തിരുവനന്തപുരം: വളരെ പ്രതീക്ഷയോടെയാണ് കടലിന്റെ മക്കൾ ഇന്നലെ പ്രധാന മന്ത്രിയെ കാണാൻ പൂന്തുറയിൽ തടിച്ചു കൂടിയത്. തങ്ങളുടെ പ്രിയപ്പെട്ടവർ വിട്ടു പോയതിന്റെ വിഷമവും മനസ്സിലിരുണ്ടു കൂടിയ സങ്കട കടൽ പ്രധാന മന്ത്രിക്ക് മുന്നിൽ ഒഴുക്കി കളയാനും. ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ പ്രധാന മന്ത്രിയുടെ ആശ്വാസ വാക്കുകൾക്കായി മണിക്കൂറുകൾക്ക് മുന്നേ തന്നെ കാത്തു നിന്നു. മോദിയെ കണ്ടപ്പോൾ അടക്കി വച്ചിരുന്ന ദുഃഖം അണപൊട്ടിയപ്പോൾ പൂന്തറ കമ്മ്യൂണിറ്റി ഹാൾ സങ്കടക്കടലായി. കടലിൽ നിന്ന് തിരിച്ചുവരാത്തവരുടെ ബന്ധുക്കളുടെ വേദന കൂട്ടക്കരച്ചിലായി.

വിഴിഞ്ഞത്തും പൂന്തുറയിലും ഉള്ള ഓഖി ദുരിതബാധിതരുടെ കുടുംബങ്ങൾ പ്രധാന മന്ത്രിയെ കാണാൻ കമ്മ്യൂണിറ്റി ഹാളിൽ തടിച്ചു കൂടിയിരുന്നു. പൂന്തുറയിൽ പത്ത് മിനിട്ട് ചെലവഴിച്ച് മോദി പോയപ്പോൾ മത്സ്യത്തൊഴിലാളികൾ പൊട്ടിത്തെറിച്ചു. മണിക്കൂറുകളായി ഞങ്ങളിവിടെ കാത്തിരുന്നത് ഇതിനാണോ. പ്രധാനമന്ത്രി എന്തെങ്കിലും സഹായം പ്രഖ്യാപിക്കുമെന്ന് കരുതിയാണ് ഞങ്ങൾ വന്നത്. ഒന്നും തന്നില്ല. അഴർ വിലപിച്ചു.

പലരും നെഞ്ചു പൊട്ടി കരച്ചിൽ തുടങ്ങി. മരിച്ചു പോയവരെ ഓർത്ത് ചിലർ കരഞ്ഞപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചോ ജീവനോടെ ഉണ്ടോ എന്ന് അറിയാത്തതിന്റെ അലറി കരച്ചിലായിരുന്നു മറ്റു ചിലരുടെ ഉള്ളിൽ നിന്നും പുറത്ത് വന്നത്. തന്റെ ഭർത്താവ് എത്തവിൻ എവിടെ എന്ന ചോദ്യവുമായാണഅ ജൂഡിറ്റ് വന്നത്. ഭർത്താവിന്റെ ചിത്രവും കയ്യിൽ പിടിച്ച്.

ഒരു മൃതദേഹം സംശയത്തിന്റെ പേരിൽ ഡി.എൻ.എ ടെസ്റ്റിന് അയച്ചിട്ട് 18 ദിവസം കഴിഞ്ഞു ഇതുവരെ ഫലമില്ല. എത്തവിന്റെ ചിത്രവും തകർന്ന മനസുമായി ഭാര്യ ജൂഡിറ്റും നിന്നപ്പോൾ വിഴിഞ്ഞം സ്വദേശി ശോഭയുടെ സങ്കടം അണപൊട്ടിയത് നാല് പെൺകുട്ടികളെ ചേർത്ത് പിടിച്ചായിരുന്നു. വീട്ടിന്റെ അത്താണിയെയാണ് കടലിൽ നിന്ന് തിരിച്ചുവരാൻ കാത്തിരിക്കുന്നത്. ഞാനെങ്ങനെ ഈ പെൺകുട്ടികളെ വളർത്തും. ജീവിതം ഇനി എങ്ങിനെ മുൻപോട്ട് കൊണ്ടു പോകും എന്ന് പറഞ്ഞാണ് ശോഭ വിലപിച്ചത്.