മറയൂർ: മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ മകൻ വിവാഹം കഴിച്ചതിനാൽ ഊരുവിലക്ക് വരുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. ടി.സി.മുരുകൻ (50), ഭാര്യ മുത്തുലക്ഷ്മി (45), മകൾ ഭാനുപ്രിയ (19) എന്നിവരാണ് ആത്മഹത്യ ചെയ്തത്. മകൻ വിവാഹം ചെയ്തതോടെ നാടുവിട്ടോടിയ ഇവരെ ദുമൽപേട്ട എസ്വി പുരം റെയിൽവേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടിൽ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് മുരുകന്റെയും മുത്തുലക്ഷ്മിയുടെയും മകനായ പാണ്ടിരാജ് തമിഴ്‌നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ വിവാഹം ചെയ്തത്. ഇതര സമുദായത്തിൽപ്പെട്ടവരെ വിവാഹം ചെയ്താൽ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവർ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂർ പ്രദേശം.

ബിരുദ വിദ്യാർത്ഥിനിയായ ഭാനുമതി ഉദുമൽപ്പെട്ടയിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. മാതാപിതാക്കൾ ഇവിടെ എത്തി ഭാനുമതിയെ ഹോസ്റ്റലിൽനിന്നു കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു. മറയൂർ സബ് ഇൻസ്പെക്ടർ ജി.അജയ്കുമാറിന്റെ നേതൃത്വത്തിൽ ഉദുമൽപേട്ടയിൽ അന്വേഷിച്ചപ്പോൾ മുരുകന്റെ മൊബൈൽ ഫോൺ പഴനിക്കു സമീപമുള്ള ടവർ ലൊക്കേഷനിൽ സ്വിച്ച്ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടെത്തി.

രണ്ടുവർഷം മുൻപ് ഉദുമൽപേട്ടയിലെ കോളജിൽ എംകോമിനു പഠിക്കുന്നതിനിടയിലാണു പാണ്ടിരാജ് തമിഴ്‌നാട് മഠത്തുകുളം സ്വദേശിനിയുമായി പ്രണയത്തിലായത്. പാണ്ടിരാജിനു കൊച്ചിയിൽ ജോലി കിട്ടിയപ്പോൾ ഇരുവരും വിവാഹിതരാവുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ഉദുമൽപേട്ടയിലെ വൈദ്യുതശ്മശാനത്തിൽ സംസ്‌കരിക്കും