- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി മാര്‍പ്പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് സഹായകരമാകും; ലളിത ജീവിതം നയിക്കുന്ന വൈദികന്റെ സ്ഥാനാരോഹണം സിറോ മലബാര്‍ സഭയ്ക്ക് ചരിത്ര നിയോഗമെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി മാര്‍പ്പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് സഹായകരമാകും
തൃശ്ശൂര്‍: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി സീറോ മലബാര്‍ സഭയ്ക്ക് ചരിത്ര നിയോഗമെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ലളിത ജീവിതം നയിക്കുന്ന വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് സഹായകരമാകും കൂവക്കാടിന്റെ കര്‍ദിനാള്‍ പദവിയെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
നയതന്ത്ര രംഗത്തുള്ള മാര്‍ കൂവക്കാടിന്റെ പ്രാഗത്ഭ്യം മാര്‍പാപ്പ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുര്‍ബാനയും മാര്‍പാപ്പയുടെ പ്രഖ്യാപനവും തൊപ്പി ധരിപ്പിക്കലും ആണ് ഇന്നത്തെ ചടങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഭാരതീയ പാരമ്പര്യം ഉള്‍പ്പെട്ട തൊപ്പിയാണ് അദ്ദേഹത്തിന് നല്‍കുക എന്നാണ് മനസ്സിലാക്കുന്നതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്ക് എന്ന അപൂര്‍വ നേട്ടമാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കൈവരിക്കുന്നത്. ചങ്ങനാശേരി അതിരൂപതാംഗം മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പടെ 21 കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണമാണ് ഇന്ന് വത്തിക്കാനില്‍ നടക്കുക. വത്തിക്കാന്‍ സമയം വൈകുന്നേരം നാലിനാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാവും സ്ഥാനാരോഹണം നടക്കുക.
സ്ഥനാരോഹണത്തില്‍ ആശംസകള്‍ അര്‍പ്പിക്കാനായി നിരവധി ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും വത്തിക്കാനിലേക്കും എത്തി ചേര്‍ന്നിരിക്കുന്നത്. സീറോമലബാര്‍ സഭയ്ക്ക് അത്യപൂര്‍വമായി മാത്രം ലഭിക്കുന്ന പദവിയാണിത്. മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും വത്തിക്കാനില്‍ ഉള്‍പ്പടെ മാതൃരൂപതയില്‍നിന്നും ജന്മനാട്ടില്‍നിന്നും നൂറു കണക്കിനു പേര്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും എംഎല്‍എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെ നിരവധിപേര്‍ ഈ സ്ഥാനാരോഹണ കര്‍മ്മത്തില്‍ പങ്കെടുക്കും. കണ്‍സിസ്റ്ററി തിരുക്കര്‍മങ്ങള്‍ക്കുശേഷം നവ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ വത്തിക്കാന്‍ സമയം 9.30ന് മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാര്‍പാപ്പയോടൊപ്പം നവ കര്‍ദിനാള്‍മാരും സീറോമലബാര്‍ സഭയില്‍നിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സ്ഥാനാരോഹണത്തില്‍ സഹകാര്‍മികരാകും.