ലണ്ടൻ: ഓരോ ഗെയിമുകളും വരുമ്പോൾ പുതിയ തലമുറ അതിന് അടിമപ്പെടുന്നത് അതിവേഗത്തിലാണ്. ഏറ്റവുമൊടുവിൽ കുട്ടികൾമുതൽ യുവാക്കൾവരെ അടിമപ്പെട്ടിരിക്കുന്നത് ബ്ലൂ വെയ്ൽ ഗെയിമിനാണ്. എന്നാൽ, അപകടകാരിയാണ് ഈ ഗെയിം എന്ന് ബ്രിട്ടീഷ് പൊലീസുകാർ മുന്നറിയിപ്പ് നൽകുന്നു. ആത്മഹത്യാ ഗെയിം എന്ന് കുപ്രസിദ്ധമായ ഈ ഗെയിമിന് അടിപ്പെട്ട് നൂറുകണക്കിന് കൗമാരക്കാരാണ് റഷ്യയിൽ ജീവനൊടുക്കിയത്.

സ്വയം മുറിവേൽപ്പിക്കുന്നതുപോലുള്ള അപകടകരങ്ങളായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നു എന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. ഗെയിമിന്റെ ഭാഗമായുള്ള വെല്ലുവിളിയെന്ന നിലയിൽ അവസാന ദിവസം ആത്മഹത്യ ചെയ്യാനും ഗെയിം പ്രേരിപ്പിക്കുന്നു. റഷ്യയിൽ കൗമാരക്കാരുടെ ആത്മഹത്യയിൽ അടുത്തിടെ വലിയ തോതിലുള്ള വർധനയുണ്ടായതോടെ, പൊലീസ് ഈ ഗെയിമിന്റെ സ്വാധീനം അന്വേഷി്ചു തുടങ്ങിയിട്ടുണ്ട്.

ഇതിന്റെ ചുവടുപിടിച്ചാണ് ബ്രിട്ടനിലും പൊലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ഗെയിമിന്റെ സ്രഷ്ടാക്കൾക്ക് ഭ്രാന്താണെന്ന് ഡെവൺ ആൻഡ് കോൺവാൾ പൊലീസിലെ ക്രിസ്റ്റി ഡോവൺ ട്വീറ്റ് ചെയ്തു. ഈ ഗെയിമിനെക്കുറിച്ച് അറിഞ്ഞിരിക്കുക. കുട്ടികൾ ഇത് കളിക്കുന്നുണ്ടെങ്കിൽ അവരെ പറഞ്ഞ് പിന്തിരിപ്പിക്കണമെന്നും ഡോവൺ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞമാസം റഷ്യയിൽ രണ്ട് കൗമാരക്കാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ ഗെയിമിന്റെ അപകടത്തിലേക്ക് അധികൃതരെ എത്തിച്ചത്. 15-കാരിയായ യൂലിയ കോൺസ്റ്റാന്റിനോവ, 16-കാരിയായ വെറോണിക്ക വോൾക്കോവ എന്നിവവരാണ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയത്. സൈബീരിയയിലെ ക്രാസ്‌നോയാസ്‌കിൽ ഫ്‌ളാറ്റിൽനിന്ന് വീണ് മറ്റൊരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

മംഗോളിയയിൽ 14-കാരി തീവണ്ടിക്ക് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തതും ഈ ഗെയിമുമായി ബന്ധപ്പെട്ടാണ് പൊലീസ് സംശയിക്കുന്നുണ്ട്. ജീവനൊടുക്കിയ യൂലിയ അവസാനമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വലിയൊരു നീലത്തിമിംഗലത്തിന്റെ ചിത്രവുമുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി അന്വേഷണമാരംഭിച്ചു.