ന്യൂഡൽഹി: സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന കേസിലും വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണത്തിൽ സുപ്രീംകോടതി സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സീനിയർ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കണം. കേസിൽ ആദ്യാവസാനം ഒരു ജഡ്ജി തന്നെ വാദംകേൾക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെട്ടതും അന്വേഷിക്കണമെന്ന് കപിൽ സിബൽ പറഞ്ഞു.

സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് 'ദ് കാരവൻ' മാസികയിലൂടെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് കപിൽ സിബൽ പറയുന്നു. സംശയങ്ങൾ ദൂരീകരിക്കാനും സത്യം കണ്ടെത്താനും സിബിഐ അടക്കമുള്ള ഏജൻസികൾ അന്വേഷിച്ചാൽ പോര. പ്രത്യേക അന്വേഷണസംഘത്തിനു സുപ്രീംകോടതി തന്നെ രൂപം നൽകണം. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തിരഞ്ഞെടുക്കണം.

സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.  'നിലവിലെ അന്വേഷണ ഏജൻസികൾ അന്വേഷിക്കരുത്. പ്രത്യേക അന്വേഷണസംഘം വേണം. സുപ്രീംകോടതി ജഡ്ജിമാർ അന്വേഷണസംഘത്തെ തിരഞ്ഞെടുക്കണം. ടുജി കേസിൽ സുപ്രീംകോടതിക്ക് വിശ്വാസ്യതയുള്ള പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. അതുപോലെ സുപ്രീംകോടതിയിലെ മൂന്ന് മുതിർന്ന ജഡ്ജിമാർ ഈ കേസിൽ മേൽനോട്ടം വഹിക്കണം' സിബൽ പറഞ്ഞു.