ഭോപ്പാൽ: സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സമ്മാന തുകയായി കുറച്ച് പണം നമ്മുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക? പല കുട്ടികളും അത് അടിച്ചു പൊളിക്കാനാണ് താത്പര്യപ്പെടുക. എന്നാൽ ഭോപ്പാലിലെ ഈ കുട്ടി ജീനിയസ് തനിക്കു കിട്ടിയ സമ്മാന തുക ഉപയോഗിച്ചിരിക്കുന്നത് വ്യത്യസ്തമായ ഒരു കാര്യത്തിനു വേണ്ടിയാണ്. നാലു ജയിൽ പുള്ളികളെ ജയിലിൽ നിന്ന് പുറത്തിറക്കുക എന്ന ഒരു വലിയ ദൗത്യത്തിന്.

കണക്ക് വിഷയത്തിൽ ജീനിയസായ ആയ ആയുഷ് കിഷോർ എന്ന 14കാരന് 10,000 രൂപയാണ് പ്രസിഡന്റിൽ നിന്നും സമ്മാനമായി കിട്ടിയത്. ഭോപ്പാൽ സെൻട്രൽ ജയിലിലെ നാലു തടവുകാരെ ആ പണമുപയോഗിച്ച് പുറത്തിറക്കുന്നു. പിഴ ചുമത്തിയ തുക കെട്ടിവയ്ക്കാനില്ലാത്തതു കൊണ്ടു ജയിലഴികൾക്കു പിന്നിൽ കിടക്കാൻ വിധിക്കപ്പെട്ട നാലു പേർക്കാണ് ആയുഷ് തന്റെ സമ്മാനത്തുക കൊണ്ട് സ്വാതന്ത്ര്യം നേടി കൊടുക്കുന്നത്.

റിപബ്ലിക് ദിനത്തിൽ ഇവർ നാലു പേരും ജയിൽ മോചിതരായി പുറത്തിറങ്ങും. വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കുള്ള ദേശീയ അവാർഡ് 2016ലാണു രാഷ്ടപതിയിൽ നിന്നു കിഷോർ ഏറ്റുവാങ്ങിയത്. കണക്കിലുള്ള പ്രാഗത്ഭ്യമാണ് കിഷോറിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. പുരസ്‌ക്കാര തുകയായി ലഭിച്ച 10,000 രൂപയും ഓൾ റൗണ്ട് പ്രകടനത്തിനു സ്‌കൂളിൽ നിന്നു ലഭിച്ച 28,000 രൂപയുമാണു ജയിലിലെ തടവുകാർക്കു വേണ്ടി കിഷോർ വിനിയോഗിച്ചത്.

ജയിലിൽ ഉദ്യോഗസ്ഥയായ തന്റെ അമ്മ വിനീത മാളവ്യയിൽ നിന്നും ജയിൽ പുള്ളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് കിഷോർ ഇങ്ങനെ ഒരു ദൗത്യത്തിന് ഇറങ്ങുന്നത്. വർഷങ്ങളോളം ജയിലിൽ ജോലി ചെയ്തു പിഴയടക്കാനുള്ള തുക സ്വരൂപിക്കുന്ന നിരവധി പേരുടെ കഥ അമ്മ മകനു പറഞ്ഞു കൊടുത്തു. 2000 രൂപ പോലും സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ പലരും ഇന്നും ജയിലറയ്ക്കുള്ളിൽ കഴിയുന്നതായുള്ള വിവരം കിഷോർ അമ്മയിൽ നിന്നും കേട്ടറിഞ്ഞു. ഇതോടെ ഇവരുടെ മോചനത്തിനായി തന്റെ സമ്മാന തുക നൽകുകയായിരുന്നു കിഷോർ.

രാജ്യാന്തര, ദേശീയ തലങ്ങളിൽ നടന്ന നിരവധി കണക്ക് മത്സരങ്ങളിൽ കിഷോർ പങ്കെടുത്തു വിജയം കൈവരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ െലവൽ മെന്റൽ അർത്ത്മെറ്റിക് കോംപറ്റീഷനിൽ ഗ്രാൻഡ് ചാംപ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഒരു ദേശീയ റെക്കോർഡും കിഷോറിന്റെ പേരിലുണ്ട്. യുകെയിലെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലും ഓണററി ഡോക്ടറേറ്റ് ബിരുദവും കിഷോർ സ്വന്തമാക്കിയിട്ടുണ്ട്.