കണ്ണൂർ: കണ്ണൂർ ജില്ലയിൽ ലോക്കൽ സമ്മേളനത്തിന്റെ വാർത്ത തത്സമയം തന്നെ ചോർന്ന സംഭവത്തിൽ പാർട്ടി നേതൃത്വം അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ഇരിവേരി ലോക്കൽ സമ്മേളത്തിനിടെയാണ് വാർത്ത ചോർന്നതായി പറയുന്നത്.
സിപിഎം ഇരിവേരി ലോക്കൽ സമ്മേളനത്തിടെ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടേതായി അവതരിപ്പിക്കപ്പെട്ട പാനൽ സംബന്ധിച്ച വാർത്തയാണ് ചോർന്നത്.

ഒരു പ്രാദേശിക ഓൺലൈൻ ന്യൂസിനാണ് വാർത്തകൾ ചോർന്നു കിട്ടിയത്. സമ്മേളനം കഴിയുന്നതിന് മുമ്പ് പാനൽ അംഗങ്ങളെ സംബന്ധിച്ചുള്ള വാർത്ത വന്നതിന് എതിരെ ആക്ഷേപവുമായി യുവജന സംഘടനയുടെ മേഖല പ്രസിഡണ്ടുൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ സമ്മേളനത്തിൽ ഈക്കാര്യം ചർച്ചയായി.

ഉന്നത സിപിഎം നേതാവിന്റെ മരുമകനാണ് പ്രസ്തുത ന്യൂസ് പോർട്ടലിന്റെ അഡ്‌മിൻ എന്നതാണ് പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ വാർത്തയുടെ പേരിൽ പ്രതിനിധികൾക്കിടെയിൽ അസ്വാരസ്യം സൃഷ്ടിച്ചതിനെ തുടർന്ന് നേതാക്കൾ മുറി അടച്ചിട്ട് ചർച്ച ചെയ്യുകയും പിന്നീട് സമ്മേളനം തുടരുകയുമായിരുന്നു.

ലോക്കൽ കമ്മിറ്റി മെമ്പറാണ് വാർത്ത ചോർത്തിയെന്നാണ് ആരോപണം ഉയർന്നത്. ഒടുവിൽ സമ്മേളന പ്രതിനിധി പോലും അല്ലാത്ത എരിയാ കമ്മിറ്റിയംഗത്തിന്റെ മകളുടെ ഭർത്താവാണ് വാർത്ത മാധ്യമത്തിന് നൽകിയതെന്ന് പാർട്ടി കണ്ടെത്തിയതായി പറയപ്പെടുന്നു. എന്നാൽ തനിക്ക് പാർട്ടി സമ്മേളനത്തിനകത്ത് നിന്നുതന്നെയാണ് വാർത്ത ചോർത്തി തന്നതെന്ന് ഈ വ്യക്തി വെളിപ്പെടുത്തിയതോടെ അഞ്ചരക്കണ്ടി ഏരിയയിൽ പാർട്ടിക്കകത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

എരിയാ കമ്മിറ്റി സെക്രട്ടറിയെ അനുകൂലിക്കുന്ന വിഭാഗം ഏകപക്ഷീയമായി അവതരിപ്പിക്കപ്പെട്ട പാനൽ ലിസ്റ്റാണ് പുറത്ത് വന്നതെന്ന. ആരോപണവും ഉയർന്നിട്ടുണ്ട്. ഇദ്ദേഹത്തെ എതിർക്കുന്ന ഒരു വിഭാഗം വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന. ആരോപണം.

ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് പാനൽ പുറത്ത്വിട്ട് അംഗീകാരം നേടിയെടുക്കാനുള്ള നീക്കമാണ് വാർത്ത ചോർത്തലിന് പിന്നിലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. എന്നാൽ ഈക്കാര്യം പുർണമായി നിഷേധിച്ചു കൊണ്ടാണ് അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി പാർട്ടി തല അന്വേഷണം നടത്താൻ തീരുമാനിച്ചത്.