തിരുവനന്തപുരം: ന്യൂസ് കേരള 18ലെ പീഡനത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എത്ര ഉന്നതരായാലും സ്ത്രീകൾക്ക് നേരെയുള്ള പീഡനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതിനിടെ വിഷയത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. ചാനൽ എഡിറ്റർ രാജീവ് ദേവരാജിനെതിരെയാണ് കേസെടുക്കുന്നത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയത് വഞ്ചിയൂർ പൊലീസാണ്. എന്നാൽ കേസ് തുമ്പ സ്റ്റേഷന് കൈമാറി. സംഭവം നടന്നത് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അതുകൊണ്ടാണ് കൈമാറ്റം. നിലവിൽ ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേർന്ന് ആക്രമിക്കലുമാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. എന്നാൽ യുവതിയുടെ മൊഴിയിൽ സ്ത്രീകളെ അപമാനിക്കൽ എന്ന കുറ്റവും നിറയുന്നുണ്ട്. ഈ വകുപ്പ് കൂടി ചേർത്് കേസെടുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കേണ്ടി വരും. ചാനൽ മേധാവിയായ രാജീവ് ദേവരാജ് കേസിൽ പ്രതിയാകുമെന്ന് ഉറപ്പാണ്. സനീഷിനെതിരെ ദളിത് പീഡന ആരോപണമാണ് ഉള്ളത്. ഇക്കാര്യത്തിൽ ഇപ്പോൾ കേസെടുക്കില്ല. സനീഷിനെതിരായ പരാതി രാജീവ് മുക്കിയെന്നതും ഗൗരവമായ വിഷയമാണ്. ഇത് കേരളാ പൊലീസ് മറ്റൊരു കേസായി രജിസ്റ്റർ ചെയ്യും. അതുകൊണ്ട് തന്നെ നിലവിലെ എഫ് ഐ ആറിൽ സനീഷിനെതിരെ പരാമർശമില്ല.

യുവതിയെ മാനസികമായി തകർക്കാൻ ലല്ലു ശശിധരനും സിഎൻ പ്രകാശും ദിലീപ് കുമാറും ശ്രമിച്ചുവെന്നാണ് ആരോപണം. യുവതിയുടെ മൊഴി പൊലീസ് സൂക്ഷ്മമായി വിശകലനം ചെയ്യും. ദളിത് പീഡന വകുപ്പുകളും കേസിൽ ഉൾപ്പെടുത്തേണ്ടി വരും. അങ്ങനെ വന്നാൽ കേസ് കൂടുതൽ കടുക്കും. ഈ സാഹചര്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നവർക്ക് ദീർഘകാലം അഴിക്കുള്ളിലാക്കാനുള്ള സാധ്യത തെളിയും. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളത്. ആരേയും അറസ്റ്റ് ചെയ്യിക്കാതിരിക്കാൻ നീക്കം സജീവമാണ്. അതിനിടെ പ്രതികളെല്ലാം ഇടതു പക്ഷ അനുഭാവികാളാണ്. ഈ സാഹചര്യം മുതൽക്കൂട്ടാക്കാൻ ചെറിയ വകുപ്പുകൾ ചുമത്തിക്കാനാണ് നീക്കം. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്ര വിചിത്രം ഫെയിമായിരുന്നു ലല്ലു. അവിടെ നിന്നാണ് ന്യൂസ് 18 കേരളയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴിയിലും ലല്ലുവിനെതിരെ പരാമർശമുണ്ടെന്നാണ് സൂചന.

കേസിൽ രാജീവ് ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയും ലല്ലു മൂന്നാം പ്രതിയും സിഎൻ പ്രകാശ് നാലാം പ്രതിയുമാകുമെന്നാണ് സൂചന. സനീഷിനെ പ്രതിചേർക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ദളിത് പീഡന വകുപ്പ് ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് സനീഷിന് വേണ്ടിയാണെന്നാണ് ആക്ഷേപം. ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിന് ശേഷം തൊഴിലിടത്തെ പീഡനത്തിൽ അന്തിമ തീരുമാനം എടുക്കും. എന്നാൽ കടുത്ത തൊഴിൽ പീഡനമാണ് നടന്നതെന്നും. അതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ആരോപണമുണ്ട്. ഇത് തിരുവനന്തപുരത്തെ പത്രക്കാർ ഉയർത്തുന്നുണ്ട്. അതിനാൽ പെൺകുട്ടിയുടെ മൊഴിക്ക് അനുസരിച്ച് കേസെടുക്കേണ്ട അവസ്ഥയാണുള്ളത്.

അതിനിടെ കേസിന്റെ ചുമതല കമ്മീഷണർ നേരിട്ട് ഏറ്റെടുത്തതായും സൂചനയുണ്ട്. എസ് ഐമാരുമായി കേസിന്റെ വിശദാംശങ്ങൾ കമ്മീഷണർ ചർച്ച ചെയ്തു. നിയമോപദേശം തേടി ചുമത്തേണ്ട വകുപ്പുകളിൽ തീരുമാനവും എടുക്കുമെന്നാണ് ലഭിച്ചുന്ന വിവരം. ഇതോടെ കേസ് കൂടുതൽ കടുക്കും. ഇത് മനസ്സിലാക്കിയാണ് അട്ടിമറി നീക്കങ്ങളുമായി ചില മാധ്യമ പ്രവർത്തകർ സജീവമാകുന്നത്. എന്നാൽ ഒന്നും വിലപോവില്ല. മംഗളം ഹണിട്രാപ് വിവാദത്തിൽ കുടുങ്ങിയപ്പോൾ സിഇഒ അജിത് കുമാർ അടക്കമുള്ളവർ അറസ്റ്റിലായി. അന്ന് ധാർമികത ഉയർത്തി നിന്നവരാണ് ഇപ്പോൾ ചാനൽ 18 കേരളയിലെ മാധ്യമ പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. മാധ്യമ പ്രവർത്തകയെ ആശുപത്രിയിലെത്തിച്ചപ്പോൾ ഓടിയെത്തി ഭഷ്യ വിഷബാധയെന്ന് ആശുപത്രിക്കാരെ തെറ്റിധരിപ്പിച്ചത് ഗുരുജി എന്ന് അറിയപ്പെടുന്ന ന്യൂസ് എഡിറ്ററായ സന്തോഷ് നായറാണെന്ന സൂചനയും മറുനാടന് ലഭിച്ചു.

ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ട സാഹചര്യം ഉണ്ട്. നിലവലിൽ ഐപിസി 306, ഐപിസി 34 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ആദ്യത്തേത്. രണ്ടാമത്തേത് സംഘം ചേർന്ന് പീഡിപ്പിക്കലും. ഈ പ്രതിപട്ടികയിൽ ഗുരുജി ഇല്ല. എന്നാൽ കേസ് അട്ടിമറിക്കാൻ ഗുരുജി നീക്കം നടത്തുന്നുവെന്ന ആക്ഷേപം സജീവമാണ്. നിലവിൽ കൂടുതൽ വകുപ്പുകൾ ചുമതേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ആർക്കും ഒരു ഇളവും നൽകരുതെന്ന് പൊലീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനം മൂലം ദളിത് മാധ്യമപ്രവർത്തക ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പ്രതിഷേധിക്കാനൊരുങ്ങുകയാണ്.

കഴക്കൂട്ടത്തെ ന്യൂസ് 18 കേരള ആസ്ഥാനം ഉപരോധിക്കാൻ ഇവർ ഒരുങ്ങുതായാണ് സൂചന. രാജീവ് ദേവരാജ്, ഇ സനീഷ് ഉൾപ്പെടെയുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ ഓഫീസിലേയ്ക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. പത്രപ്രവർത്തക യൂണിയൻ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുത്തിരുന്നു. മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേർന്നതിനാൽ കനത്ത സമരത്തിലേയ്ക്ക് നീങ്ങാൻതന്നെയാവും പത്രപ്രവർത്തക യൂണിയനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കഴക്കൂട്ടത്തെ ന്യൂസ് 18 കേരളം ആസ്ഥാനത്തിന് കമ്പനി അധികൃതർ പൊലീസ് സംരക്ഷണം തേടിയതായും റിപ്പോർട്ടുകളുണ്ട്.