ന്യൂഡൽഹി: ആരോഗ്യമേഖലയെ അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടൂന്ന നീക്കവുമായി സർക്കാർ. കുറഞ്ഞ കാലത്തെ പരിശീലനം (ബ്രിഡ്ജ് കോഴ്സ്) വിജയകരമായി പൂർത്തിയാക്കുന്ന 'ആയുഷ്' ഡോക്ടർമാർക്ക് 'നിശ്ചിത തലം വരെ' ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി നൽകാൻ സർക്കാർ ഒരുങ്ങുന്നു. വെള്ളിയാഴ്ച ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ അവതരിപ്പിച്ച ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിലാണ് ഇതിനുള്ള വ്യവസ്ഥയുള്ളത്.

അതേസമയം ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്ന സർക്കാരിന്റെ പുതിയ വ്യവസ്ഥയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. 'വ്യാജവൈദ്യത്തിന്' നിയമപരിരക്ഷ നൽകുന്നതാണ് ബില്ലെന്ന് ഐ.എം.എ.പ്രസിഡന്റ് കെ.കെ. അഗർവാൾ പറഞ്ഞു. മുറിവൈദ്യന്മാരെ സൃഷ്ടിക്കാനേ പുതിയ നിയമം ഉപകരിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഗ്രാമീണമേഖലയിൽ ഡോക്ടർമാർ ലഭ്യമല്ലാത്തതാണ് ഈ നീക്കത്തിനു കേന്ദ്ര സർക്കാർ പറയുന്ന വിശദീകരണം.

ഇപ്പോഴത്തെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരമായി നിലവിൽ വരുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിലെ 49-ാം വകുപ്പാണ് ആയുർവേദം, യോഗ-പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി(ആയുഷ്) എന്നീ ചികിത്സാ വിഭാഗങ്ങളിലെ ബിരുദധാരികൾക്ക് നിശ്ചിതതലം വരെയുള്ള ആധുനിക മരുന്നുകൾ കുറിക്കുന്നതിന് ബ്രിഡ്ജ് കോഴ്സ് പാസായാൽ മതിയെന്ന് നിഷ്‌കർഷിക്കുന്നത്.

അതേസമയം ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ദേശിയ മെഡിക്കൽ കമ്മിഷൻ, സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി, സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ എന്നിവയുടെ സംയുക്തയോഗമാണ് ബ്രിഡ്ജ് കോഴ്സുകൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. യോഗത്തിൽ പങ്കെടുക്കുന്നവരുടെയെല്ലാം അംഗീകാരത്തോടെയാവണം തീരുമാനമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.സംയുക്തയോഗം വർഷത്തിൽ ഒരു തവണയെങ്കിലും ചേരണം. വിവിധ വൈദ്യശാസ്ത്രമേഖലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഭാഗമായി ഒരേപോലെ പഠിപ്പിക്കാവുന്ന പ്രത്യേക പഠനപദ്ധതികൾ ആവിഷ്‌കരിക്കണം.

എന്നാൽ എം.ബി.ബി.എസ്. പഠിച്ച ഡോക്ടർമാരില്ലാത്തതല്ല പ്രശ്നമെന്നും മതിയായ വേതനവും അടിസ്ഥാന സൗകര്യവും നൽകാത്തതാണ് ഡോക്ടർമാരെ ഗ്രാമീണ മേഖലയിൽ നിന്നും അകറ്റി നിർത്തുന്നതെന്നും ഐ.എം.എ. നിയുക്ത പ്രസിഡന്റ് ഡോ. രവി വാങ്കേദ്കർ പറഞ്ഞു. ഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കിയാൽ ഡോക്ടർമാർ അവിടേക്കുപോകാൻ തയ്യാറാകും. മഹാരാഷ്ടയിൽ ഗ്രാമങ്ങളിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്ക് ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. ഈ വേതനത്തിന് എം.ബി.ബി.എസ്. പഠിച്ചിറങ്ങുന്ന ഡോക്ടർമാർ എങ്ങനെ ജോലിചെയ്യും -മഹാരാഷ്ട്രക്കാരനായ ഡോ. രവി ചോദിച്ചു.

രാജ്യത്തെ ഡോക്ടർ രോഗി അനുപാതം മെച്ചപ്പെടുത്താൻ പുതിയ നിയമം സഹായിക്കുമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. ആയിരം പേർക്ക് ഒരു ഡോക്ടർ എന്നതാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന അനുപാതം. ഇന്ത്യയിലിത് ആയിരം പേർക്ക് 0.62 മാത്രമാണ്. ഓസ്ട്രേലിയയിൽ ആയിരം പേർക്ക് 3.37 ഡോക്ടർമാരും ചൈനയിൽ 1.49-ഉം ആണെന്ന് ഈ വർഷമാദ്യം കേന്ദ്രം പാർലമെന്റിൽ വെച്ച കണക്കിൽ വ്യക്തമാക്കുന്നു.