എം വി രാഘവൻ പ്രതിസ്ഥാനത്തില്ലാത്ത രണ്ടാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയിൽ ഒരുകാലത്ത് കണ്ണൂരിൽ പാർട്ടി നെഞ്ചേറ്റിയിരുന്ന നേതാവ് എങ്ങനെ ശത്രുവായി? രാഘവനെ ബദൽ രേഖയുടെ പേരിൽ പാർട്ടി പുറത്താക്കിയപ്പോഴും വലിയൊരു വിഭാഗം പ്രവർത്തകർക്ക് എംവിആർ ആരാധ്യപുരുഷനായി തുടർന്നതാണോ മുതിർന്ന നേതാക്കൾക്ക് രാഘവനോട് വിരോധം കൂടാൻ കാരണമായത്? കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ വാർഷിക ആചരണ വേളയിൽ മറുനാടൻ തയ്യാറാക്കിയ പരമ്പരയുടെ അവസാന ഭാഗം:

ന്ത്രി എം. വി. രാഘവനെ എന്തു വന്നാലും തടയുമെന്ന് ഡി.വൈ. എഫ്.ഐ ക്കാർ പ്രഖ്യാപിച്ച സമയമാണത്. കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ ശാഖ ഉത്ഘാടനം ചെയ്യാമെന്നേറ്റ രാഘവൻ അതിൽ നിന്നും കടുകിട വ്യതി ചലിച്ചില്ല. പരിപാടി ഉപേക്ഷിച്ചു കൂടേ എന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും രാഘവൻ ഉറച്ചു നിന്നു. 1994 നവംബർ 25 ന് പൊലീസ് അകമ്പടിയോടെ രാഘവൻ കൂത്തുപറമ്പിൽ കാലു കുത്തി. കൂത്തുപറമ്പ് ടൗണിൽ 500 ലേറെ വരുന്ന യുവാക്കൾ കറുത്ത തൂവാലയുമായി തമ്പടിച്ചിരുന്നു. മന്ത്രിയെ തടയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പരിയാരം സഹകരണ മെഡിക്കൽ കോളേജ് സ്വാശ്രയ മേഖലയിൽ ആരംഭിച്ചതിനും വിദ്യാഭ്യാസ സ്വാശ്രയ വൽക്കരണത്തിനും എതിരെയെന്ന പേരിലാണ് ഡി.വെ. എഫ്.ഐ. യുടെ പ്രതിഷേധം. തന്നെ വധിക്കുകയാണ് ഡി.വൈ. എഫ്.ഐ.യുടെ ഉദ്ദേശമെന്ന് രാഘവനും ഉറപ്പിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം പൊലീസ് ചൂണ്ടിക്കാണിച്ചപ്പോൾ തോക്കും ഉണ്ടയും എന്തിനാണ് തന്നിരിക്കുന്നതെന്ന് രാഘവൻ മറുപടിയും നൽകി.

രാഘവനെ കണ്ടയുടൻ തന്നെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളിയുയർന്നു. രംഗം കലുഷിതമാകുമെന്ന് കണ്ടതോടെ പൊലീസ് ലാത്തി വീശി. ജനക്കൂട്ടം ചിതറിയോടി. കല്ലേറിനിടയിൽ മന്ത്രി രാഘവനെ കസേര ഉയർത്തിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തുടർന്ന് പൊലീസ് വെടിയുതിർത്തു. അതിൽ അഞ്ച് യുവാക്കൾ മരിച്ചു വീണു. 200 ലേറെ പേർക്ക് പരിക്കേറ്റു. പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ മന്ത്രി രാഘവൻ കൊല്ലപ്പെടുമായിരുന്നുവെന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥനായ ഹക്കീം ബത്തേരി പറഞ്ഞിരുന്നു. എന്നാൽ ഒരു തരി മണ്ണുപോലും എം വി രാഘവന്റെ ശരീരത്തിൽ വീണിട്ടില്ലെന്ന് ഡി.വൈ. എഫ്.ഐ. നേതൃത്വം പറഞ്ഞു. രാഘവനും പൊലീസും ചേർന്ന് ബോധപൂർവ്വം കൂട്ട കൊല നടത്താൻ എടുത്ത തീരുമാനത്തിന്റെ അനന്തര ഫലമാണ് കൂത്തുപറമ്പിലെ നരനായാട്ടെന്ന് സിപിഎമ്മും ആരോപിച്ചു.

പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ ഇവിടെ വായിക്കാം:

----------------------------------------------------

ഒന്നാംഭാഗം:

ഇംഗ്‌ളീഷ് അറിയാത്തതു കൊണ്ടാണ് എംവി രാഘവനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് ഇഎംഎസ്; പ്രവർത്തന ശൈലിയിലെ ജനകീയത കൊണ്ട് താത്വികാചാര്യനെ കടത്തിവെട്ടി മുന്നേറിയതോടെ തഴയാൻ അണിയറയിൽ ഒരുങ്ങിയത് തന്ത്രങ്ങൾ; ഇഷ്ടനേതാവ് ബദൽരേഖയുടെ പേരിൽ പാർട്ടിയുടെ പുറത്തായതോടെ ആരാധിച്ച സഖാക്കൾക്ക് ബദ്ധ ശത്രുവായി: കൂത്തുപറമ്പ് വെടിവയ്പിന്റെ വാർഷികത്തിൽ സി.പി.എം-എംവിആർ ഇഷ്ടക്കേടിന്റെ പിന്നാമ്പുറങ്ങൾ വിലയിരുത്തുമ്പോൾ

രണ്ടാംഭാഗം:

ബദൽ രേഖ പാസാക്കിയെടുത്തെങ്കിൽ എംവി രാഘവനും ഒപ്പമുള്ളവരും അന്ന് സംസ്ഥാനസമിതി പിടിച്ചെടുക്കുമായിരുന്നു; ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ എം വിജയകുമാറിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാക്കുന്നതിൽ എംവിആർ വിജയിച്ചു; പാർട്ടി സസ്പെൻഡ് ചെയ്തശേഷം വിളിച്ച അനുരഞ്ജന ചർച്ചയ്ക്ക് വന്നപ്പോൾ ചായ നിരസിച്ച് രാഘവൻ ചോദിച്ചു: 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും'?

----------------------------------------------------

എം വി ആറിനെ രക്ഷിച്ചു കൊണ്ടു പോയ ശേഷം കണ്ടത് നഗരം ചോരയിൽ കുതിർന്നതാണ്. ഡി.വൈ. എഫ്.ഐ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. രാജീവൻ പ്രവർത്തകരായ റോഷൻ, ഷിബുലാൽ, ബാബു. മധു എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സുഷുമ്നാ നാഡി തകർന്ന് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും കിടക്കയിൽ കഴിയുന്നു. പുഷ്പനും രക്തസാക്ഷികളുടെ വീട്ടുകാരും ഇന്നും പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നു. സ്വാശ്രയ കോളേജ് സമരവും അതിനുള്ള ന്യായീകരണത്തിൽ നിന്നും പുഷ്പൻ കടുകിടെ വ്യതിചലിച്ചിട്ടില്ല. എന്നാൽ എം. വി. രാഘവനോടുള്ള പാർട്ടിയുടെ അവസാന കാല സമീപനത്തോട് പുഷ്പന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാർട്ടി തന്നെയാണ് പുഷ്പന് ഇന്നും ജീവിക്കാനുള്ള പ്രചോദനമാകുന്നത്.

കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ 2015 വരെ കുറ്റപ്പെടുത്തിയ എംവിആറിന്റെ മക്കളായ എംവിഗിരിജയെ തദ്ദേശ തിരഞ്ഞെടുപ്പിലും എം. വി. നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നതാണ് കേരളം കണ്ടത്. ഇരുവരും രണ്ട് സഭകളിലും തോൽക്കുകയും ചെയ്തു. മുഖ്യ ശത്രുവും വർഗ്ഗ ശത്രുവുമായി കാൽ നൂറ്റാണ്ടിലേറെ കാലം മുദ്ര കുത്തപ്പെട്ട എം. വി. രാഘവൻ അവസാന കാലം സിപിഎമ്മിന് സ്വീകാര്യനാവുകയും ചെയ്തു. രോഗകിടക്കയിൽ ബോധം നഷ്ടപ്പെട്ട എം വിആറിനെ പാർട്ടി ഒപ്പം കൂട്ടുകയായിരുന്നു.

എം വിആർ. പോലുമറിയാതെ. ഇപ്പോൾ എം വിആർ ധീരനായ നേതാവാണ്. കഴിഞ്ഞ വർഷത്തെ എം വിആറിന്റെ ഒന്നാം ചരമവാർഷികത്തിൽ പാർട്ടി നേതാക്കളുടെ നാവിൽ നിന്നുതന്നെ അത് വീണു. ധീരനായ നേതാവെന്ന്. കമ്യൂണിസ്റ്റ് ഐക്യത്തിന് അവസാനകാലത്ത് എം വിആർ താത്പര്യം കാണിച്ചുവെന്നാണ് സി.പി.എം പറയുന്നത്. അതുകൊണ്ടു തന്നെ അവർ ചുവപ്പ് പരവതാനി വിരിച്ചു നൽകി. സി.എംപി രണ്ടായി. പ്രജ്ഞയറ്റ് അവശ നിലയിലായപ്പോഴും മരണത്തിന് തൊട്ടു മുമ്പ് സി.പി.എം പൊതുപരിപാടിയിൽ എം വിആറിനെ പങ്കെടുപ്പിക്കുകയും ചെയ്തു.

കാൽ നൂറ്റാണ്ടിന് മുമ്പ് പടിയിറങ്ങിയ രാഘവൻ പടുത്തുയർത്തിയ കണ്ണൂരിലെ സി.എംപി. ജില്ലാ കമ്മിറ്റി ഓഫീസ് ഇപ്പോൾ സിപിഎമ്മിന്റെ കയ്യിലാണ്. പാർട്ടി ഓഫീസുകളും മറ്റും കോടതി മുഖേന തങ്ങൾക്ക് ലഭിക്കുമെന്ന വിശ്വാസത്തിലാണ് എം വിആറിന്റെ വിശ്വസ്തനായ സി.എ. അജീർ. സി.പി.എം സമിതി ഭരണം നിയന്ത്രിക്കുമ്പോഴും പരിയാരം മെഡിക്കൽ കോളേജ് ഇന്നും സ്വാശ്രയ സ്ഥാപനമാണ്. എം വിആർ ഈ സ്ഥാപനം ആരംഭിച്ച കാലത്തെ ഭരണഘടനയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. മോറാഴ, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും സി.പി.എം നിയന്ത്രണത്തിൽ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ സമരം ചെയ്താണ് യുവാക്കൾ വെടിയേറ്റു മരിച്ചത്. കൂത്തു പറമ്പ് രക്തസാക്ഷികളുടെ കല്ലറകളിൽ പാർട്ടിയുടെ പുതിയ മുദ്രാവാക്യം വിളി എത്താതിരിക്കട്ടെ.

(പരമ്പര അവസാനിക്കുന്നു)