കൊച്ചി: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മനോരമാ ന്യൂസ് മേക്കർ പുരസ്‌ക്കാര വിതരണം നാളെ നടക്കും. എറണാകുളത്ത് ലേ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ പുരസ്‌ക്കാരം ഏറ്റുവാങ്ങും. മനോരമാ ന്യൂസ് ചാനൽ എല്ലാവർഷവും നടത്തുന്ന മെഗാ കോണ്ടസ്റ്റ് ആണ് ന്യൂസ് മേക്കർ. പ്രേക്ഷക പങ്കാളിത്തവും മറ്റു ചില ഘടകങ്ങളും സമന്വയിപ്പിച്ചാണ് അതത് വർഷങ്ങളിലെ ന്യൂസ് മേക്കർ പുരസ്‌ക്കാരം നിർണയിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മോഹൻലാലാണ് ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിന് അർഹനായത്. എന്നാൽ 2017ലെ ന്യൂസ് മേക്കർ കോണ്ടസ്റ്റിനെ പോലും പ്രതിസന്ധിയിലാക്കും വിധം 2016ലെ പുരസ്‌ക്കാര ദാനം അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു.

2016ലെ പുരസ്‌ക്കാരം വിതരമം ചെയ്യാതെ 2017ലെ കോണ്ടസ്റ്റിലേക്ക് പോകേണ്ടി വന്നത് ചാനലിലും അതൃപ്തികൾക്ക് ഇടയാക്കിയിരുന്നു. പുരസ്‌ക്കാര വിതരണത്തിനായി കണ്ടെത്തേണ്ട അതിഥിയുടെ കാര്യത്തിൽ ആണ് ഏറ്റവും പ്രധാന വെല്ലുവിളി ഉണ്ടായത്. അമിതാഭ് ബച്ചനേയും കമൽഹാസനെയുമൊക്കെ പുരസ്‌ക്കാരദാനത്തിനായി എത്തിക്കാൻ മനോരമ ന്യൂസിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല. അതിഥിയുടെ കാര്യത്തിൽ വ്യക്തതയും തൃപ്തിയും ഇല്ലാതായതോടെ മോഹൻലാലും ഇക്കാര്യത്തിൽ വലിയ താത്പര്യം കാണിച്ചുമില്ല. ചാനലിന്റെ ഭാഗത്ത് നിന്നും വലിയ ശ്രമങ്ങൾ തന്നെ വേണ്ടി വന്നു 2017ൽ ഈ പുരസ്‌ക്കാര ദാന ചടങ്ങ് നടത്താൻ. രണ്ട് ദിവസം മുൻപ് മാത്രമാണ് മോഹൻലാൽ സമയം നൽകാൻ തയ്യാറായത്.

മോഹൻലാലിന്റെ സിനിമാ ജിവിതത്തിലെ പ്രധാന ചിത്രങ്ങളൊരുക്കിയ സംവിധായകരാകും ന്യൂസ് മേക്കറിൽ ലാലിന് പുരസ്‌ക്കാരം സമ്മാനിക്കുക. ജോഷി, സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ പ്രമുഖ സംവിധായകർ ചടങ്ങിലേക്കെത്തും. മോഹൻലാലിനെ നായകനാക്കി സിനിമയെടുത്ത സംവിധായകരിൽ ജീവിച്ചിരിക്കുന്ന എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ചടങ്ങ് ആലോചനയിലുണ്ടായിരുന്നെങ്കിലും പ്രമുഖ സംവിധായകരെ അണിനിരത്തി പുരസ്‌ക്കാര ദാനം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ആറുമാസത്തിലധികം ചാനൽ വെള്ളം കുടിച്ച പരിപാടിയാണ് നാളെ ലേ മെറിഡിയനിൽ നടക്കുക

പുരസ്‌കാരദാന ചടങ്ങ് ഈ മാസം അവസാനം മനോരമ നിശ്ചയിച്ചിരുന്നു. എന്നാൽ ഈ ചടങ്ങിൽ മോഹൻലാൽ എത്തില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.