുണ്ട്. തീർത്തും വ്യത്യസ്തമായ രീതിയിൽ റാംപിലൂടെ നടന്നവരുമുണ്ട്.

ഇന്ത്യയുടെ ആദ്യ വിശ്വസുന്ദരി സുസ്മിത സെൻ വീണ്ടും വിശ്വസുന്ദരി മത്സരവേദിയിലേക്ക് എത്തുകയാണെന്ന പ്രത്യേകതയും ഈ വർഷമുണ്ട് ഫിലിപ്പൈൻസിലെ മനിലയിൽ നടക്കുന്ന മൽസരത്തിൽ റാംപിൽ ചുവടുവയ്ക്കാനല്ല സുസ്മിത എത്തുന്നത് മറിച്ച് ഇക്കുറി വിധികർത്താവിന്റെ വേഷത്തിലാണ് താരം. 23 വർഷങ്ങൾക്കു മുമ്പ് മനിലയിൽ നടന്ന മൽസരത്തിലാണ് സുസ്മിത കിരീടം ചൂടിയത്.