ബെൽഗാവി: സമ്പത്ത് വർദ്ധിപ്പിക്കാനായി ഒരു വയസ്സുകാരിയെ ബലികൊടുക്കാൻ ശ്രമം. കൊലനടത്താൻ ശ്രമിച്ചപ്പോൾ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് നാട്ടുകാർ എത്തി രക്ഷിച്ചു. ബൽഗാവിലെ ജാവേദ് മുള്ള ഇയാളുടെ സഹോദരൻ ഫറൂഖ് മുള്ള, ഇവരുടെ അമ്മ മസാബി മുള്ള എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ബലി കൊടുക്കാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാരുടെ തക്ക സമയത്തുള്ള ഇടപെടലിനെ തുടർന്ന് കുട്ടിയെ രക്ഷിക്കുക ആയിരുന്നു.

നാല് കുട്ടികളെ നരബലി കൊടുക്കാനായിരുന്നു ശ്രമം. എന്നാൽ ആദ്യ ശ്രമം തന്നെ പരാജയപ്പെടുകയായിരുന്നു. വാടക വീട് എടുത്താണ് ഇവർ നരബലി നടത്താൻ ശ്രമിച്ചത്. വീട്ടുടമസ്ഥന്റെ ഇളയ മകളെ തന്നെയാണ് സംഘം ബലി കൊടുക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടുടമസ്ഥൻ ജോലിക്ക് പോയ സമയത്ത് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ബലി കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

സംഘം കുട്ടിയെ ബലി കൊടുക്കുന്നതിനായി ആറടി നീളവും നാലടി വീതിയുമുള്ള കുഴി കുഴിച്ച് കാത്തിരിക്കുകയായിരുന്നു. കൊല്ലാൻ തുടങ്ങിയപ്പോൾ കുട്ടി കരഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് കുട്ടിയെ രക്ഷിച്ചത്.

അയൽവാസികൾ ഓടി എത്തിയതോടെ കുട്ടിയെ ഉപേക്ഷിച്ച് മൂവർ സംഘം ഓടി രക്ഷപെടുകയായിരുന്നു. മുവർ സംഘം കഴിഞ്ഞ മൂന്ന് ദിവസമായി എന്നും കുട്ടിയെ കൂട്ടിക്കൊണ്ടു പോയിരുന്നതായി കുട്ടിയുടെ പിതാവായ വീട്ടുടമസ്ഥൻ പറഞ്ഞു. ഇതിൽ അസ്വാഭാവികത തോന്നിയിരുന്നതായും ഇയാൾ പറഞ്ഞു.