ലണ്ടൻ: ഗ്ലാസിൽ ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയർഹോസ്റ്റസ് അപ്രതീക്ഷിതമായി ക്യാമറയിൽ പെട്ടു. എമിറേറ്റ്സ് വിമാനത്തിലെ കള്ളക്കളിയാണ് വൈറാലുകുന്നത്. ഡെയിലി മെയിലാണ് ഈ വാർത്ത പുറത്തുവിട്ടത്. എമിറേറ്റ്‌സ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നടന്നതെന്ന പേരിലുള്ള യാത്രികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ദുബായിലെക്ക് പറക്കുകയായിരുന്ന റഷ്യൻ യാത്രികനാണ് വീഡിയോ പകർത്തിയത്. ഇൻസ്റ്റാഗ്രാമിൽ, എമിറേറ്റ്സിന്റെ പേജ് ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത് അദ്ദേഹം ഇങ്ങനെ കുറിച്ചു- യാദൃശ്ചികമായി പകർത്തിയ വീഡിയോയാണിത്. പകർത്തുന്ന വേളയിൽ ഇങ്ങനൊരു സംഭവം ശ്രദ്ധയിൽ പെട്ടിരുന്നുമില്ല. വിമാനത്തിൽ പൊതുവേ സ്വീകരിച്ചുവരുന്ന നടപടിയാണോ ഇതെന്നും യാത്രികൻ ചോദിക്കുന്നു. ഇതോടെ വിമാനത്തിൽ വിളമ്പുന്നത് മറ്റുള്ളവർ ഉപയോഗിച്ച മദ്യമാണെന്ന പ്രചരണവും ശക്തമായി.

അറപ്പുളവാക്കുന്ന പ്രവൃത്തിയെന്നാണ് ഭൂരിഭാഗവും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം ഇതിൽ ആക്ഷേപം ഉന്നയിക്കേണ്ട ആവശ്യമില്ലെന്ന പ്രതികരണവുമായും ഒരുപറ്റം രംഗത്തുവന്നു. ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകാനാണ് എമിറേറ്റ്സ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം അന്വേഷിച്ചുവരികയാണെന്നും എമിറേറ്റ്സ് അധികൃതർ സംഭവത്തോട് പ്രതികരിച്ചു.