പത്തനംതിട്ട: തിരുവല്ല -കുമ്പഴ റോഡില്‍ വാര്യാപുരം ചിറക്കാല ജങ്ഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ ആര്യാട് സൗത്ത് തൈപറമ്പില്‍ ഗോപാലന്റെ മകന്‍ ശ്രീജിത്ത് (29) ആണ് മരിച്ചത്. ഞായര്‍ രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു അപകടം.

ഒഴിവുള്ള ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന ശ്രീജിത്ത് പത്തനംതിട്ടയിലെ ഒരു വീട്ടില്‍ പൂജയ്ക്കെത്തിയതാണ്. മടങ്ങും വഴിയാണ് അപകടം. നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ടയറിനടിയില്‍പ്പെട്ടു പോയ ശ്രീജിത്തിനെ ബസ് മാറ്റിയാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്.

തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രീജിത്തിന്റെ ബൈക്ക് പമ്പയിലേക്ക് വന്ന് കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ശ്രീജിത്ത് മരിച്ചു. വ്യാഴാഴ്ച രാവിലെ കുടുംബവുമായി കൊടുങ്ങല്ലൂരിലെ ഭാര്യ വീട്ടില്‍ എത്തിയ ശ്രീജിത്ത് ശനിയാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ടയിലെത്തി അവിടെ താമസിച്ച് പൂജയ്ക്ക് ശേഷം രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമ്മ : മാലതി. ഭാര്യ : ഗംഗ. ഏക മകള്‍ രുദ്രാക്ഷിക(ഒന്നര). പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ആലപ്പുഴയിലെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.