ദാവോസ്: ഇന്ത്യ എന്നാൽ വാണിജ്യ സാധ്യതകളേറെയുള്ള രാജ്യമെന്ന് മോദി. ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയ പ്രധാനമന്ത്രി സിഇഒമാരും ആഗോള വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആഗോള വ്യവസായികൾക്ക് അവസരങ്ങൾ ഏറെയുള്ളയിടമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് മോദി സ്വിറ്റ്‌സർലൻഡിലെത്തിയത്. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രിമാരും മോദിയെ അനുഗമിക്കുന്നുണ്ട്. വിവിധയിടങ്ങളിൽനിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ ദാവോസിലെത്തിയത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉൾപ്പെടെ നൂറിലധികം വരുന്ന വ്യവസായികളുടെ വൻ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ആഗോള കമ്പനികളുടെ 40 സിഇഒമാരും ഇന്ത്യയിൽനിന്നുള്ള 20 സിഇഒമാരും പങ്കെടുത്തു. ഇന്ത്യയുടെ വളർച്ചാ പടവുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ മോദി സംസാരിച്ചെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.