പോലിസെന്ന വ്യാജേന എത്തിയ ഒരു സംഘം യുവാക്കൾ കൂട്ടുകാരന്റെ കാമുകിയെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. പൊലീസ് ജീപ്പിൽ പൊലീസിന്റെ യൂണിഫോമിൽ എത്തിയാണ് കൂട്ടുകാരനു വേണ്ടി കാമുകിയെ വീട്ടിൽ നിന്നും കടത്തി കൊണ്ടു പോയത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് പൊലീസിനെ ട്രാപ്പിൽ പെടുത്തി യൂണിഫോമും പൊലീസ് ജീപ്പും തട്ടി എടുത്തായിരുന്നു കാമുകന്റെ തട്ടിക്കൊണ്ടു പോകൽ നാടകം അരങ്ങേറിയത്. മദ്യപിച്ച് ലക്കുകെട്ട ഒരാൾ ബാമുറാഹ ഗ്രാമത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്ന് പറഞ്ഞ് യുവാക്കൾ പൊലീസിനെ ഇവിടെക്ക് വിളിച്ചു വരുത്തി. ശേഷം അഞ്ചംഗ സംഘം തോക്കു ചൂണ്ടി പൊലീസിനെ ആക്രമിച്ച ശേഷം ധരിച്ചിരുന്ന യൂണിഫോമും ജീപ്പും കൈക്കലാക്കി. തുടർന്ന് ിവിടെ നിന്നും 60 കിലോമീറ്റർ അകലെയുള്ള പന്നയിലെ ഉൾഗ്രാമത്തിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവരിൽ മുഖ്യ സൂത്രധാരനായ ദേവരാജ് സിംഗും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ബന്ധുക്കൾ ഇതിനെ എതിർക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി തന്നെ അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ചു എന്നു പരാതിയും നൽകിയിരുന്നു. എന്നാൽ ഈ കള്ള പരാതി പിൻവലിക്കണമെന്ന് പെൺകുട്ടിയുടെ അച്ഛൻ മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംഭവം.

മദ്യപൻ പ്രശ്‌നമുണ്ടാക്കുന്നെന്ന വ്യാജ ഫോൺ സന്ദേശത്തെ തുടർന്ന് പ്രദേശത്തെത്തിയ ഹെഡ് കോൺസ്റ്റബിൾ പ്രകാശ് മാൻഡൽ, സായുധ സേനാവിഭാഗം ജവാൻ സുബാഷ് ദുബെ എന്നിവർ എത്തുമ്പോൾ മുഖം നിലത്തമർത്തി റോഡിന് നടുവിൽ കിടക്കുന്ന ആളെയാണ് കണ്ടത്. ഇയാളുടെ അടുത്തേക്ക് പൊലീസുകാരെത്തിയതോടെ ഇയാൾ അവർക്കെതിരെ തോക്കു ചൂണ്ടി. ഉടൻ സംഘത്തിലെ മറ്റ് നാലുപേരും ചാടി വീഴുകയും പൊലീസുകാരെ കീഴ്‌പ്പെടുത്തുകയം യൂണിഫോം ഊരിവാങ്ങിയ ശേഷം ജീപ്പുമായി കടന്നു കളയുകയുമായിരുന്നു.

തുടർന്ന് ഗ്രാമത്തിലെത്തിയ ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തുകയും മകളുമായി പൊലീസ് സ്റ്റേഷനിലെത്തണമെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും അവളുടെ അച്ഛനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മൊഴിയെടുക്കാനാണെന്നുമാണ് പൊലിസ് വേഷത്തിലെത്തിയവർ പറഞ്ഞത്.

തുടർന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മാവനും അവൾക്കൊപ്പം വാനിൽ കയറിയെങ്കിലും ഇരുവരെയും ഇറക്കി വിട്ട് പെൺകുട്ടിയുമായി സംഘം വാൻ ഓടിച്ച് പോകുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് സിങ്. പെൺകുട്ടി ഇയാൾക്കൊപ്പമുണ്ടെന്നാണ് കരുതുന്നതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.