അഹമ്മദാബാദ്: രാജ്യത്ത് ആശങ്കയായി ഗുരുതരമായ ചാന്ദിപുര വൈറസിന്റെ വ്യാപനം. ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 12ഓളം ജില്ലകളില്‍ നിലവില്‍ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ രോഗം വ്യാപന ഘട്ടത്തിലേക്ക് കടക്കുന്നു എന്ന ആശങ്കയാണ് എങ്ങും.

ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 29 പേരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 15 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍, പൂണെയിലെ വൈറോളജി ലാബില്‍ പരിശോധന നടത്തിയാല്‍ മാത്രമേ മരണങ്ങള്‍ക്ക് പിന്നില്‍ ചാന്ദിപുര വൈറസാണെന്ന് സ്ഥിരീകരിക്കാനാവു. ആരവല്ലി ജില്ലയില്‍ അഞ്ച് വയസുകാരിയുടെ മരണത്തിനിടയാക്കിയത് ചാന്ദിപുര വൈറസാണ് പൂണെയിലെ വൈറോളജി ലാബ് സ്ഥിരീകരിച്ചിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ ജില്ലകളില്‍ രോഗബാധ പടരുന്ന സാഹചര്യത്തിലാണിത്. അഹമ്മദാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളിലും രോഗം പടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഗരത്തിലെ സിവില്‍ ഹോസ്പിറ്റലില്‍ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച 29 പേരില്‍ 26 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. മധ്യപ്രദേശിലെ ഒരാള്‍ക്കും രാജസ്ഥാനില്‍ നിന്നുള്ള രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സബര്‍കാന്ത ജില്ലയില്‍ നിന്നുള്ള രണ്ടും ആരവല്ലിയില്‍ നിന്നുള്ള മൂന്നും മഹിസാഗര്‍, രാജ്കോട്ട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. ആകെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധയുണ്ടായത്. ചാന്ദിപുര വൈറസിനെക്കുറിച്ചു പഠിക്കാനും മുന്‍കരുതലെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ജില്ലകളില്‍ 51,275 പേരെ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്ന സാമ്പിളുകള്‍ ഉടന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാന്‍ പ്രാദേശിക, ജില്ലാ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.