മുംബൈ: ജീവനക്കാരുടെ രീതികൾ അടിമുടി മാറ്റാൻ ഉറച്ച് എസ്‌ബിഐ. തലമുടി ചീകുന്നതു മുതൽ വസ്ത്രം ധരിക്കുന്നതിനു വരെ ജീവനക്കാർക്ക് പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ് എസ്‌ബിഐ. എസ്‌ബിഐ പുതുതായി കൊണ്ടു വരുന്ന മാർഗ രേഖയിൽ എന്ത് ധരിക്കണം എങ്ങിനെ നടക്കണം എന്നതടക്കമുള്ള കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്.

തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത് എന്നിങ്ങനെയുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ളത്. 

യോഗത്തിൽ പങ്കെടുക്കുമ്പോൾ ഏമ്പക്കം വിടുന്നത് മറ്റുള്ളവർക്ക് അരോചകമാകുന്നുവെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഒപ്പം നാടൻ ഭാഷയിൽ സംസാരിക്കുന്നതിനും വിലക്കുണ്ട്.

ഉടുക്കേണ്ടത് എന്ത്, നടക്കേണ്ടത് എങ്ങനെ, എന്നെല്ലാം നിഷ്‌കർഷിക്കുന്ന വിശദമായ മാർഗ രേഖയാണ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. ജീവനക്കാർക്ക് ചില ആനുകൂല്യങ്ങൾ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഏമ്പക്കം വിടരുത് എന്നത് ഉൾപ്പെടെയുള്ള പുതിയ നിർദ്ദേശങ്ങൾ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

വ്യക്തിശുചിത്വം പാലിക്കണം, ഓഫീസിൽ വായ്നാറ്റവും ശരീര ദുർഗന്ധവും ഇല്ലാതെ വേണം ഇരിക്കാൻ, ഓഫീസിൽ സ്ലിപ്പർ വേണ്ട ഷൂ മതി, അതും വൃത്തിയായി വെക്കണം. ബെൽറ്റും ഷൂസും ഒരേ നിറത്തിലുള്ളതാണ് നല്ലത്.

ഉപഭോക്താക്കളുമായി ഇടപെടുന്ന സമയത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണംഅതുപോലെ പാന്റ്സിന്റെ നിറത്തിന് യോജിച്ച സോക്സ് വേണം ധരിക്കാനെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.