ന്യൂഡൽഹി: കോൺഗ്രസ് വിജയക്കൊടി പാറിച്ച തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വരുന്നത് സമ്മതിദായകരെ ഞെട്ടിക്കുന്ന വാർത്തയാണ്. രാജ്യത്തിന്റെ ഹൃദയ ഭൂമിയായ മധ്യപ്രദേശിൽ നിന്നുമാണ് എംഎൽഎമാരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. ഇവിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎ‍ൽഎ.മാരിൽ 187 പേർ കോടീശ്വരന്മാരാണെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. മധ്യപ്രദേശ് ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ.) ചേർന്നുനടത്തിയ വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 230 അംഗ നിയമസഭയിൽ 41 ശതമാനം ആളുകളുടെ പേരിൽ ക്രിമിനൽ കേസുണ്ട്.

ബിജെപി.യുടെ ആകെയുള്ള 109 എംഎ‍ൽഎ.മാരിൽ 91 പേരും (84 ശതമാനം), കോൺഗ്രസിന്റെ 114 എംഎ‍ൽഎ.മാരിൽ 90 പേരും (79 ശതമാനം) കോടിപതികളാണ്. ബി.എസ്‌പി.യുടെയും എസ്‌പി.യുടെയും ഒന്നുവീതവും നാല് സ്വതന്ത്ര എംഎ‍ൽഎ.മാരും കോടിപതികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

എംഎ‍ൽഎ.മാരുടെ ശരാശരി ആസ്തി 10.17 കോടി രൂപയാണ്. 2013-ൽ ഇത് 5.24 കോടി രൂപയായിരുന്നു. വിജയരാഘവഗഢിൽനിന്നുള്ള ബിജെപി. എംഎ‍ൽഎ. സഞ്ജയ് സത്യേന്ദ്ര പഥക് ആണ് ഏറ്റവും വലിയ കോടീശ്വരൻ. ഏകദേശം 226 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട് അദ്ദേഹത്തിന്. 94 എംഎ‍ൽഎ.മാരുടെപേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് (കോൺഗ്രസ്-56, ബിജെപി.-34, ബി.എസ്‌പി.-2, എസ്‌പി.-1, സ്വതന്ത്ര എംഎ‍ൽഎ.മാരിൽ ഒരാൾ).

കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട് 47 എംഎ‍ൽഎ.മാരുടെപേരിൽ ഗുരുതരമായ ക്രിമിനൽ കേസും (കോൺഗ്രസ്-28, ബിജെപി.-15, ബി.എസ്‌പി.-2, എസ്‌പി.-1, സ്വതന്ത്ര എംഎ‍ൽഎ.മാരിൽ ഒരാൾ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. 155 എംഎ‍ൽഎ.മാർ ബിരുദധാരികളാണ്. 64 പേർക്ക് അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിലേ വിദ്യാഭ്യാസമുള്ളൂ.