അടൂർ: പുതുതായി ടാറിങ് കഴിഞ്ഞ് ഒരു മാസമായ റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയുന്നില്ല. കാലൊന്ന് അമർത്തിച്ചവിട്ടിയാൽ റോഡ് പൊളിഞ്ഞ് ഇളകും. സൈക്കിളിൽ പോകുന്നവർ ഒന്ന് ബ്രേക്കിട്ടാൽ മതി അത്രയും ഭാഗം തഥൈവ. സിപിഐക്കാരനായ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച്, കടമ്പനാട് പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളെ ബന്ധിപ്പിച്ച് ആദ്യമായി ടാറിങ് ചെയ്ത പൊതുമരാമത്ത് റോഡിനാണ് ഈ ഗതികേട്.

ഒരു കിലോമീറ്റർ വരുന്ന കുണ്ടോം വെട്ടത്ത് മലനട- ഗണേശവിലാസം അടയപ്പാട് റോഡ് നിർമ്മാണത്തിന് ചെലവഴിച്ചത് 75 ലക്ഷം രൂപ. കഴിഞ്ഞ ഓഗസ്റ്റിൽ നാടിന്റെ ഉത്സവമായിട്ടാണ് നിർമ്മാണോദ്ഘാടനം നടന്നത്. വാഗ്ദാനങ്ങൾ ഞങ്ങൾക്ക് വെറുംവാക്കുകകളല്ല, നിറവേറ്റാനുള്ളതാണ് എന്ന ടാഗ് ലൈനോടു കൂടി നാടുമുഴുവൻ ഫ്ളക്സും പോസ്റ്ററും വച്ചായിരുന്നു നിർമ്മാണ ഉദ്ഘാടനം. ഇതിനായി ശിലാഫലകവും സ്ഥാപിച്ചു.

ജനുവരിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. നടന്നത് ടാറിങ് മാത്രം. സംരക്ഷണ ഭിത്തി, ഓടകൾ, കലുങ്ക്, റോഡ് നിരപ്പാക്കൽ അങ്ങനെ എല്ലാ പദ്ധതികൾക്കും ചേർത്താണ് 75 ലക്ഷം രൂപ അനുവദിച്ചത്. നടന്നത് ടാറിങ് മാത്രം. അതാകട്ടെ നിശ്ചിത അളവിൽ ടാറോ മെറ്റിലോ ചേർക്കാതെയും. ഇതോടെ റോഡിൽ കൂടി കാൽനടയാത്ര പോലും സൂക്ഷിച്ച് വേണമെന്ന അവസ്ഥയായി. കാലു കൊണ്ട് ചുമ്മാതൊന്ന് തോണ്ടിയാൽ ടാർ ഇളകി തെറിക്കും.

വമ്പൻ അഴിമതിയാണ് ടാറിങ്ങിൽ നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനപ്രതിനിധി 30 ശതമാനം കമ്മിഷൻ കരാറുകാരനിൽ നിന്ന് ആദ്യമേ കൈപ്പറ്റിയെന്നും അതും തനിക്കുള്ള ലാഭവും എടുത്ത ശേഷമുള്ള തുകയ്ക്കാണ് ടാറിങ് നടന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ചവിട്ടിയാൽ ഉടൻ പാതാളത്തിലേക്ക് താഴുന്ന റോഡിന്റെ വീഡിയോയും ചിത്രങ്ങളും സഹിതം നാട്ടുകാർ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി വരെ ഞെട്ടിപ്പോയി. ഉടനടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുവാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ചവിട്ടിയാൽ ഇളകുന്ന റോഡിന്റെ വീഡിയോ കാണാം.