തൃശ്ശൂര്‍ : ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലും ചെന്നിത്തല പ്രതികരിച്ചു. പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് എന്ന വാര്‍ത്തകളെ തള്ളിയ ചെന്നിത്തല, എന്റെ അറിവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താന്‍ പാടില്ല. ഉമ്മന്‍ ചാണ്ടിയുടെ മകനാണ് അദ്ദേഹം. വളര്‍ന്നു വരുന്ന നേതാവാണ്. അദ്ദേഹത്തോട് സംസാരിച്ചു. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്ടെ എംപി എംകെ രാഘവന്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പ്രശ്‌നം പരിപരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധിച്ച ശേഷം അക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇതിനെ രണ്ട് ജില്ലകള്‍ തമ്മിലുള്ള പ്രശ്‌നമായി വ്യാഖ്യാനിക്കേണ്ടതില്ല. എംകെ രാഘവനുമായി രാമനിലയത്തില്‍ സൗഹൃദ സംഭാഷണം നടത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി.