ലാസ് വേഗസ്: അമേരിക്കയെ ചോരയിൽ കുളിപ്പിച്ച രാത്രി സമ്മാനിച്ചത് 64കാരനായ അക്രമി. സംഗീത നിശയ്ക്കിടെ എല്ലാത്തിനെയും കൊന്നൊടുക്കും എന്ന് ആക്രോശിച്ചു കൊണ്ടെത്തുകയായിരുന്നു അക്രമി. കൈയിൽ ഒന്നേലേറെ തോക്കുമേന്തിയാണ് ഇയാൾ പാഞ്ഞടുത്തത്. ഇന്നലെ അമേരിക്കയെ വിറപ്പിച്ച രാത്രിയിലെ വില്ലനായത് അമേരിക്കക്കാരൻ തന്നെയായിരുന്നു. ഭീകരവാദി ആക്രമണം അല്ലെന്നാണ് പുറത്തുവരുന്ന വിവരം. കൊലയാളിയുടെ കാമുകി ഏഷ്യക്കാരിയാണെന്ന വാർത്തയാണ് പുറത്തുവന്നു. അതേസമയം കൂട്ടക്കുരുതി നടത്തി എന്ന് സംശയിക്കുന്നയാളെ പൊലീസ് വെടിവെച്ചിട്ടു.

 

നെവദാ സ്വദേശിയായ സ്റ്റീഫൻ പെഡോക്ക് എന്ന 64കാരനാണ് ആക്രമണം നടത്തിയത്. ഇയാളോടൊപ്പം വെടിവൈപ്പിന് കൂട്ടുനിന്ന് എന്നു കരുതുന്ന ഏഷ്യക്കാരിയായ മറിലോ ഡാൻലേ എന്ന സ്ത്രീയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീട് പൊലീസ് റെയ്ഡ് നടത്തുകയാണ്. അന്വേഷണം പുരോഗമിക്കുക ആണെങ്കിലും കൊലയ്ക്ക് പ്രേരിപ്പിച്ച കാരണം എന്തെന്ന് പൊലീസിന് ഇനിയും വ്യക്തമായിട്ടില്ല.

ഞായറാഴ്ച രാത്രി 12.38ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 30,000 പേരാണ് ലാസ് വേഗസിലെ പ്രമുഖ ചൂതാട്ട കേന്ദ്രമായ മണ്ഡാലേ ബേ റിസോർട്ടിലും കാസിനോയിലുമായി ഉണ്ടായിരുന്നത്. റിസോർട്ടിന്റെ 32-ാമത്തെ നിലയിലാണ് വെടിയുതിർത്തത്. ഇവിടേക്കുള്ള വഴികൾ എല്ലാം അടച്ചിട്ട ശേഷമായിരുന്നു ആക്രമകാരികൾ എത്തിയത്. സ്‌ഫോടക വസ്‌കുക്കൾ ഉപയോഗിച്ച് അടച്ചിട്ട വഴി തകർത്ത ശേഷം എത്തിയാണ് പൊലീസ് ഇയാളെ വെടിവെച്ചിട്ടത്. അതേസമയം വെടിവെയ്‌പ്പിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. 200 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്.

സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത് ഏഷ്യക്കാരിയായ യുവതിയാണ്. എല്ലാത്തിനെയും ഈ രാത്രി കൊന്നൊടുക്കുമെന്ന് പറഞ്ഞാണ് യുവതി എത്തിയത്. പിന്നാലെ മുക്കാൽ മണിക്കൂറോളം കഴിഞ്ഞായിരുന്നു വെടിവെയ്‌പ്പ്. രണ്ടു പേരും ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

റൂട്ട് 91 ഹാർവെസ്റ്റ് സംഗീത നിശയുടെ അവസാന ദിവസത്തെ പരിപാടി നടക്കുന്നതിനിടെയായിരുന്നു വെടിവയ്പുണ്ടായത്. മൻഡാലയ് ബേ ഹോട്ടലിൽ തുറന്ന വേദിയിൽ തയ്യാറാക്കിയ സ്ഥലത്തായിരുന്നു സംഗീത നിശ നടന്നത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്.നിരവധി കലാകാരന്മാർ സ്‌റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ അക്രമി തലങ്ങും വിലങ്ങളും വെടിയുതിർക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ കാണികൾ ഭയചകിതരായി നിലവിളിച്ചു കൊണ്ട് സുരക്ഷിതസ്ഥാനം തേടി തലങ്ങും വിലങ്ങും പാഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവർ സഹായത്തിനായി അലറി വിളിക്കുന്നതും കേൾക്കാമായിരുന്നു.

വെടിയുതിർക്കുമ്പോൾ ജാസൻ അൽഡെയിൻ എന്ന പെർഫോർമർ സ്‌റ്റേജിൽ പാടുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിപാടി തുടങ്ങി പത്ത് മിനിറ്റുകൾക്ക് അകം വെടിവെയ്‌പ്പ് തുടങ്ങി. വെടി ശബ്ദം കേട്ടെങ്കിലും തങ്ങളുടെ ഇടയിൽ തന്നെയാണ് അതെന്ന് മനസ്സിലാക്കാൻ ജനങ്ങൾ അൽപം സമയമെടുത്തു. അപ്പോഴേക്കും ശബ്ദവും വെളിച്ചവും എല്ലാം നഷ്ടമായി. 20ഓളം വെടിയൊച്ചകൾ കേട്ടതായാണ് സാക്ഷികൾ പറയുന്നത്.