കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ വളക്കൈയിലാണ് അപകടം. വളക്കൈ വിയറ്റ്‌നാം റോഡില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകള്‍ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നേദ്യ. അപകടത്തില്‍ ബസില്‍ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയില്‍പ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വാഹനത്തിന്റെ അമിത വേഗതയെന്നാണ് പ്രാഥമിക സൂചന. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


സ്‌കൂള്‍ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടന്‍ തന്നെ സ്ഥത്തെത്തി നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു. ബസിന് അടിയില്‍ കുടുങ്ങിയ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡില്‍ ബസ് നിന്നത്.




ഇന്ന് വൈകുന്നേരം നാലരയോടുകൂടിയായിരുന്നു അപകടമുണ്ടായത്. പാലത്തിന് സീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ തളിപ്പറമ്പ സഹകരണാശുപത്രിയിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.