- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടി രൂപയുടെ സ്ഥലം എഴുതി വാങ്ങി; പാര്ട്ടി നേതാവിന് എതിരെ പോലീസ് കേസ്
ലണ്ടൻ: മകളെ ഡോക്ടറാക്കാൻ വേണ്ടി അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തുക. ഇക്കഴിഞ്ഞ ജനുവരിയിൽ മലയാളികൾ ഞെട്ടലോടെ കേട്ട വാർത്തയാണ്. ഒരു ഡോക്ടറെയും എഞ്ചിനീയറെയും സൃഷ്ടിച്ചെടുത്തു സമൂഹത്തിൽ വിലയും നിലയും സ്വന്തമാക്കാൻ ശരാശരി മലയാളി കുടുംബങ്ങൾ നടത്തുന്ന പെടാപ്പാടിന്റെ ബാക്കിപത്രമായാണ് ഈ സംഭവം പൊതുവെ വിലയിരുത്തപ്പെട്ടത്. മൂവാറ്റുപുഴയിലെ സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ മുഖ്യ ചുമതലക്കാരി ആയിരുന്ന രാജശ്രീ ആയിരുന്നു സിനിമാക്കഥയെ തോൽപ്പിക്കുന്ന മട്ടിൽ മകൾക്കായി പണം തിരിമറി നടത്തിയത്.
റഷ്യയിൽ മകളെ പഠിപ്പിക്കാൻ സാമ്പത്തിക ഞെരുക്കം വന്നതോടെയാണ് ഈ കടുംകൈ ചെയ്യാൻ അവർ തയ്യാറായത് എന്നാണ് അന്ന് പുറത്തു വന്ന വിവരം. കളവ് നടത്തിയ പണം ഉപയോഗിച്ച് ഡോക്ടറായ മകൾ മാഞ്ചസ്റ്ററിൽ ജോലി നേടിയ ശേഷം വിവാഹത്തിന് നാട്ടിൽ വന്നപ്പോഴായിരുന്നു പണം തിരിമറിയിൽ അമ്മയും മകളും അറസ്റ്റിൽ ആകുന്നതും റിമാൻഡിൽ ജയിലിൽ കഴിഞ്ഞതും. മകൾ മാഞ്ചസ്റ്ററിൽ ആയിരുന്നതിനാൽ ഈ സംഭവം യുകെ മലയാളികൾക്കും ഏറെ കൗതുകം നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ വലിയൊരു ട്വിസ്റ്റ് സംഭവിക്കുകയാണ്. കേസിനെ തുടർന്ന് ജയിലിൽ കയറിയ കുടുംബത്തെ സിപിഎം ഏരിയ കമ്മിറ്റിയിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ അടക്കം ഒരു കോടിയിൽ പരം രൂപ വിലവരുന്ന ഭൂമി രാജശ്രീ തട്ടിപ്പു നടത്തിയ സ്ഥാപനത്തിന് എഴുതി നൽകിച്ചു എന്ന പരാതിയാണ് ഉയരുന്നത്. ഇതിനായി രാജശ്രീക്കും പെണ്മക്കൾക്കും നേരെ സമ്മർദവും ശാരീരിക അക്രമവും ഉണ്ടായതായും ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാജശ്രീയുടെ കുടുംബം നൽകിയ പരാതി രജിസ്റ്റർ ചെയ്ത പൊലീസ് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ പി രാമചന്ദ്രനെയും പ്രതിയാക്കി. ഭൂമി നഷ്ടമായതിലൂടെ സാമ്പത്തികമായി തകർന്ന കുടുംബത്തിന് യുകെയിൽ പഠിക്കാൻ എത്തിയ രണ്ടാമത്തെ മകളെ തിരിച്ചു വിളിക്കേണ്ടി വന്നു എന്ന പരാതിയും ഇപ്പോൾ ഉയരുകയാണ്.
രാജശ്രീയുടെ രണ്ടാമത്തെ മകൾ യുകെയിൽ നിയമ പഠനം നടത്താൻ വേണ്ടിയാണു എത്തിയത്. എന്നാൽ ആദ്യ വർഷം തന്നെ 19കാരിയായ പെൺകുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതു സിപിഎം ന്റെ സൂപ്പർ പൊലീസ് കളി മൂലം ആണെന്നാണ് ഇപ്പോൾ കുടുംബത്തിന്റെ പരാതി. കേസ് കോടതിയിൽ എത്താനിരിക്കെ വസ്തു വിറ്റു നൽകാൻ ഉള്ള സാവകാശം ലഭിക്കുമായിരുന്നു എങ്കിലും പാർട്ടി കോടതി കൂടി ബലമായി വസ്തു എഴുതി നൽകാൻ ആവശ്യപ്പെട്ടതോടെ ഒരു സാവകാശവും ലഭിക്കാതെ കുടുംബത്തിന് സ്വത്തു വകകൾ നഷ്ടമാക്കേണ്ടി വരുക ആയിരുന്നു.
ഈ സ്വത്തുക്കളിൽ രാജശ്രീയുടെ സഹോദരന്റെയും അഞ്ചു ദിവസം മാത്രം വിവാഹശേഷം വരനൊപ്പം കഴിയേണ്ടി വന്ന മകളുടെ ഭർതൃ ഗൃഹത്തിലെ വസ്തുക്കളും ഉൾപ്പെട്ടതാണ് എന്ന ഗുരുതര ആരോപണവും കുടുംബത്തിന്റേതായി ഉയരുകയാണ്. മലബാറിലെ പാർട്ടി ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ഇത്തരം പാർട്ടി കോടതികൾ കേരളം മുഴുവൻ വ്യാപിക്കുകയാണോ സിപിഎം എന്ന വിമർശമാണ് ഈ സംഭവത്തെ തുടർന്ന് ഉയരുന്നത്.
കേസിൽ നാലാം പ്രതിയായി മാറിയ സിപിഎം ഏരിയ സെക്രട്ടറി രാമചന്ദ്രൻ പറയുന്നത് ഇതൊക്കെ നാട്ടുനടപ്പായ കാര്യങ്ങൾ ആണെന്നാണ്. ഇതൊക്കെ നിത്യവും പാർട്ടി ഓഫിസുകളിൽ നടക്കുന്ന കാര്യങ്ങൾ ആണെന്നും സ്വാഭാവികമായ കാര്യങ്ങൾ ഇപ്പോൾ വളച്ചൊടിക്കപ്പെടുക ആണെന്നും ആണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണവും. പാർട്ടി പ്രവർത്തകരും നേതാക്കളും ഗുണ്ടകളെയും ജന്മിമാരെയും അനുസ്മരിപ്പിക്കുന്ന തരത്തിൽ എന്ന് മുതൽ പെരുമാറാൻ തുടങ്ങി എന്ന ചോദ്യവും മൂവാറ്റുപുഴ സംഭവത്തെ തുടർന്ന് സിപിഎം നേരിടുകയാണ്. യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്കായി എസ്എഫ്ഐ യുകെ എന്ന പേരിൽ സംഘടന പോലും ഉണ്ടാക്കാൻ തയ്യാറായ പാർട്ടിയാണ് ഇപ്പോൾ ഒരു വിദ്യാർത്ഥിനിക്ക് യുകെയിലെ പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ഒരുക്കിയത് എന്ന വൈരുദ്ധ്യാത്മികത വിളിച്ചു വരുത്തിയിരിക്കുന്നത്.
യുകെയിൽ എത്തിയപ്പോൾ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ എസ എഫ് ഐ യുകെ നേതാക്കളെ കാണുന്നതിനും സമയം കണ്ടെത്തിയിരുന്നു. എന്നാൽ ഓരോ സന്ദർഭത്തിലും അതാതു സമയത്തെ ലാഭനഷ്ട കണക്കിൽ കാര്യങ്ങൾ കാണുക എന്നതാണ് സിപിഎം നയമെന്നും യുകെയിൽ നിന്നും നിരാശയോടെ പഠനം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്ന പെൺകുട്ടിയുടെ അനുഭവം വെളിപ്പെടുത്തുന്നു. ലക്ഷക്കണക്കിന് രൂപ ഒന്നാം വർഷത്തെ പഠനത്തിന് മുടക്കിയ 19കാരിയായ പെൺകുട്ടിക്ക് യാതൊരു പ്രയോജനവും ഇല്ലാതെ ആ പണം നഷ്ടമായിരിക്കുകയാണ്. ഈ കുട്ടിയെ കൂടി സ്ഥാപനം നടത്തിയ കേസിൽ ഉൾപ്പെടുത്തിയതോടെയാണ് പഠനം ഉപേക്ഷിച്ചു യുകെയിൽ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് എന്നും കുടുംബം പറയുന്നു. മൂവാറ്റുപുഴ തൃക്കാരിയൂർ സ്വദേശികളാണ് ഈ കുടുംബം.
അതേസമയം ഭൂമി ഇടപാട് നടന്നശേഷം വൈര്യാഗ്യ ബുദ്ധിയോടെ രാജശ്രീയുടെ മകളുടെ വിവാഹശേഷം സ്ഥാപന അധികൃതർ പൊലീസ് കേസ് നൽകി അമ്മയെയും മൂത്ത മകളെയും അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പറയപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഇവർ അറസ്റ്റിലായ ശേഷമാണു മാധ്യമ വാർത്തകൾ ഉണ്ടാകുന്നതും ഇവരെക്കുറിച്ചു ലോകം അറിയുന്നതും. ജനുവരിയിൽ നടന്ന അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം ഇപ്പോൾ എന്തുകൊണ്ടാണ് സിപിഎം ഇടപെടൽ പുറത്തു വന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. കേസിനും അറസ്റ്റിനും ശേഷമാണോ സിപിഎം ഒത്തുതീർപ്പ് വിഷയത്തിൽ ഇടപെട്ടത് എന്നും ഇപ്പോൾ വ്യക്തമല്ല. പൊലീസ് കുടുംബത്തിന്റെ പരാതി രജിസ്റ്റർ ചെയ്തു കേസ് എടുത്തതോടെ കൂടുതൽ വക്തത ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ കേസിൽ ഒരു ഭാഗത്തു ഭരണകക്ഷിയായായ സിപിഎം ഉൾപ്പെട്ടതോടെ മുഴുവൻ കാര്യങ്ങളും പുറത്തു വരുന്ന കാര്യവും സംശയത്തിലാണ്. ഇപ്പോൾ പാർട്ടി സെക്രട്ടറി അടക്കം കമ്പനിക്കാരും ചേർത്ത് ആറുപേർക്ക് എതിരെയാണ് പൊലീസ് കേസ്. എന്നാൽകുടുംബം കൂടുതൽ സമ്മർദ്ദത്തിലാകാൻ ഉള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. നിയമവാഴ്ചയുള്ള ഒരു നാട്ടിൽ ഇത്തരം സംഭവങ്ങളിൽ അപരിഷ്കൃത സമൂഹത്തെ പോലും നാട്ടുകൂട്ടവും ഭീഷണിയും കൊലവിളിയും ഒക്കെ ഇന്നും നിലനിൽക്കുന്നു എന്നാണ് മൂവാറ്റുപുഴയിലെ സിപിഎം തെളിയിക്കുന്നത്. പാർട്ടി അറിഞ്ഞുള്ള തീരുമാനമാണോ ഏരിയ സെക്രട്ടറി സ്വന്തം താൽപര്യത്തെ തുടർന്ന് എടുത്ത തീരുമാനമാണോ ഇതെന്നും വരും ദിവസങ്ങളിൽ വ്യക്തമാകും.