അടൂര്‍: പറക്കോട്ട് വ്യാപാര സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം മോഷ്ടിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കൊല്ലം ഇരവിപുരം വാളത്തിങ്കല്‍ ആക്കോലിച്ചേരി വയല്‍ തൊടിയില്‍ സജില്‍(29)നെയാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. ബാലരാമപുരം പോലീസ് മറ്റൊരു കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പറക്കോട് നടന്ന മോഷണത്തില്‍ സജിലിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പറക്കോട് എക്സൈസ് ഓഫീസിന് എതിര്‍വശത്തുള്ള കലാ സ്റ്റോഴ്സില്‍ നിന്നാണ് പണം മോഷണം പോയത്.

കടയ്ക്കുള്ളിലെ മേശക്കുള്ളില്‍ ഇരുന്ന പണമാണ് മോഷണം പോയത്. കടയുടെ പിറകു വശത്തുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കിയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെയാണ് സജിലാണ് പണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബാലരാമപുരത്ത് മറ്റൊരു സമാന മോഷണകേസില്‍ ഇയാള്‍ അറസ്റ്റിലായി. എസ്.എച്ച്.ഒ.ശ്യാം മുരളി,എസ്.ഐമാരായ എ.പി.അനീഷ് എസ്.ഐ.ബാലസുബ്രഹ്‌മണ്യം, എസ്.സി.പി.ഒ.റാഫി,സി.പി.ഒ. ശ്യാംകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.