നെടുമ്പാശേരി: സിംഗപ്പൂരിലുള്ള പെൺമക്കളെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങി വരവേ വീട്ടമ്മ കാറിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ മുഹമ്മ ആര്യക്കര അംബികാലയത്തിൽ പൊന്നപ്പന്റെ ഭാര്യ അംബിക (65) യാണഅ കാറിൽ കുഴഞ്ഞുവീണ് മരിച്ചത്.

കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഇവർ വീട്ടിലേക്ക് കാറിൽ വരവരെ വഴിയിൽ വെച്ച് ശ്വാസം മുട്ടലും നെഞ്ചു വേദനയും അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. നാട്ടിൽ നിന്നും കൂട്ടികൊണ്ടുപോകാൻ വന്ന കാർ ഡ്രൈവർ തമ്പുരാൻ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ ദേശം സി.എ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തമിഴ്‌നാട് പൊലീസിൽ നിന്നും സി.ഐയായി വിരമിച്ച പൊന്നപ്പൻ എസ്.എൻ.ഡി.പി യോഗം മുഹമ്മ ആര്യക്കര ശാഖ പ്രസിഡന്റാണ്.

ഇവരുടെ രണ്ട് പെൺമക്കളും വിവാഹശേഷം കുടുംബ സമേതം സിംഗപ്പൂരിലാണ്. ഡിസംബർ 18നാണ് സന്ദർശക വിസയിൽ അംബിക മക്കളുടെ അടുത്തേക്ക് പോയത്. നെടുമ്പാശേരി പൊലീസ് തുടർ നടപടികൾക്ക് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ജു. രേഖ. മരുമക്കൾ: മൂർത്തി, പ്രഭു.