കായംകുളം: കായംകുളത്തുകാരെ കണ്ണീരിലാഴ്‌ത്തി മറ്റൊരു ദുരന്തം കൂടി. വീട്ടമ്മയും മൂന്ന് മക്കളുടെ അമ്മയുമായ അനിത മരിച്ചത് കെഎസ്ആർടിസി ബസ് ഇടിച്ചു സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ ശേഷം അതേ ബസിനടിയിൽപ്പെട്ട്. കറ്റാനം പള്ളിക്കൽ നടുവിലേമുറി ശ്രീകൃഷ്ണഭവനത്തിൽ മോഹനന്റെ ഭാര്യ എൻ. അനിത (42) യാണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്.

കെപി റോഡിൽ റെയിൽവേ ജംക്ഷനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. എൽഐസി ഏജന്റായ അനിത സഹപ്രവർത്തക കൂടിയായ കൂട്ടുകാരി എൽസി രാജുവിനൊപ്പം കായംകുളത്ത് നടന്ന എൽഐസി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

അടൂർ ഭാഗത്തു നിന്നും കായംകുളം ഭാഗത്തേയ്ക്കു വന്ന ബസ് ടെർമിനൽ ബസ് സ്റ്റാൻഡിലേക്കു പോകുന്നതിനായി തിരിച്ചപ്പോൾ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പുറകിലിരുന്ന യാത്ര ചെയ്ത അനിത തെറിച്ചു ബസിന്റെ പിൻചക്രത്തിനടിയിലേക്കു വീഴുകയായിരുന്നു.

ഫയർഫോഴ്‌സ് എത്തിയാണു മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. എൽസി രാജു റോഡിന്റെ എതിർവശത്തേക്ക് തെറിച്ചു വീണതിനാൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അനിതയുടെ ഭർത്താവ് മോഹൻ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മക്കൾ: ലക്ഷ്മിനാരായണൻ, ശങ്കരനാരായണൻ, ഹരിനാരായണൻ.