തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുൾപ്പെടെ നൂറോളം ഉന്നതർക്കെതിരെ വിജിലൻസ് നടത്താനിരുന്ന 'ഓപ്പറേഷൻ അഴിമതി' സർക്കാർ തടഞ്ഞെന്ന് വാർത്ത. അന്യസംസ്ഥാനങ്ങളിലും വിദേശത്തും അവിഹിത സ്വത്ത് വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്ത ഒരു ഡസനിലേറെ പേരാണ് ഇതിലൂടെ രക്ഷപ്പെടാൻ പോകുന്നത്. കേരള കൗമിദിക്കായി എംഎച്ച് വിഷ്ണുവാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉന്നതരാണ് ഇതിലൂടെ രക്ഷപ്പെടാൻ പോകുന്നതെന്നാണ് കേരള കൗമുദി വാർത്ത.

മഹാരാഷ്ട്രയിലും ആന്ധ്രയിലും ഊട്ടിയിലും നൂറ് കണക്കിന് ഏക്കർ തോട്ടങ്ങളും ശ്രീലങ്കയിലും ഗൾഫിലും ബിസിനസുമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കഴിഞ്ഞ നവംബറിലാണ് വിജിലൻസ് തയ്യാറാക്കിയത്. അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാനുള്ള പദ്ധതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമായിരുന്നു . ഭാര്യയുടേയും മക്കളുടേയും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയുമൊക്കെ പേരിൽ ഇവർ കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. വിജിലൻസ് മേധാവി വിൻസൺ എം. പോളിന്റെ മേൽനോട്ടത്തിൽ ഇവരുടെ സ്വത്തുവിവരത്തിന്റെ റിപ്പോർട്ടും ആദായനികുതി രേഖകളും രഹസ്യമായി ശേഖരിച്ചു.റെയ്ഡുകൾ നടത്താൻ സർക്കാരിന്റെ അനുമതി ചോദിച്ചതോടെയാണ് വിലങ്ങ് വീണത്. തിടുക്കത്തിൽ നടപടികൾ വേണ്ടെന്നായി നിർദ്ദേശം.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ 14,000കോടിയുടെ മോണോ റെയിൽ പദ്ധതിയുടെ കരാർ ലഭിക്കാൻ, അടുത്തിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ അരക്കോടി രൂപയാണ് അഡ്വാൻസ് കൈപ്പറ്റിയത്. മോണോറെയിൽ പ്രായോഗികമല്ലെന്ന് കണ്ട് ലൈറ്റ് മെട്രോ മതിയെന്ന് സർക്കാർ തീരുമാനിച്ചതോടെ അരക്കോടി രൂപ തിരിച്ചു വാങ്ങാൻ ബ്രിട്ടൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻപ്രതിനിധി തലസ്ഥാനത്ത് തമ്പടിച്ചത് മൂന്ന് മാസം മുൻപാണ്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യാ പസഫിക്കിലും ആഫ്രിക്കയിലുമടക്കം 27രാജ്യങ്ങളിൽ സ്വാധീനമുള്ള കമ്പനിയാണിത്. കരാർ ലഭിക്കാതായതോടെ കമ്പനിയുടെ വഡോദരയിലെ ഉദ്യോഗസ്ഥന്റെ ജോലിനഷ്ടപ്പെട്ടു. കമ്പനി പ്രതിനിധി ഉന്നത രാഷ്ട്രീയക്കാരെ സമീപിച്ച് പണം തിരിച്ചുവാങ്ങാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരോപണം ശരിയാണെന്ന് വിജിലൻസ് കണ്ടെത്തി. ഇതേ ഉദ്യോഗസ്ഥൻ കേന്ദ്ര സെക്രട്ടറിയായി വിരമിച്ചയാളുമായി ചേർന്ന് ആന്ധ്രയിലെ ചിറ്റൂരിൽ വൻതോതിൽ ഭൂമി വാങ്ങിയതിന്റെ വിവരങ്ങളും വിജിലൻസിനുണ്ട്.

ഭരണകേന്ദ്രങ്ങളുമായി അടുപ്പമുള്ള മറ്റൊരുദ്യോഗസ്ഥന് മഹാരാഷ്ട്രയിൽ 300ഏക്കറിലധികം തോട്ടമുണ്ട്. അഴിമതിക്കേസിൽ കുടുങ്ങിയ മന്ത്രിക്കായി 1200ഏക്കർ തോട്ടം ഈ ഉദ്യോഗസ്ഥൻ വാങ്ങി. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച മറ്റൊരുദ്യോഗസ്ഥനും അഴിമതിക്ക് കളമൊരുക്കി. ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ മറ്റാരേയോ സഹായിക്കാനാണെന്ന് വകുപ്പ്‌സെക്രട്ടറിയായിരുന്ന ടോംജോസ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ സെക്രട്ടേറിയറ്റിൽ കുഴഞ്ഞുവീണ് പരിക്കേറ്റ ഉന്നതോദ്യോഗസ്ഥന് ശ്രീലങ്കയിൽ ഹോട്ടൽ വ്യവസായമാണ്. കൊച്ചിയിൽ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥൻ കഴിഞ്ഞ നാല് വർഷത്തിനിടെ ഊട്ടിയിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി. പത്തേക്കറോളം ഭൂമിക്ക് 55ലക്ഷം രൂപയാണ് സ്വത്ത് റിപ്പോർട്ടിൽ വെളിപ്പെടുത്തിയത്. മെട്രോ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളും വിജിലൻസ് പരിശോധിച്ചിരുന്നു.

വനംവകുപ്പിലെ രണ്ട് ഉന്നതർ കോടിക്കണക്കിന് രൂപയുടെ വരവിൽക്കവിഞ്ഞ സ്വത്തുണ്ടാക്കിതായി കണ്ടെത്തി. രണ്ട് വനിതാ ഉദ്യോഗസ്ഥർ, തെക്ക്‌വടക്ക് ജില്ലകളിലെ മൂന്ന് കളക്ടർമാർ , വയനാട്ടിലെ ഉന്നതകോൺഗ്രസ് നേതാവിന്റെ ഉറ്റബന്ധുവായ ഐ.എ.എസുകാരൻ, കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നിരന്തരം വിദേശയാത്ര നടത്തുന്ന ഉദ്യോഗസ്ഥ, തലസ്ഥാനത്തെ മുൻ ജില്ലാ കളക്ടർ, മൂന്ന് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങൾ, ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ എന്നിവരും വിജിലൻസ് നിരീക്ഷണത്തിലുണ്ട്. പൊലീസ്, വൈദ്യുതിബോർഡ്,മോട്ടോർവാഹന വകുപ്പ്, വാണിജ്യനികുതി, ജലഅതോറി?റ്റി, റവന്യൂ, രജിസ്ട്രറേഷൻ, പൊതുമരാമത്ത്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് അഴിമതിയിലും അനധികൃത സ്വത്ത് സമ്പാദനത്തിലും മുൻപന്തിയിൽ.