തിരുവനന്തപുരം: മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുകയും വിമർശനം ഉയർന്നതിനെ തുടർന്ന് പിൻവലിക്കുകയും ചെയ്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ മൂന്ന് ദിവസമായി നിലയ്ക്കാത്ത തെറിയഭിഷേകം. മറുനാടൻ മലയാളി ജീവനക്കാരുടെ ഫേസ്‌ബുക്ക് വാളിലും കോൺഗ്രസുകാരെ പിന്തുണയ്ക്കുന്ന പേജുകളിലുമൊക്കെയാണ് തെറിയഭിഷേകം നിർബാധം തുടരുന്നത്. രാഹുൽ ഗാന്ധി രണ്ട് മാസം താമസിച്ചിരുന്നത് തായ്‌ലാന്റ് സെക്‌സ് ടൂറിസത്തിന്റെ പറുദീസ ആണ് എന്ന തലക്കെട്ടോടെ മറുനാടൻ ആദ്യം പ്രസിദ്ധീകരിക്കുകയും, പിന്നീട് നീക്കം ചെയ്യുകയും ചെയ്ത ഒരു വാർത്തയുടെ പേരിലാണ് പുലഭ്യംവിളി അരങ്ങു കൊഴുപ്പിക്കുന്നത്.

രാഹുലിനെ കുറിച്ച് മോശമായ ഒരു പരാമർശം പോലും ഇല്ലാതിരുന്ന റിപ്പോർട്ട്, പക്ഷേ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നെന്ന് ചില അഭ്യുദയകാംക്ഷികൾ അറിയിച്ചതിനെ തുടർന്ന് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂർ തികയും മുമ്പ് വാർത്ത നീക്കം ചെയ്തിരുന്നു. മറുനാടൻ വാർത്തകളുടെ പ്രൊമോഷൻ നടത്തുന്ന പുറംകരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനി ഈ വാർത്തയുടെ പ്രൊമോഷന് വേണ്ടിയുണ്ടാക്കിയ ഫേസ്‌ബുക്ക് പോസ്റ്ററാണ് വാർത്തയേക്കാൾ വിവാദമായത്. വാർത്ത പിൻവലിച്ചതിന്റെ കൂടെ ഫേസ്‌ബുക്ക് പ്രൊമോഷൻ പോസ്റ്റും പിൻവലിച്ചെങ്കിലും മറുനാടനെ അടിക്കാൻ വടിവെട്ടി കാത്തിരുന്ന ചിലർ അത് മുതലെടുക്കുകയായിരുന്നു.

രാഹുൽ ഗാന്ധി ലൈംഗികാവശ്യത്തിന് വേണ്ടി തായ്‌ലണ്ട് സന്ദർശിച്ചു എന്ന രീതിയിൽ ഇവർ പെട്ടെന്ന് പ്രചാരണം അഴിച്ചുവിടുകയായിരുന്നു. വാർത്ത വായിക്കാൻ ആർക്കും അവസരം കിട്ടിയില്ലെങ്കിലും ഫേസ്‌ബുക്ക് പോസ്റ്റ് വായിച്ച സാധാരണക്കാരായ പലരും തെറ്റിദ്ധരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് ഭാര്യയെ വെള്ളക്കടലാസിൽ മൊഴിചൊല്ലിയതിന്റെ വാർത്ത പുറത്ത് വിട്ടതിന്റെ പേരിൽ പിണക്കം സൂക്ഷിച്ചിരുന്ന ഒരു വിഭാഗമാണ് പെട്ടെന്ന് ഇത് മുതലെടുക്കാൻ രംഗത്ത് ഇറങ്ങിയത്. ഈ പോസ്റ്റർ കണ്ട സാധാരണക്കാരനും ആശങ്കയിലായി. പരമാവധി പ്രചരിപ്പിക്കാൻ സിദ്ദിഖ് തന്നെ നേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതോടെ വിവാദം കൊടുമ്പിരികൊണ്ടു.

വാസ്തവത്തിൽ ഈ വിവാദം മുഴുവൻ ആരംഭിച്ചത് വാർത്തയും ഫേസ്‌ബുക്ക് പോസ്റ്റും പിൻവലിച്ച ശേഷമായിരുന്നു. മറുനാടൻ മുസ്ലിം വിരുദ്ധമാണെന്ന് വരുത്തിതീർക്കാൻ കാത്തിരുന്ന ചിലർ കൂടി രംഗത്ത് എത്തിയതോടെ കളം ചൂടുപിടിച്ചു. മറുനാടൻ എഡിറ്റർ, ഭാര്യ, ജീവനക്കാർ തുടങ്ങിയവരെയെല്ലാം അസഭ്യം പറഞ്ഞുകൊണ്ടുള്ള അനേകം പോസ്റ്റുകൾ നിമിഷനേരം കൊണ്ട് പ്രചരിച്ചു. അവയിൽ ചിലതാണ് ഇവിടെ കൊടുത്തിരിക്കുന്നത്.


'മറുനാടൻ പൊലയാടി' എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങി ഇവർ ആഘോഷമാക്കുന്നു. വാർത്ത പ്രസിദ്ധീകരിച്ച് ഒന്നോ രണ്ടോ മണിക്കൂർ തികയും മുമ്പ് അത് നീക്കം ചെയ്‌തെങ്കിലും നീക്കം ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമണം മുഴുവൻ. വാർത്തയുടെ ലിങ്ക് ഇല്ലാതെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടാൽ ഏത് സാധാരണക്കാരനും അല്പം കടന്നകൈ ആയല്ലോ എന്ന തോന്നൽ ഉണ്ടാവുക സ്വാഭാവികം. ആ തോന്നലാണ് ഇവർ മുതലെടുക്കാൻ ശ്രമിക്കുന്നത്. മറുനാടൻ മുസ്ലിം വിരുദ്ധമാണെന്ന് വരുത്താൻ ഏറെ നാളായി ശ്രമങ്ങൾ നടത്തുന്ന ചിലർ ഇതേറ്റെടുത്തതോടെ വിമർശകർക്ക് കാര്യങ്ങൾ എളുപ്പമായി.

എല്ലാ മതങ്ങളിലെയും കൊള്ളരുതായ്മകൾ മുഖം നോക്കാതെ മറുനാടൻ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഒരു വിഭാഗം പേർ ആദ്യം മുതലേ മറുനാടനെ മുസ്ലിം വിരുദ്ധമാക്കാൻ ശ്രമം നടത്തുന്നുണ്ട്. അത്തരം ആരോപണങ്ങൾ കുന്നുകൂടിയപ്പോൾ എഡിറ്റർ തന്റെ കോളത്തിലൂടെ വിശദമായ ലേഖനപരമ്പര എഴുതി മറുപടി നൽകിയിരുന്നു. ഏറെ നാളായി തണുത്തിരുന്ന വിഷയം സൗദിയിലെ ഒരു മത വാർത്തയുമായി ബന്ധപ്പെട്ട് അവർ വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. പാശ്ചാത്യ പത്രങ്ങൾ ഇങ്ങനെ എഴുതുന്നു എന്നും എന്നാൽ അത് വ്യാജപ്രചരണം ആണ് എന്നുമായിരുന്നു മറുനാടൻ റിപ്പോർട്ട്. എന്നാൽ ആ വാർത്തയുടെയും ഫേസ്‌ബുക്ക് പോസ്റ്റാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്.

അന്നത്തെ വാർത്ത ഒട്ടു മിക്ക ഓൺലൈൻ പത്രങ്ങളിലും വന്നിട്ടും മറുനാടനെതിരെ മാത്രം ആയിരുന്നു അക്രമം എന്നതുതന്നെ ഇവരുടെ ലക്ഷ്യം വ്യക്തമാക്കുന്നു. രാഹുലിനെതിരെ വരുന്ന വാർത്തയും മറ്റു ചില ഓൺലൈൻ പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇതിനോടകം 50,000 ഷെയർ കഴിഞ്ഞിരുന്നു. എന്നാൽ ആ പത്രത്തെക്കുറിച്ച് ഒരു പരാമർശവും നടത്താത്ത ഇക്കൂട്ടർ വാർത്തയും ഫേസ്‌ബുക്ക് പോസ്റ്റും നീക്കം ചെയ്ത മറുനാടനെതിരെ ചന്ദ്രഹാസം ഇളക്കുന്നു.

വ്യക്തമായ ഒരു അജണ്ടയോടെ മറുനാടനെതിരെ കുപ്രചാരം നടത്തുന്ന ഇക്കൂട്ടർ തന്നെയാണ് ഇപ്പോൾ രാഹുലിനെ സംരക്ഷിക്കാനായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് രാഹുൽ ഗാന്ധിയോടുള്ള സ്‌നേഹം കൊണ്ടല്ല, മറുനാടനെതിരെ പിന്തുണ കിട്ടുന്ന ഒരു വിഷയമായി എടുക്കാനുള്ള ആവേശം കൊണ്ടാണ് എന്ന് വ്യക്തം. ഇതറിയാതെ പാവങ്ങളായ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും എടുത്തു ചാടിയിരിക്കുകയാണ്. മറുനാടന്റെ ഫേസ്‌ബുക്ക് പ്രൊമോഷൻ നടത്തുന്നത് മറ്റൊരു ഗ്രൂപ്പ് ആണെന്നു വ്യക്തമാക്കിയിട്ടും മറുനാടൻ എഡിറ്ററുടെ ചിത്രം വച്ചുള്ള വ്യാജ പ്രചരണം വ്യക്തമാക്കുന്നത് അവർക്ക് പ്രശ്‌നം രാഹുൽ അല്ല മറുനാടൻ തന്നെയാണ് എന്നാണ്.

മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന മറുനാടനെ ഭയപ്പെടുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ പലതും ഇത്തരം സോഷ്യൽ മീഡിയ ഇടപെടലിലൂടെ വിശ്വസ്ത കളയാനുള്ള ശ്രമത്തിലാണ്. മഞ്ഞപത്രം, പൈങ്കിളി എന്നൊക്കെയുള്ള ലേബൽ ഒട്ടിച്ചാൽ മറുനാടനെ തകർക്കാം എന്ന വിശ്വാസമാണ് ഇക്കൂട്ടരുടെ ആവേശത്തിന് കാരണം. പരസ്യത്തിന്റെയും പണത്തിന്റെയും പ്രലോഭനത്തിൽ വീഴാതെ പത്രപ്രവർത്തനം നടത്തുന്ന മറുനാടനെ എന്തുകൊണ്ടാണ് ഇവർക്കൊക്കെ ഭയക്കുന്നത് എന്നതിനുള്ള ഉദാഹരണമായി മാറുകയാണ് ഇത്തരം ദുഷ്പ്രചാരണങ്ങൾ.