- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജടായുപാറ ടൂറിസം പദ്ധതിയില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്ന് കേന്ദ്രസര്‍ക്കാരും; നിക്ഷേപ തട്ടിപ്പ് ആരോപണം അന്വേഷിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ജടായുപാറ ടൂറിസത്തില്‍ സിനിമ സംവിധായകന്‍ രാജീവ് അഞ്ചല്‍ നടത്തിയ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബൂണലിന് പുറമേ കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം.
സംസ്ഥാനത്തെ ടൂറിസം മേഖല ബിഒടി കരാര്‍ അടിസ്ഥാനത്തില്‍ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയിലേക്ക് പ്രവാസികള്‍ അടക്കമുള്ള നിക്ഷേപകരെ ഉള്‍പ്പെടുത്തി ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (JTPL) എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയിലെ വിവിധ നിക്ഷേപകര്‍ക്കിടയിലെ തര്‍ക്കമാണ് എന്‍സിഎല്‍ടിയിലെ ഹര്‍ജിക്ക് ആധാരം. ഇതിന് പുറമേയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനായി ഏപ്രില്‍ 12 ന് ഉത്തരവിറക്കിയത്.
2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 210(3) പ്രകാരം, കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ കെ എം എസ് നാരായണന്‍, ഇന്‍സ്പക്ടര്‍മാരായ ശബരി രാജ്, ഗോകുല്‍ നാഥ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണചുമതല. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
ജടായുപാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ്, ജടായുപാറ അഡ്വഞ്ചര്‍ ടൂറിസം പ്രവറ്റ് ലിമിറ്റഡ്, ജടായു സ്‌കള്‍പ്ചര്‍ ആന്‍ഡ് മ്യൂസിയം പ്രൈവറ്റ് ലിമിറ്റഡ്, ഗുരുചന്ദ്രിക സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, യുണീക് കേവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് എതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്.
ജടായുപാറ ടൂറിസം ലിമിറ്റഡ് കമ്പനിയിലെ ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിന് പുറമേ, നടത്തിപ്പില്‍ കെടുകാര്യസ്ഥതയുണ്ടെന്നും ആരോപണം ഉള്ളതായി ഉത്തരവില്‍ പറയുന്നു. കമ്പനി നിയമത്തിലെ വിവിധ ചട്ടങ്ങള്‍ ലംഘിച്ചതായ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് അന്വേഷണം.
നേരത്തെ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്( ജെ ടി പി എല്‍) ഓഹരി കൈമാറ്റവും, പണം സ്വീകരിക്കലും ഉള്‍പ്പടെ നാഷണല്‍ കമ്പനി ലോ ട്രിബ്യുണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ രാജീവ് അഞ്ചല്‍ സുപ്രീം കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ജടായു പാറയിലെ വിനോദ സഞ്ചാരം തടസപ്പെടുത്താന്‍ ആകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ആരോപണം ഇങ്ങനെ
കേരള ടൂറിസത്തിന്റെ ആദ്യത്തെ ബിഒടി പദ്ധതിയായ കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ ആസൂത്രകനും ശില്‍പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍ കോടികളുടെ സാമ്പത്തികതിരിമറി നടത്തിയെന്നാണ് പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മയായ ജൈഎഡബ്ല്യുഎ (ജടായുപാറ ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍) യുടെ ആരോപണം.
പദ്ധതിയിലെ നിക്ഷേപകരുടെ ആസ്തി മൂല്യമായ 239 കോടി രൂപയെ പറ്റി യാതൊന്നും പറയാതെ ഏകപക്ഷീയമായും നിയമവിരുദ്ധമായും ജടായു പദ്ധതിയില്‍ നിന്ന് നിക്ഷേപകരെ പുറത്താക്കി, പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്തെന്നും പ്രവാസി നിക്ഷേപകര്‍ ആരോപിച്ചിരുന്നു.
രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ബിഒടി പദ്ധതിയുടെ കരാര്‍ നല്‍കിയിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. പ്രവാസികള്‍ അടക്കമുള്ള നിക്ഷേപകര്‍ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎല്‍) എന്ന കമ്പനി രൂപീകരിച്ചായിരുന്നു രാജീവ് അഞ്ചലുമായി കരാര്‍ ഉണ്ടാക്കിയത്. ഏഴ് കോടി മാത്രം മതിയെന്ന് പറഞ്ഞ പദ്ധതിക്കായി ഇതിനകം 40 കോടിയോളം രൂപ ചെലവായെന്ന് ജെടിപിഎല്‍ ആരോപിച്ചിരുന്നു.
16 കോടിയോളം തിരിമറി നടത്തിയെന്ന് മനസിലായതോടെ നിക്ഷേപകര്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചു. പണം മുടക്കിയത് തങ്ങളാണെന്ന വസ്തുത മറന്ന്, ഇത് താനും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറാണെന്നാണ് രാജീവ് അഞ്ചല്‍ വാദിച്ചതെന്നും പ്രവാസി നിക്ഷേപകര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും, ടൂറിസം മന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കിയെങ്കിലും നടപടിയായില്ല. തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം.
ആരോപണങ്ങള്‍ നിഷേധിച്ച് രാജീവ് അഞ്ചല്‍
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും രാജീവ് അഞ്ചല്‍ മുമ്പ് പ്രതികരിച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തി എന്നത് ആരോപണം മാത്രമാണ്. ആരോപണവുമായെത്തിയ ജെടിപിഎല്‍ എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പും റവന്യു കളക്ഷനും ഉള്‍പ്പടെയുള്ള അവകാശം കൊടുത്തത്. അപ്പോഴും ആ കമ്പനിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ താനായിരുന്നു. എന്നാല്‍ വരുമാനം വന്നു തുടങ്ങിയപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ര്‍മാരില്‍ ചിലര്‍ക്ക് താന്‍ ഒരു തടസമായി. ബോര്‍ഡ് മീറ്റിങ് കൂടി തന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു.
കരാറിലെ വ്യവസ്ഥകളുടെ ലംഘനം കാണിച്ച് വക്കീല്‍ നോട്ടീസയച്ചിട്ടും പിന്‍വലിക്കാതിരുന്നതോടെയാണ് ജെടിപിഎല്‍ എന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ അനുവാദത്തോടെയായിരുന്നു ഇത്. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ താന്‍ സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച് കേസ് കൊടുത്തു. ഇത് ആരോപണം മാത്രമാണ്, 27 കോടി രൂപയാണ് ഈ കമ്പനിയിലെ നിക്ഷേപകര്‍ വഴി ലഭിച്ചത്. കോടതിയില്‍ നല്‍കിയ പരാതിയിലും ഈ തുക തന്നെയാണ് കാണിച്ചിരിക്കുന്നത്. 40 കോടി എന്നൊക്കെ വെറുതെ പറയുന്നതാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്.
അവരില്‍ നിന്ന് ലഭിച്ച 27 കോടി രൂപ പദ്ധതിയുടെ നിര്‍മ്മാണങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖകളും ഉണ്ട്. ജടായു പാറയിലെ വിവിധ പദ്ധതികള്‍ക്കായാകും തുക ഉപയോഗിക്കുകയെന്ന് നിക്ഷേപകര്‍ക്ക് നല്‍കിയ ഓഫര്‍ ലെറ്ററില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജടായു പാറ പദ്ധതിയില്‍ നിക്ഷേപകരുടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല, ഉണ്ടായത് പദ്ധതി നടത്തിപ്പിന്റെ പേരിലുണ്ടായ തര്‍ക്കം മാത്രമാണെന്ന് രാജീവ് അഞ്ചല്‍ വാദിക്കുന്നു.