ലണ്ടൻ: കുടിയേറ്റ നിയമം ശക്തമാകുന്നതുകൊണ്ട് ബ്രിട്ടണിൽ നിന്നും മലയാളി നഴ്‌സുമാർക്ക് കൂട്ടത്തോടെ മടങ്ങേണ്ടി വരുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. കുടിയേറ്റ നിയമത്തിലെ ഒരു പരിഷ്‌കാരം മൂലം പെർമനന്റ് റസിഡൻസി ലഭിക്കാൻ വേണ്ട മിനിമം ശമ്പളം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വാർത്ത പിടിഐ തെറ്റായി റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇന്ത്യയിൽ എമ്പാടുമുള്ള പത്രങ്ങൾ ഭീതിജനകമായ വിധത്തിൽ റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടുകളെത്തുടർന്ന് ഞങ്ങൾക്ക് ആശങ്കകളുമായി നിരവധി മാതാപിതാക്കളുടെ ഫോൺകോളുകൾ വന്നതുകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് തെറ്റിദ്ധാരണാജനകമാണ് വാർത്ത എന്നു വ്യക്തമായത്. 

അഞ്ച് വർഷം യുകെയിൽ നിയമപരമായി ജോലി ചെയ്താൽ സ്ഥിരതാമസത്തിന് വിസ ലഭിക്കുന്ന ഇപ്പോഴത്തെ രീതിയിൽ ചില പരിഷ്‌കാരങ്ങൾ വരുത്തിയതാണ് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ കാരണം. പുതിയ പരിഷ്‌കാരം അനുസരിച്ച് 35000 പൗണ്ട് എങ്കിലും വാർഷിക വരുമാനം ഉണ്ടെങ്കിൽ മാത്രമേ സ്ഥിരവാസ വിസ ലഭിക്കൂ. ബ്രിട്ടണിലെ സർക്കാർ ആശുപത്രിയിൽ ഇത്രയും ശമ്പളം നഴ്‌സുമാർക്ക് നൽകുന്നില്ലാത്തതുകൊണ്ടാണ് ഈ പ്രശ്‌നം ഉണ്ടായത്. എന്നാൽ പെർമനന്റ് റസിഡൻസിന് അപേക്ഷിക്കുന്ന അവസാന വർഷം അത്രയും ശമ്പളം ലഭിക്കുന്ന സ്വകാര്യ ആശുപത്രികളിലേക്കോ നഴ്‌സിങ്ങ് ഹോമുകളിലേക്കോ ജോലി മാറിയാൽ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നം. എന്നാൽ ഇക്കാര്യം പരിഗണിക്കാതെ വാർത്ത എഴുതിയതോടെയാണ് മലയാളി നഴ്‌സുമാർ കൂട്ടത്തോടെ നാട്ടിലേക്ക് തിരികെ എത്തണമെന്ന വിധത്തിൽ വാർത്ത വന്നത്.

യുകെയിലെത്തി ആറ് വർഷത്തിന് ശേഷവും വാർഷികവരുമാനം 35,000 പൗണ്ട് ഇല്ലാത്ത വിദേശ തൊഴിലാളികളെല്ലാം മാതൃരാജ്യത്തേക്ക് മടങ്ങണമെന്നാണ് പുതിയ നിയമത്തിലൂടെ ഗവൺമെന്റ് നിർദ്ദേശമാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ഇത് നടപ്പിലായാൽ നടപ്പിലായാൽ 2020 ഓടെ ആയിരകണക്കിന് നഴ്‌സുമാരെ നാട് കടത്തേണ്ടി വരുമെന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്.

ഇന്ത്യക്കാരുൾപെടെ 30,000 നഴ്‌സുമാരാണ് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസിൽ 35000 പൗണ്ട് വാർഷിക വരുമാനമില്ലെങ്കിൽ യുകെയിൽനിന്നും പുറത്തുപോകേണ്ടിവരിക. എന്നാൽ ഇപ്പോൾ തന്നെ ജീവനക്കാരുടെ ക്ഷാമത്താൽ വീർപ്പുമുട്ടുകയാണ് എൻഎച്ച്എസ് (നാഷണൽ ഹെൽത്ത് സർവ്വീസിൽ). കൂടുതൽ നഴ്‌സുമാർക്ക് പിആർ കിട്ടാത്ത അവസ്ഥയുണ്ടായി സ്വദേശങ്ങളിലേക്ക് മടങ്ങിപോയാൽ സ്ഥിതി കൂടുതൽ പരുങ്ങലിലാകും. ഇത്തരത്തിൽ മടങ്ങുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്‌സുമാരാണ്. ഇരു രാജ്യങ്ങളും ബ്രിട്ടനിലേക്ക് ദശാബ്ദങ്ങളായി സ്ഥിരമായി നഴ്‌സുമാരെ നൽകുന്ന രാജ്യങ്ങളുമാണ്.

ബ്രിട്ടനിലെ പ്രായമായവരെ പരിചരിക്കാൻ കൂടുതൽ നഴ്‌സുമാരെ ആവശ്യമുള്ളതിനാലും ഇവിടെയുള്ളവരെ പരിശീലിപ്പിച്ച് നഴ്‌സുമാരാക്കുന്നതിൽ വേണ്ടത്ര വിജയിക്കാത്തതിനാലും എൻഎച്ച്എസ് വർഷങ്ങളായി നഴ്‌സുമാരിലധികം പേരെയും ഇന്ത്യ ഉൾപെടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യുകയാണ് പതിവ്. പുതിയ കണക്കുകൾ പ്രകാരം എൻഎച്ച്എസസിൽ ഒരു വർഷം ചേരുന്ന 34,000 പുതിയ നഴ്‌സുമാരിൽ അഞ്ചിൽ ഒന്നെന്ന തോതിൽ പുറംരാജ്യങ്ങളിൽ നിന്നുള്ളവരാണ്. പ്രധാനമായും ഇന്ത്യ ഫിലിപ്പീൻസ്, സ്‌പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. പുതിയ നിയമം മൂലം നഴ്‌സുമാരിൽ ഭൂരിഭാഗവും മാതൃരാജ്യത്തേക്ക് മടങ്ങേണ്ടി വന്നാൽ എൻഎച്ച്എസിന്റെ പ്രവർത്തനം തന്നെ താറുമാറാകുമെന്നാണീ വസ്തുതകൾ സൂചിപ്പിക്കുന്നത്.

യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് യുകെയിലെത്തുന്ന എല്ലാ വിദേശ തൊഴിലാളികൾക്കും യുകെയിൽ പി.ആർ നേടണമെങ്കിൽ അവർക്ക് വർഷം തോറും ചുരുങ്ങിയത് 36,000 പൗണ്ടെങ്കിലും സമ്പാദിച്ചിരിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇതു പ്രകാരമുള്ള നയം അടുത്ത വർഷം മുതലാണ് നടപ്പിലാകുന്നത്. ഇതു പ്രകാരം മിനിമം ശമ്പളം ലഭിക്കാത്തവർക്ക് സ്വരാജ്യത്തേക്ക് മടങ്ങിപ്പോകേണ്ടി വരും. യുകെയിലേക്കുള്ള കുടിയേറ്റത്തിന് തടയിടാനുള്ള കർക്കശമായ നിയമങ്ങളാണ് ഇപ്പോൾ സർക്കാർ കൊണ്ടുവരുന്നത്. വിദേശത്ത് നിന്നുള്ള നഴ്‌സുമാരെ ഗുരുതമായി ബാധിക്കുന്ന പുതിയ പരിഷ്‌കാരത്തെയും അതിന്റെ ഭാഗമായി കണക്കാക്കാവുന്നതാണ്.