ജിദ്ദ: വേദിയിൽ നിറയെ പുരുഷന്മാരായ നേതാക്കളും ഇവരെല്ലാം ചേർന്ന് തുടക്കം കുറിക്കുന്നത് വനിതകൾക്കായുള്ള കൗൺസിലും. ഈ രസകരമായ ചിത്രം പുറത്തുവന്നത് സൗദി അറേബ്യയിൽ നിന്നുമാണ്. ചിത്രം വൈറലായതിനു പിന്നാലെ പരിപാടിയെ കളിയാക്കി ലോക മാധ്യമങ്ങളും രംഗത്തെത്തി.

വനിതാകളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതിനെതിരെയാണ് കഴിഞ്ഞ ദിവസം ഖാസിം ഗേൾസ് കൗൺസിൽ രൂപീകരണം നടന്നത്. എന്നാൽ വനിതകൾക്കായുള്ള പരിപാടിയിൽ ഒരു വനിതയെ പോലും കാണാൻ ഇല്ലാതിരുന്നതാണ് ലോക മാധ്യമങ്ങളുടെ പരിഹാസത്തിന് കാരണമായത്.

സൗദി രാജകുമാരനായ ഫൈസർ ബിൻ മിഷാൽ ബിൻ സൗദ് ആണ് പരിപാടി നയിച്ചത്. ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ സഹോദരിമാരായി കാണുവാനും അവർക്കായി നിരവധി അവസരങ്ങൾ ഒരുക്കി നൽകുവാനുള്ള കടമ പുരുഷന്മാർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോട്ടോയും അടിക്കുറിപ്പുകളുമെല്ലാമായി നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയകളിലൂടെ പുറത്തു വരുന്നത്. ഗേൾസ് കൗൺസിലിന്റെ ആദ്യ മീറ്റിംഗിൽ തന്നെ ഒരു പെൺകുട്ടിയെ പോലും കാണാൻ കഴിയാത്തതിനെ പരിഹസിച്ചാണ് എല്ലാ പ്രതികരണങ്ങളും. ഖാസിം ഗേൾസ് കൗൺസിൽ സൗദി അറേബ്യയുടെ ആദ്യ മീറ്റിങ്... സൗദി അറേബ്യയിലെ താടി വച്ച ഗേൾസ്.. തുടങ്ങിയ രീതികളിലാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പുകൾ വരുന്നത്.

എന്നാൽ വേദിയിൽ സൗദി രാജകുമാരന്റെ ഭാര്യ അബിർ ബിന്റ് സൽമാൻ ഉണ്ടായിരുന്നുവെന്ന് കൗൺസിൽ വ്യക്തമാക്കിയെങ്കിലും പരിപാടിയുടെ ഒരു ഫോട്ടോയിലും അവരെ കാണാൻ കഴിഞ്ഞിട്ടില്ല. ആൺ പെൺ സമ്പർക്കമില്ലാതെ ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ സൗദി അറേബ്യയിലെ നിയമം ഏർപ്പെടുത്തുമ്പോൾ സ്ത്രീ ഓഫീസുകളിൽ പോവേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം സൗദിയിലെ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയത്.

ടെലി വർക്കുകളും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും സൗദിയിൽ ഏർപ്പെടുത്തുമെന്നും 2020ഓടെ 141,000 തൊഴിൽ അവസരങ്ങളും സ്ത്രീകൾക്കും ഏർപ്പെടുത്തുമെന്നുമാണ് മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.