ലക്നൗ: സംസ്ഥാന നിയമസഭാ മന്ദിരത്തിനു കാവിനിറമടിച്ചതിനു പിന്നാലെ, എതിർവശത്തു സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനും കാവി പൂശി. വ്യാഴാഴ്ച രാത്രിയാണ് അധികൃതർ പെയിന്റടിച്ചത്.

ഇന്നലെ ഹജ് ഹൗസ് അവധിയായിരുന്നു. 'പുതിയ നിറത്തിന് എന്താണു പ്രശ്‌നമെന്ന് എനിക്കു മനസ്സിലാകുന്നില്ല. കാവി ദേശവിരുദ്ധ നിറമാണോ? തിളക്കത്തെയും ഊർജസ്വലതയെയും സൂചിപ്പിക്കുന്ന നിറമാണു കാവി' നടപടി ന്യായീകരിച്ചു യുപി ന്യൂനപക്ഷകാര്യ മന്ത്രി മൊഹ്സിൻ റാസ പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഓഫിസുകൾ പ്രവർത്തിക്കുന്ന ലാൽ ബഹാദൂർ ശാസ്ത്രി ഭവൻ അനെക്സിനും സമീപകാലത്തു കാവിയടിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ബിജെപി സർക്കാർ ഗ്രാമീണമേഖലയിൽ ആരംഭിച്ച 50 പുതിയ സർക്കാർ ബസുകൾക്കും കാവിനിറമാണ്.