പൊന്നാനി: സംസ്ഥാനത്ത് ക്രമസമാധാനം നടത്തേണ്ട പൊലീസുകാരിൽ ഭൂരിഭാഗവും കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 18 പൊലീസുകാരാണ് ജോലിയിലെ സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച കസബ പ്രൊബേഷണറി എസ്‌ഐ ഗോപകുമാർ അടക്കമുള്ളവരുടെ കണക്കാണ് ഇത്.

പൊലീസുകാരുടെ ഈ ആത്മഹത്യ പ്രവണത നേരത്തെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കാൻ ഡിജിപി ബെഹ്റ മൂന്നു മാസങ്ങൾക്കു മുമ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നടപടികളിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്നു പൊലീസുകാർ തന്നെ അടക്കം പറയുന്നു.

സംസ്ഥാനത്ത് ക്രമ സമാധാനം നടത്തേണ്ട 50000ലധികം വരുന്ന പൊലീസുകാരിൽ ഏറെ പേരും മാനസീക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തൊഴിൽ മേഖലയിലുള്ള സമ്മർദ്ദം മാത്രമായി ഇതിനെ ലഘൂകരിച്ചു കാണാൻ പറ്റില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസുകാർ നേരിടുന്ന മാനസീക പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാനും എല്ലാ എസ്‌പി മാർക്കും യൂണിറ്റ് ചീഫുമാർക്കും നേരത്തെ ഡിജിപി ലോകനാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നു.

തൊഴിൽ സംബന്ധമായോ കുടുംബപ്രശ്നങ്ങളുടെ ഭാഗമായോ ഇത് രണ്ടും ചേർന്നോ ഉണ്ടാകുന്നമാനസീക സമ്മർദ്ദങ്ങളെ കണ്ടെത്താനാണു നിർദ്ദേശം നൽകിയത്. എന്നാൽ അതൊന്നും കൃത്യമായി നടപ്പാക്കിയില്ലെന്നു മാത്രം. പൊലീസുകാർക്കിടയിൽ ജോലി സമ്മർദ്ദം അതീവ ഗുരുതരമാണെന്നത് മാനസീകാരോഗ്യ വിദഗ്ദ്ധരും സമ്മതിക്കുന്നുണ്ട്.

ഏതു സമയത്തും ഡ്യൂട്ടിക്കു സന്നതനായിരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്. പലരും ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ കടുത്ത മദ്യപാനത്തിലേക്കു നീങ്ങുന്നു. ഇത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. പൊലീസുകാരുടെ ജോലി ഭാരം ആത്മഹത്യക്കു പ്രധാന കാരണമാവുന്നുണ്ട്.

കേരളത്തിൽ പ്രതിവർഷം 7.36 ലക്ഷം ആത്മഹത്യകൾ രഡജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. 506 പൊലീസ് സ്റ്റേഷനുകളിലായി 13 ലക്ഷം പരാതികളാണ് വരുന്നത്. ഇത് കൈകാര്യം ചെയ്യാൻ 54,000 ത്തോളം പേർ മാത്രമാണുള്ളത്. നഗരങ്ങളിൽ ജോലിചെയ്യുന്ന പൊലീസുകാരണ് കൂടുതൽ സമ്മർദ്ദത്തിൽപ്പെടുന്നത്.