തലശേരി: ന്യുമാഹിക്കടുത്തെ കുഞ്ഞിപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാറാണ് കത്തി നശിച്ചത്.

കാര്‍ ഉടമ മലപ്പുറം സ്വദേശി ഹാരിസും നാലംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മാഹി ബൈപ്പാസില്‍ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാര്‍ ദേശീയപാതയില്‍ എസ്‌കോര്‍ട്ടിനായ് നിര്‍ത്തിയിട്ട വടകര പൊലീസിന്റ ശ്രദ്ധയില്‍ പെടുകയും കാര്‍ പൊലീസ് കൈകാട്ടി നിര്‍ത്തിക്കുകയുണ്ടായി. ഇതിനിടെ കാറിന് ചുവടെതീ കാണുകയും കുടുംബം പുറത്ത് ഇറങ്ങിയ ഉടനെ കാര്‍ കത്തി നശിക്കുകയുമുണ്ടായി. ചോമ്പാല പൊലീസും തലശേരി അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തി തീ കെടുത്തി കാര്‍ പൂര്‍ണമായി കത്തി നശിച്ചു.