ഗുർദാസ്പുർ: പഞ്ചാബിലെ മുൻ കൃഷിമന്ത്രിക്കെതിരെ പീഡനാരോപണവുമായി വനിതാ കോൺസ്റ്റബിൾ രംഗത്ത്. മകളുടെ ക്ലാസ്‌മേറ്റ് ആയിരുന്നിട്ടും തന്നെ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മുൻകൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ സുച്ചാസിങ് ലഗായ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.ഗുർദാസ്പുർ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊണ്ടുപിടിച്ചിരിക്കെയാണ് പുതിയ ആറോപണം വിവാദമായിരിക്കുന്നത്. 

പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായതോടെ സുച്ചാസിങ്ങിനെതിരെ കേസെടുത്തു. മാനഭംഗം, ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കൽ, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിൽ ഡിവൈഎസ്‌പി എ.ഡി. സിങ്ങിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ഒൻപതു വർഷമായി സുച്ചാസിങ് തന്നെ പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോഴെല്ലാം ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തന്നെ പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും പെൻെ്രെഡവിൽ യുവതി പൊലീസിനു കൈമാറി.

സംഭവം വിവാദമായതോടെ ഇയാൾ ഒളിവിൽ പോയി. ഇതോടെ സുച്ചാസിങ്ങിനെതിരെ പൊലീസ് തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പു സമയത്ത് എതിരാളികൾ പക പോക്കാൻ യുവതിയെ ഉപയോഗപ്പെടുത്തുകയാണെന്നും പരാതി വ്യാജമാണെന്നും സുച്ചാസിങ് പറഞ്ഞു. എല്ലാ പാർട്ടി പദവികളിൽനിന്നും രാജി വയ്ക്കുമെന്നും ശനിയാഴ്ച കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2009 മുതൽ തന്നെ ഇയാൾ പീഡിപ്പിച്ചു വരുന്നതായാണ് യുവതിയുടെ പരാതി. കോൺസ്റ്റബിളായിരുന്ന ഭർത്താവു മരിച്ചതിനെത്തുടർന്നു ജോലി തേടി 2009ലാണു പരാതിക്കാരി കിസാൻ ഭവനിൽ സുഹൃത്തിനൊപ്പം സുച്ചാസിങ്ങിനെ കാണാനെത്തുന്നത്. അന്നു കൃഷിമന്ത്രിയായിരുന്ന അദ്ദേഹം രണ്ടു ദിവസത്തിനു ശേഷം യുവതിയോട് ഒറ്റയ്ക്കു വന്നു കാണാൻ ആവശ്യപ്പെട്ടു. അവിടെ വച്ചു മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണെന്നും സുച്ചാസിങ്ങിന്റെ മകൾക്കൊപ്പം കോളജിൽ പഠിച്ചതാണെന്നു പറഞ്ഞിട്ടും വെറുതെവിട്ടില്ല. തനിക്കു വഴങ്ങിയാൽ മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്നായിരുന്നു മറുപടി.

മാത്രവുമല്ല, എതിർത്തപ്പോഴെല്ലാം, ബിഹാറിലെയും ഉത്തർപ്രദേശിലെയും ഗുണ്ടകളുമായി തനിക്കു നല്ല ബന്ധമാണെന്നും അവരെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വർഷങ്ങളോളം ഇതു തുടർന്നു. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിച്ചും പീഡിപ്പിച്ചു. അതിനിടെ, തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വിൽക്കുകയും ചെയ്തു. അതുവഴി 30 ലക്ഷത്തോളം രൂപ സുച്ചാസിങ് തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. 

ബിജെപി – അകാലിദൾ പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി സ്വരൻ സലേരിയക്കു വേണ്ടിയാണു ഗുർദാസ്പുറിൽ സുച്ചാസിങ് പ്രചാരണം നടത്തുന്നത്. അതിനിടെ മാനഭംഗത്തിനു കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞതോടെ ഇദ്ദേഹം മുങ്ങുകയായിരുന്നു. പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെയാണ് ശനിയാഴ്ച കോടതിയിൽ ഹാജരാകുമെന്നു വ്യക്തമാക്കിയത്. അറുപത്തിയൊന്നുകാരനായ സുച്ചാസിങ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും തോറ്റു. ശിരോമണി അകാലിദളിന്റെ പഞ്ചാബിലെ കരുത്തുറ്റ നേതാക്കളിലൊരാളുമാണ്. ഒക്ടോബർ 11നാണ് ഗുർദാസ്പുറിൽ ഉപതിരഞ്ഞെടുപ്പ്.