തിരുവല്ല: യുവതിയെയും സുഹൃത്തിനെയും ഭയപ്പെടുത്തി മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗ് അപഹരിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ഇരവിപേരൂര്‍ വള്ളംകുളം ഈസ്റ്റ് നന്നൂര്‍ രാജി ഭവനില്‍ സുജിത് ചന്ദ്രന്‍ (40) ആണ് അറസ്റ്റിലായത്. തടിയൂര്‍ സ്വദേശിനിയുടെ ബാഗാണ് മോഷ്ടാവ് കവര്‍ന്നത്.

ശനിയാഴ്ച്ച രാത്രി എട്ടേകാലോടെ കറ്റോട് നിക്കോള്‍സണ്‍ സ്‌കൂളിന് മുന്നില്‍ മറ്റൊരു സുഹൃത്തിനെ കാത്ത് കാറില്‍ ഇരിക്കുമ്പോള്‍, അരികിലെത്തിയ പ്രതി കാറിന്റെ മുന്നിലെ ഇടതുവശത്തെ ഡോര്‍ വലിച്ചു തുറന്ന് യുവതിയുടെ മടിയില്‍ ഇരുന്ന ബാഗ് അപഹരിക്കുകയായിരുന്നു. യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്തിയശേഷമാണ് 35000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് രക്ഷപ്പെട്ടത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സമാന കുറ്റകൃത്യത്തില്‍പ്പെട്ട പ്രതികളുടെ ചിത്രങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ചിത്രങ്ങള്‍ യുവതിയെയും സുഹൃത്തിനെയും കാട്ടി ഒടുവില്‍ സുജിത്തിനെ തിരിച്ചറിയുകയായിരുന്നു. പിറ്റേന്ന് വീട്ടില്‍ നിന്നും ഇയാളെ പോലീസ് പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. മറ്റ് നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2022 ല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി.