അഹമ്മദാബാദ്: ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ജീവിതം പശുക്കൾക്കൊപ്പമാക്കിയ ഇന്ത്യക്കാരന്റെ കഥ ഏറ്റെടുത്ത് ലോക മാധ്യമങ്ങളും. അഹമ്മദാബാദ് സ്വദേശിയായ വിജയ്‌
 പർസാന എന്ന 44 കാരനാണ് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പശുക്കളെ കുളിപ്പിച്ചും തീറ്റിച്ചും അവയ്‌ക്കൊപ്പം ഉറങ്ങിയും ജീവിതം കഴിച്ച് കൂട്ടുന്നത്.

പലപ്പോഴും ഇയാളുടെ ഭക്ഷണം ഗോമൂത്രവും ചാണകവുമാണെന്നും ഇത് തന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചെന്നും ഇയാൾ അവകാശപ്പെടുന്നു. നഗരത്തിൽ സ്വന്തമായി 22 ജിമ്മുകൾ ഉള്ള ഇയാൾ ജോലിക്ക് പോകും മുമ്പ് ദിവസവും രാവിലെയുള്ള പ്രഭാത ഭക്ഷണവും പശുവിന്റെ ചാണകവും ഗോമൂത്രവുമാണ്. ഗോമൂത്രം മാത്രം കുടിച്ച് 22 ദിവസം താൻ ജീവിച്ചെന്നും ഇയാൾ അവകാശപ്പെടുന്നു.

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ സ്വന്തം കുടുംബം ഉപേക്ഷിച്ച് ആശ്രമം സ്ഥാപിച്ച് ആത്മീയപരമായ രീതിയിൽ ജീവിതം കഴിച്ച് കൂട്ടാൻ തുടങ്ങിയത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടിൽ നിന്നും നാല് മൈൽ അകലെയാണ് ഇയാൾ താമസിക്കുന്നത്. ഈ വർഷം ആദ്യം തന്റെ ഒരു പശുവിന്റെ വിവാഹത്തിനായി പതിനെട്ട് ലക്ഷം രൂപ ചെലവാക്കി ആഡംബരമായാണ് നടത്തിയത്. എല്ലാത്തിനും തന്റെ കുടുംബത്തിന്റെ പൂർണ പിന്തുണയുള്ളതായും ഇയാൾ പറയുന്നു.

അഹമ്മദാബാദിൽ ജീവിച്ചിരുന്ന സമയത്ത് ആദ്യകാലങ്ങളിൽ ചൂതാട്ടങ്ങളിൽ മുഴുകിയതായിരുന്നു ഇയാളുടെ ജീവിതം. പിന്നീട് പശുക്കളുമായി ഇടപെഴുകി തുടങ്ങിയതോടെ തന്റെ ജീവിതം മാറി മറിഞ്ഞതായും അദ്ദേഹം പറയുന്നു. പശുക്കളുമായി കഴിയുമ്പോൾ ഞാൻ ലോകത്തെ തന്നെ മറക്കുന്നു. ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ബന്ധമാണ്. കുടുംബവും തന്റെ പ്രവൃത്തിയിൽ സന്തുഷ്ടരാണെന്ന് ഇയാൾ പറയുന്നു.

പശുക്കളെ കൂടാതെ രണ്ട് കാളകളും ആറ് പട്ടികളും മയിൽ, മുയൽ, പക്ഷികൾ, പാമ്പ് അടക്കം 2000 മൃഗങ്ങൾ ഇയാൾക്ക് ഉണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ വിജയ് തന്റെ പ്രിയപ്പെട്ട പശുവായ പൂനത്തെ അർജുൻ എന്ന കാളയുമായി വിവാഹം ചെയ്യിച്ചിരുന്നു. 5000ത്തിൽ അധികം അതിഥികൾ പങ്കെടുത്ത ഈ വിവാഹത്തിനായി 18 ലക്ഷം രൂപയാണ് താൻ മുടക്കിയതെന്നും വിജയ് പറയുന്നു.

ഹിന്ദു ആചാര പ്രകാരം വളരെ ആഡംബരമായിട്ടായിരുന്നു ഈ വിവാഹം നടത്തിയത്. ഈ വർഷം പൂനത്തിനെും അർജുനും ജനിച്ച പശുക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി അഞ്ച് ലക്ഷത്തോളം രൂപയും മുടക്കി. 300ഓളം അതിഥികൾ ഈ വിവാഹത്തിൽ പങ്കെടുത്തു.

എനിക്ക് ഇന്ന് കാണുന്ന എല്ലാം നേടി തന്നത് പശുക്കളാണ്. എന്റെ സമ്പാദ്യവും ആരോഗ്യവും വ്യക്തിത്വവും എല്ലാം മെച്ചപ്പെട്ടെന്നും ഇയാൾപറയുന്നു. പശുക്കളോടുള്ള തന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ ഗീതയും കുടുംബവും പിന്നീട് തന്റെ ഇഷ്ടത്തിന് വഴിമാറി തന്നതായും ഇയാൾ പറയുന്നു.

സ്വന്തമായി സിറ്റിയിൽ 22 ജിമ്മുകൾ ഉള്ള ഇയാൾ ജോലിക്ക് പോയ ശേഷം കുറച്ച് നേരം സ്വന്തം വീട്ടിലേക്ക് പോകും. ഏതാനും മിനറ്റുകൾ അവിടെ ചിലവഴിച്ച ശേഷം ആശ്രമത്തിലേക്ക് തിരിച്ച് എത്തും. തന്റെ പശുക്കളുമൊത്ത് രാത്രി മുഴുവൻ കഴിയും. സരസ്വതി എന്ന പശുവിനൊപ്പമാണ് ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും ഉറങ്ങുന്നതും എല്ലാം എന്നും ഇയാൾ പറയുന്നു.