കണ്ണൂര്‍: ചാലാ - നടാല്‍ ബൈപ്പാസില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് തെറിച്ച് വീണ യാത്രക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സുധീഷിനെയാണ് (30) എടക്കാട് പൊലീസ് പിടികൂടിയത്.

കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പ്ലൈവുഡ് കയറ്റിപോകുകയായിരുന്നു ലോറി. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം. മമ്മാക്കുന്ന് ഒരികര ബാങ്കിന് സമീപം പാത്തുക്കാലന്‍ കണ്ടത്തില്‍ പി.കെ. ഷാഹിനയാണ്(46) മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറിന്റെ പുറകിലിരുന്ന് യാത്രചെയ്യവെയാണ് അപകടം.

കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ ഷാഹിനയുടെ ദേഹത്ത് ലോറികയറിയിറങ്ങുകയായിരുന്നു. ഭര്‍ത്താവ് അഷറഫ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ കാണാന്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം മുഴപ്പിലങ്ങാട് ബദര്‍ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ദേശീയപാത ബൈപ്പാസില്‍ വന്‍ കുഴികള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകട കെണിയൊരുക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് എടക്കാട് പൊലിസ് കേസെടുത്തത്.