ന്യൂഡൽഹി: ഇസ്രയേൽ താരത്തെ നേരിടുന്നത് ഒഴിവാക്കാൻ ടോക്യോ ഒളിംപിക്‌സിൽനിന്നു പിന്മാറിയ ജൂഡോ താരത്തെയും പരിശീലകനെയും 10 വർഷത്തേക്കു വിലക്കി രാജ്യാന്തര ജൂഡോ അസോസിയേഷൻ. മൂന്നു തവണ ആഫ്രിക്കൻ ചാംപ്യനായിട്ടുള്ള അൽജീരിയൻ താരം ഫെതി നൗറിനെയും പരിശീലകനെയുമാണു വിലക്കിയത്.

ഇസ്രയേൽ താരം തോഹാർ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാൻ ടോക്യോ ഒളിംപിക്‌സിൽനിന്നു 30 കാരനായ ഫെതി പിന്മാറിയിരുന്നു. ജൂലൈ 24നു സുഡാനീസ് താരം മുഹമ്മദ് അബ്ദൽ റസൂലുമായായിരുന്നു ടോക്യോ ഒളിംപിക്‌സിലെ ഫെതിയുടെ ആദ്യ റൗണ്ട് മത്സരം.

 

എന്നാൽ ഈ മത്സരം ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേൽ താരത്തെ എതിരാളിയായി ലഭിക്കുമെന്നു വന്നതോടെയായിരുന്നു 73 കിലോഗ്രം വിഭാഗത്തിലെ മത്സരത്തിൽനിന്നുള്ള ഫെതിയുടെ പിന്മാറ്റം.

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ താരത്തിനെതിരായ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു മത്സരത്തിനു 4 ദിവസം മുൻപാണു ഫെതി വ്യക്തമാക്കിയത്. 'ഞാനും പരിശീലകനും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്നോടും എന്റെ കുടുംബാംഗങ്ങളോടും അൽജീരിയൻ ജനതയോടുമുള്ള ആദരവിവന്റെ ഭാഗമാണു തീരുമാനം. ഞങ്ങൾ ഫലസ്തീൻ ജനതയ്‌ക്കൊപ്പമാണ്' എന്നായിരുന്നു ഫെതി പറഞ്ഞത്.

ഇതിനു പിന്നാലെ താരത്തിന്റെയും പരിശീലകന്റെയും അംഗീകാരം റദ്ദാക്കിയ അൽജീരിയൻ ഒളിംപിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്കു തിരിച്ചയച്ചിരുന്നു. 2019ലെ ജൂഡോ ലോക ചാംപ്യൻഷിപ്പിൽനിന്നും ഇതേ കാരണത്താൽ പിന്മാറിയ താരമാണു ഫെതി. ഒളിംപിക് ചട്ടങ്ങളുടെ ലംഘനമാണു ഫെതി നടത്തിയത് എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.