ടെഹ്‌റാൻ: കമ്പിൽ ഹിജാബ് കെട്ടി തൂക്കി പൊതു സ്ഥലത്ത് നിൽക്കുക. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക വിപ്ലവം നടന്ന 1979 മുതൽ ഹിജാബ് ധരിക്കണമെന്ന നിയമം ഇറാനിൽ നിലവിലുണ്ട്. അതിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാണെങ്കിലും ഇത്രയേറെ പ്രതിഷേധം വിഷയത്തിൽ ഉയരുന്നത് ആദ്യമാണ്. ഹിജാബ് ധരിക്കാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് നിരവധി പേരെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ അപ്പോഴും ഹിജാബ് വിപ്ലവം പുതിയ തലത്തിലെത്തുകയാണ്.

സ്ത്രീകൾ മുഖപടമണിഞ്ഞുനടക്കണമെന്ന ഇറാൻ ഭരണകൂടത്തിന്റെ നിർദേശത്തിനെതിരെ പൊതുജന മധ്യത്തിൽ ഹിജാബ് അഴിച്ചാണ് സ്ത്രീകളുടെ പ്രതിഷേധം വ്യാപകമാകുന്നത്. പൊതുനിരത്തിൽ ഹിജാബ് അഴിച്ച് വടിയിൽ കൊളുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുന്ന നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ദിവസേന കൂടുകയാണ്. 'ദ ഗേൾസ് ഓഫ് റെവല്യൂഷൻ സ്ട്രീറ്റ്' എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെുന്നത്്. ഹിജാബ് അഴിച്ച് ഭരണകൂടത്തിനെതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ച വിദ മൊഹവെദ് എന്ന യുവതിയെ കഴിഞ്ഞ ഡിസംബറിൽ ഇറാനിയൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

ഇവർ ഞായറാഴ്ച മോചിതായയതിനെ തുടർന്നാണ് അതേ മാതൃകയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നഗരത്തിൽ അരങ്ങേറിയത്. മൊഹവെദിനോടുള്ള ആദരസൂചകമായാണ് 'ദ ഗേൾസ് ഓഫ് റെവല്യൂഷൻ സ്ട്രീറ്റ്' എന്ന ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. പൊതുജനമധ്യത്തിൽ ഇത്തരത്തിൽ ഹിജാബ് അഴിക്കുന്നത് സ്ത്രീകളെ തടവിലടക്കാൻ വരെ സാധ്യതയുള്ള കുറ്റമാണ്. 'എന്റെ ശരീരത്തെ ഞാൻ എങ്ങനെ നോക്കണമെന്നുള്ള ഭരണകൂടത്തിന്റെ നിർദേശങ്ങൾ അസഹനീയമാണ്. അതിനാൽ ഞാൻ സ്‌കാർഫ് ഊരി പ്രതിഷേധിക്കുന്നു.' പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു യുവതി പറയുന്നു.

ഹിജാബ് ധരിക്കാതെ പ്രതിഷേധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തലമറക്കാതെ പുറത്തിറങ്ങിയാൽ തടവോ പിഴയോ ആണ് ശിക്ഷ. രാജ്യത്തിലെ ജനസംഖ്യയിൽ പകുതിപേരും ഹിജാബിനെതിരാണെന്നാണ് വിലിയിരുത്തൽ. എന്നാൽ രഹസ്യപ്പൊലീസിന്റെ സാന്നിധ്യം കാരണം പലരും നിയമം പാലിക്കുന്നതെന്നും അവർ പറഞ്ഞു. അടുത്തകാലത്തായി തിരക്കേറിയ പൊതു സ്ഥലങ്ങളിൽ തലമറക്കാതെ പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് വലിയ മുന്നേറ്റമായി വളരുന്നിൽ ഇസ്ലാമിക ലോകത്തും ആശങ്ക ശക്തമാണ്. അതേസമയം, ഹിജാബിനെതിരായ സമരം അനാവശ്യമാണെന്നും വിദേശ കരങ്ങളാണ് പ്രതിഷേധങ്ങൾക്കു പിന്നിലെന്നും ഇറാൻ ചീഫ് പ്രൊസിക്യൂട്ടർ മുഹമ്മദ് ജാഫർ മുൻതസരി പറയുന്നു.

ഇതിനിടെയിലാണ് ഹിജാബ് കമ്പിൽ കെട്ടി നിൽക്കുന്ന സ്ത്രീകളുടെ എണ്ണം ഇറാനിൽ കൂടുന്നത്. 'സ്ത്രീകളെ നിർബന്ധപൂർവ്വം ഹിജാബ് ധരിപ്പിക്കുന്നത് സ്ത്രീകളെ അടിച്ചമർത്തുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ഹിജാബ് ധരിക്കാനോ ധരിക്കാതിരിക്കാനോ വേണ്ടിയുള്ള ഈ യുദ്ധം തുല്യതയിലേക്കുള്ള ആദ്യ ചുവടുവെയ്‌പ്പാകുന്നത്. ഇന്ന് റോസ പാർക്ക്സിനെ ആദരിക്കുന്നത് പോലെ നാളെ ചരിത്രം ഈ സ്ത്രീകളെയും ആദരിക്കും.' ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തിരിക്കുന്നു.